ന്യൂഡൽഹി:സ്‌കോട്ടിഷ് ഫുട്‌ബോളിലെ ഇതിഹാസ ഫുട്‌ബോള്‍ താരമായ ഡെന്നിസ് ലോ (84) അന്തരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ എക്കാലത്തേയും മികച്ച താരവും ബാലണ്‍ദ്യോര്‍ ജേതാവുമായിരുന്ന ഡെന്നിസിന്‍റെ മരണവാര്‍ത്ത ക്ലബ് തന്നെയാണ് അറിയിച്ചത്. 2021 മുതല്‍ അൽഷിമേഴ്‌സ്, വാസ്കുലർ ഡിമെൻഷ്യ എന്നിവയുമായി താരം പോരാടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹഡേഴ്‌സ്‌ഫീൽഡ് ടൗണിലൂടെ തന്‍റെ കരിയർ ആരംഭിച്ച ഡെന്നിസ്, യുണൈറ്റഡിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 11 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച സ്കോട്ടിഷ് ഇതിഹാസം 1965ലും 1967ലും ലീഗ് കിരീടങ്ങളും 1968ൽ യൂറോപ്യൻ കപ്പും നേടി.
വെയ്ൻ റൂണി (253), സർ ബോബി ചാൾട്ടൺ (245) എന്നിവർക്ക് ശേഷം യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരമാണ് ഡെന്നിസ് ലോ. ക്ലബ്ബിനായി 404 മത്സരങ്ങളിൽ നിന്ന് 237 ഗോളുകൾ നേടിയിട്ടുണ്ട്. ചാൾട്ടണും ജോർജ്ജ് ബെസ്റ്റും ലോയും ചേര്‍ന്ന് എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോൾ കൂട്ടുക്കെട്ട് രൂപീകരിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ താരത്തെ സ്നേഹപൂർവ്വം 'ഹോളി ട്രിനിറ്റി' എന്ന് വിളിക്കുന്നു. ബാലണ്‍ദ്യോര്‍ , യൂറോപ്യൻ പ്ലെയർ ഓഫ് ദ ഇയർ അവാർഡുകൾ നേടിയ ഏക സ്കോട്ടിഷ് കളിക്കാരനാണ് ലോ. സ്‌ട്രെറ്റ്‌ഫോർഡ് എൻഡിലെ രാജാവ് ഡെന്നിസ് ലോയുടെ വേർപാടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ എല്ലാവരും ദു:ഖത്തിലാണെന്ന് യുണൈറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.
ക്ലബിന്‍റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അദ്ദേഹം എപ്പോഴും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്‍റെ കഴിവും സ്പിരിറ്റും കളിയോടുള്ള സ്നേഹവും ഒരു തലമുറയുടെ നായകനാക്കി. ഡെന്നിസിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം. അദ്ദേഹത്തിന്‍റെ ഓർമ്മ എന്നും നിലനിൽക്കുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞു.