ഹൈദരാബാദ്:പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനം വീണ്ടും രാജിവച്ച് ബാബര്‍ അസം. പാക് ടീമിന്‍റെ വൈറ്റ് ബോള്‍ നായക സ്ഥാനം രാജിവയ്‌ക്കുന്നതായി കഴിഞ്ഞ ദിവസം രാത്രി സോഷ്യല്‍ മീഡിയയിലൂടെയാണ് 29-കാരന്‍ അറിയിച്ചിരിക്കുന്നത്. തന്‍റെ കളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് രാജിയെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.
പാക് ടീമിനെ നയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എന്നാല്‍ അതു തന്‍റെ ജോലിഭാരം വര്‍ധിപ്പിച്ചു. തന്‍റെ പ്രകടനത്തിന് മുന്‍ഗണ നല്‍കാനും ബാറ്റിങ് ആസ്വദിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഇതോടൊപ്പം തനിക്ക് സന്തോഷം നല്‍കുന്ന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെടുന്നു. ആരാധകര്‍ നല്‍കിയ എല്ലാ പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നതായും എക്‌സില്‍ പോസ്റ്റില്‍ ചെയ്‌ത കുറിപ്പിലൂടെ ബാബര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2019-ലാണ് ആദ്യതവണ ബാബര്‍ പാക് ടീമിന്‍റെ നേതൃത്വത്തില്‍ എത്തുന്നത്. 2023-ല്‍ ഇന്ത്യയില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും ബാബര്‍ പടിയിറങ്ങി. ഏകദിന, ടി20 ക്യാപ്റ്റനായി ഷഹീന്‍ ഷാ അഫ്രീദി എത്തിയപ്പോള്‍ ഷാന്‍ മസൂദിനായിരുന്നു ടെസ്റ്റ് ടീമിന്‍റെ ചുമതല. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് പുതിയ അധ്യക്ഷന്‍ എത്തുകയും ഷഹീന് കീഴില്‍ ടീമിന് മികവ് പുലര്‍ത്താന്‍ കഴിയാതെ വരികയും ചെയ്‌തോടെ കഴിഞ്ഞ മാര്‍ച്ചില്‍ ബാബറിനെ തിരികെ എത്തിച്ചു.
പിന്നാലെ നടന്ന ടി20 ലോകകപ്പിന്‍റെ സെമിയിലേക്ക് പാകിസ്ഥാനെ എത്തിക്കാന്‍ ബാബറിന് കഴിഞ്ഞിരുന്നില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഭിന്നതയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാവുന്നതിനിടെയാണ് ബാബറിന്‍റെ നിലവിലെ രാജി പ്രഖ്യാപനം. അടുത്ത വര്‍ഷം സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് മുന്നോടിയായി ബാബറിനെ നായക സ്ഥാനത്ത് നിന്നും നീക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ALSO READ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കര്‍ വീണ്ടും കളിക്കളത്തിലേക്ക്; മാസ്റ്റേഴ്‌സ് ലീഗിൽ ബാറ്റേന്തും - Sachin Tendulkar
അതേസമയം ബാബറിന്‍റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് ട്രോള്‍മഴ തീര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണയാണ് ബാബര്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. ഒരു തവണ ഒഴിഞ്ഞ ക്യാപ്റ്റന്‍സി അയാള്‍ ഏറ്റെടുക്കരുതായിരുന്നുവെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബാബറിന്‍റെ രാജിപ്രഖ്യാപനം ഇന്ത്യ അടക്കമുള്ള മറ്റ് ടീമുകള്‍ക്ക് സങ്കടവാര്‍ത്തയാണെന്ന് പരിഹസിക്കുന്നവരുമുണ്ട്.