കറാച്ചി : ടി20 ലോകകപ്പിന് മുന്‍പായി ക്യാപ്‌റ്റൻ സ്ഥാനത്ത് വീണ്ടും അഴിച്ചുപണിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ഏകദിന, ടി20 ടീമുകളുടെ നായകനായ ഷഹീൻ അഫ്രീദിയെ പുറത്താക്കി മുൻ ക്യാപ്‌റ്റൻ ബാബര്‍ അസമിനെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് സെമി ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ വന്നതോടെയായിരുന്നു ബാബര്‍ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.
ബാബര്‍ സ്ഥാനമൊഴിഞ്ഞതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഷഹീൻ അഫ്രീദിയ്‌ക്കും ടെസ്റ്റില്‍ ഷാന്‍ മസൂദിനെയും പാകിസ്ഥാൻ നായകന്മാരായി ചുമതലപ്പെടുത്തി. എന്നാല്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പുതിയ നായകന് കീഴില്‍ മികവിലേക്ക് ഉയരാൻ പാകിസ്ഥാന് സാധിച്ചില്ല. അടുത്തിടെ അവസാനിച്ച ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഫ്രീദിയ്ക്ക് കീഴില്‍ ദയനീയ പ്രകടനമായിരുന്നു പാകിസ്ഥാൻ ടീം കാഴ്‌ചവച്ചത്.