സിഡ്‌നി :ടെന്നീസ് ഇതിഹാസവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്ത് (Novak Djokovic Knocked Out From Australian Open 2024). ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇറ്റാലിയന്‍ താരം യാനിക് സിനറാണ് (Jannik Sinner) ജോക്കോയെ കീഴടക്കിയത്. ലോക നാലാം നമ്പര്‍ താരമായ സിന്നര്‍ ഇത് ആദ്യമായാണ് ഒരു ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. സ്‌കോര്‍ : 1-6, 2-6, 7-6 (8-6), 3-6
തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ ജോക്കോവിച്ചിനെ മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ വിറപ്പിക്കാന്‍ 22കാരനായ സിനറിനായി. ആദ്യ രണ്ട് സെറ്റുകളും അനായാസമാണ് സിന്നര്‍ സ്വന്തമാക്കിയത്. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ 36കാരനായ ജോക്കോ തിരിച്ചടിച്ചു.
ട്രൈ ബ്രേക്കറിലേക്ക് മത്സരം നീണ്ടതിന് പിന്നാലെ 8-6 എന്ന സ്കോറിന് ജോക്കോ മൂന്നാം സെറ്റ് പിടിക്കുകയായിരുന്നു. ഇതോടെ, സെര്‍ബിയന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു ആരാധകരും പ്രതീക്ഷിച്ചത്. എന്നാല്‍, നാലാം സെറ്റില്‍ താരത്തിന് ഈ മികവ് ആവര്‍ത്തിക്കാനാകാതെ വന്നതോടെ സിനര്‍ കളി പിടിക്കുകയും ചെയ്‌തു (Novak Djokovic vs Janik Sinner AO Semi Final Match Result).