സെന്‍റ് ലൂസിയ: ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിന്‍റെ സൂപ്പര്‍ 8 മോഹങ്ങള്‍ തല്ലിക്കെടുത്തി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് സ്കോട്ടിഷ് പടയ്‌ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നത്. ഇതോടെ, ഗ്രൂപ്പില്‍ നിന്നും ഓസ്‌ട്രേലിയക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.
ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്ത് ശേഷിക്കെ ജയത്തിലേക്ക് എത്തുകയായിരുന്നു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ട്രാവിസ് ഹെഡ് (68), മാര്‍ക്കസ് സ്റ്റോയിനിസ് (59) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ്. നാലാം വിക്കറ്റില്‍ ഇരുവരുടെയും 80 റണ്‍സ് കൂട്ടുകെട്ടും ഓസീസ് ജയത്തില്‍ നിര്‍ണായകമായി.
ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ സ്കോട്‌ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ട് റണ്‍സ് നേടിയ ഓപ്പണര്‍ മൈക്കല്‍ ജോണ്‍സിനെ ആദ്യ ഓവറില്‍ തന്നെ സ്കോട്‌ലന്‍ഡിന് നഷ്‌ടമായി. എന്നിട്ടും പതറാതെ ബാറ്റേന്തിയ സ്കോട്ടിഷ് പടയ്‌ക്കായി രണ്ടാം വിക്കറ്റില്‍ ജോര്‍ജ് മന്‍സിയും മൂന്നാമന്‍ ബ്രാണ്ടന്‍ മക്‌മല്ലെനും ചേര്‍ന്ന് 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സ്കോര്‍ 92ല്‍ നില്‍ക്കെ 9-ാം ഓവര്‍ എറിയാനെത്തിയ ഗ്ലെൻ മാക്‌സ്‌വെല്‍ മൻസിയെ (23 പന്തില്‍ 35) മടക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തകര്‍ത്തടിച്ചുകൊണ്ടിരുന്ന മക്‌മല്ലെനെ 12-ാം ഓവറില്‍ അവര്‍ക്ക് നഷ്‌ടമായി. 34 പന്ത് നേരിട്ട താരം ആറ് സിക്‌സറുകളുടെയും രണ്ട് ഫോറിന്‍റെയും അകമ്പടിയില്‍ 60 റണ്‍സായിരുന്നു അടിച്ചെടുത്തത്.