സിഡ്‌നി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മത്സരക്രമം പുറത്ത് (Australia vs India Test schedule). ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia) തങ്ങളുടെ 2024-25 സീസണിലെ ഹോം സമ്മര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോഴാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി (Border-Gavaskar trophy) സീരീസിലെ മത്സരക്രമവും പുറത്തുവന്നത്. ഒരു പിങ്ക് ടെസ്‌റ്റ് ഉള്‍പ്പടെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
1991/92ന് ശേഷം ഇതാദ്യമായാണ് ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഭാഗമായി ഓസ്‌ട്രേലിയയും ഇന്ത്യയും അഞ്ച് മത്സരങ്ങളുടെ പരമ്പര കളിക്കുന്നത്. നവംബര്‍ 22-ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് പെര്‍ത്താണ് വേദിയാവുക. അഡ്‌ലെയ്‌ഡില്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാമത്തെ മത്സരമാണ് രാത്രിയും പകലുമായി നടക്കുക. ഡിസംബര്‍ ആറ് മുതല്‍ 10 വരെയാണ് രണ്ടാം ടെസ്റ്റ്. ഡിസംബര്‍ 14 മുതല്‍ 18 വരെ ബ്രിസ്ബെയ്നിലാണ് അടുത്ത മത്സരം.
നാലാം ടെസ്റ്റിന് ഡിസംബര്‍ 26 - മുതല്‍ 30 വരെ മെല്‍ബണാണ് വേദിയാവുക. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ സിഡ്‌നിയിലാണ് പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തേയും ടെസ്റ്റ്. തുടര്‍ച്ചയായി നാല് തവണ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൈവിട്ടതിന്‍റെ ക്ഷീണവുമായാണ് മറ്റൊരു പരമ്പരയ്‌ക്ക് ഇന്ത്യയ്‌ക്ക് (Indian Cricket Team) ആതിഥേയരാവാന്‍ ഓസീസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ ആതിഥേയരായ പരമ്പരയില്‍ 2-1നായിരുന്നു ഓസീസ് തോല്‍വി വഴങ്ങിയത്.