ട്രിച്ചി (തമിഴ്‌നാട്):വർഷം 2006, ഏഷ്യയിലെ പ്രമുഖ കായിക വേദിയിൽ നടന്ന ലിംഗ പരിശോധനയിൽ തോറ്റ് തമിഴ്‌നാട് കായികതാരം ശാന്തിയുടെ മെഡൽ നീക്കം ചെയ്യപ്പെട്ടു. 800 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയ ആ സന്തോഷം ശാന്തിയിൽ അധികനേരം നീണ്ടുനിന്നില്ല.
2024ലെ ഓളിബിക്‌സിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന്‍റെ പേരിൽ രാജ്യം മുഴുവൻ ദുഃഖിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം 18 വർഷം മുമ്പും നടന്നിരുന്നു. എന്നാൽ ശാന്തിയെ അയോഗ്യയാക്കുന്നതിന് മുമ്പ് തമിഴ്‌നാട് സർക്കാർ അവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി കരുണാനിധിയെ കാണാൻ ചീഫ് സെക്രട്ടേറിയറ്റിലേക്ക് വരികയായിരുന്നു ശാന്തി. അവരെ അയോഗ്യയാക്കിയ വിവരം ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. മെഡൽ ഇല്ലാത്ത ഒരാൾക്ക് സമ്മാനത്തുക നൽകണോ? എന്ന ചോദ്യം അവിടെ ഉയർന്നു. എന്നാൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി "ഓടിയത് കാലുകളാണ്" എന്ന് കരുണാനിധി പറഞ്ഞു. ശാന്തിയെ നേരിട്ട് വിളിച്ച് അദ്ദേഹം ഉപഹാരം നൽകി.
അതിന് ശേഷം 18 വർഷങ്ങൾക്കിപ്പുറം ചരിത്രത്തിൽ ഇത്തരമൊരു സംഭവം വീണ്ടും അരങ്ങേറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അൽജീരിയൻ ബോക്‌സർ ഇമാനെ ഖലീഫിനെ പിന്തുണച്ച് തൂത്തുക്കുടി എംപി കനിമൊഴി രംഗത്തെത്തി. തലയുയർത്തി നിൽക്കുന്ന സ്‌ത്രീകളുടെ സ്‌ത്രൈണത എപ്പോഴും ചോദ്യം ചെയ്യപ്പെടും. ഞങ്ങളുടെ കായികതാരം ശാന്തിക്കും ഇമാനെ ഖലീഫിനും അതാണ് നേരിടേണ്ടി വന്നത്. നിങ്ങളുടെ കരുത്തും നിശ്ചയദാർഢ്യവും ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നുവെന്ന് കനിമൊഴി ഇൻസ്‌റ്റാഗ്രാമിൽ കുറിച്ചു.
ഇതിന് പിന്നാലെ ഇടിവി ഭാരത് ഏഷ്യൻ അത്‌ലറ്റ് ശാന്തി സൗന്ദരാജനെ ബന്ധപ്പെടുകയും അവർക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്‌തു.
"2006ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ ഞാൻ വെള്ളി മെഡൽ നേടി. അതായിരുന്നു എന്‍റെ അവസാന മത്സരം. ലിംഗ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലോക കായിക വേദിയിലെ തെറ്റായ നടപടികളുടെ ഉദാഹരണമാണ്. ഇത്തരം മെഡിക്കൽ പരിശോധനകൾ സ്ത്രീകൾക്കെതിരായ ആക്രമണമായാണ് ഞാൻ കാണുന്നത്" - ശാന്തി സൗന്ദരാജൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇതുപോലുള്ള കാര്യങ്ങൾ തുടർന്നാൽ, ഭാവിയിൽ നിരവധി സ്‌ത്രീകൾ കായികരംഗത്തേക്ക് വരുന്നത് കുറയുമെന്ന് ശാന്തി വ്യക്തമാക്കി. മാത്രമല്ല ലിംഗ വിവാദം സ്‌ത്രീകളെ എങ്ങനെ ബാധിക്കുമെന്ന് ആരും ചിന്തിക്കാറില്ലെന്നും അവർ പറഞ്ഞു. അതേസമയം പുരുഷന്മാർക്ക് അത്തരം ഒരു പരിശോധനയും നടക്കുന്നില്ലെന്നും ശാന്തി കൂട്ടിച്ചേർത്തു. ഈ ലോകത്ത് ജനിക്കുന്ന എല്ലാ മനുഷ്യരെയും നമ്മൾ തുല്യരായി കാണണം. എല്ലാ സർക്കാരുകളും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും പുരുഷന്മാരെയും സ്‌ത്രീകളെയും തുല്യമായി കാണണം എന്നും ശാന്തി സൂചിപ്പിച്ചു.