ക്രിക്കറ്റിന്‍റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിച്ച വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിന് ആശംസയറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. അശ്വിനുമായി ഏറെ അടുപ്പമുള്ള താരമാണ് സഞ്ജു. രാജസ്ഥാനില്‍ സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അശ്വിന്‍ കളിച്ചിരുന്നു.
വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിട്ടു. 'ആശ് അണ്ണാ, എല്ലാത്തിനും നന്ദി, ഓണ്‍ ഫീല്‍ഡിലും പുറത്തും താങ്കള്‍ ഒരുപാട് നല്ല ഓര്‍മകള്‍ തന്നു' സഞ്ജുവുമായി തനിക്ക് സഹോദരതുല്യമായ ബന്ധമാണ് ഗ്രൗണ്ടിന് പുറത്തുള്ളതെന്ന് അടുത്തിടെ അശ്വിന്‍ വ്യക്തമാക്കിയിരുന്നു. മലയാളി താരത്തെ കുറിച്ച് പലപ്പോഴും വാ തോരാതെ സംസാരിച്ചിട്ടുള്ള വ്യക്തികൂടിയാണ് അശ്വിന്‍.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷമാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2010 ജൂണില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ച അശ്വിന്‍ നിരവധി പ്രകടനങ്ങളിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 106 ടെസ്റ്റുകളില്‍ നിന്നും 537 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. ആറ് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 3503 റണ്‍സും താരം കരസ്ഥമാക്കി.