വനിതാ ക്രിക്കറ്റിലെ മലയാളി താരോദയം വിജെ ജോഷിത ഐസിസി അണ്ടര്‍ 19 വനിത ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി. വയനാട് സ്വദേശിയായ ജോഷിത ബംഗ്ലാദേശിനെ തോൽപിച്ച് പ്രഥമ അണ്ടര്‍ 19 ഏഷ്യാ കപ്പിൽ കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. കേരള അണ്ടർ 19 ടീം ക്യാപ്റ്റനായ താരം കേരളത്തിന്‍റെ അണ്ടർ 23 സീനിയർ ടീം അംഗവുമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2025 ജനുവരിയിൽ മലേഷ്യയിൽ വച്ചാണ് 20 ലോകകപ്പ് നടക്കുന്നത്. മിന്നു മണിക്കും സജന സജീവനും സിഎംസി നജ്‌ലയ്ക്കും പിന്നാലെ വയനാട്ടില്‍ നിന്നുള്ള പുത്തൻ താരോദയം കൂടിയാണ് ജോഷിത. സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനി കൂടിയായ താരം ഏഷ്യാ കപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് ലോകകപ്പ് ടീമിലേക്ക് അവസരമൊരുങ്ങിയത്.
ബംഗ്ലാദേശിനെതിരായ ഫൈനല്‍ മത്സരത്തില്‍ താരം വിക്കറ്റും വീഴ്‌ത്തിയിരുന്നു. വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗിലെ ബംഗളൂരു റോയൽ ചലഞ്ചേഴ്‌സ് ടീം അംഗം കൂടിയാണ് ജോഷിത. കഴിഞ്ഞ സീസണില്‍ ഡൽഹി ക്യാപിറ്റൽസിന്‍റെ നെറ്റ് ബൗളറായും തിളങ്ങിയിരുന്നു
അണ്ടര്‍ 19 വനിത ടി 20 ലോകകപ്പില്‍ ജനുവരി 19ന് വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ മലേഷ്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടംപിടിച്ചത്. ഗ്രൂപ്പ് മത്സരത്തിൽ ജനുവരി 21ന് മലേഷ്യയുമായും 23ന് ശ്രീലങ്കയുമായും ഇന്ത്യ ഏറ്റുമുട്ടും. ടൂർണമെന്‍റിന്‍റെ ഫൈനൽ ഫെബ്രുവരി 2 ന് നടക്കും.
അണ്ടര്‍ 19 ട്വന്‍റി20 ഇന്ത്യൻ ടീം –നിക്കി പ്രസാദ് (ക്യാപ്റ്റന്‍), സനിക ചക്ലെ, ജി. ത്രിഷ, ജി. കമാലിനി (വൈസ് ക്യാപ്റ്റന്‍), ഭാവിക അഹിരെ, ഈശ്വരി അവസരെ, വി.ജെ ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിതാ കിഷോര്‍, എം.ടി. ശബ്നം, എസ്. വൈഷ്ണവി.
Also Read:അണ്ടർ 19 വനിതാ ടി20 ലോകകപ്പ്; ഇന്ത്യന്‍ ടീമിനെ നിക്കി പ്രസാദ് നയിക്കും, സ്‌ക്വാഡ് പ്രഖ്യാപിച്ചു - INDIAN U19 CRICKET TEAM