മുംബൈ:ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനും (Ben Stokes) പരിശീലകന്‍ ബ്രണ്ടൻ മക്കല്ലത്തിനും (Brendon McCullum ) കീഴില്‍ ഇംഗ്ലണ്ട് അവലംബിച്ച ആക്രമണോത്സുക സമീപനമാണ് ബാസ്ബോള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത്. ബാസ്‌ബോള്‍ (Bazball) യുഗത്തില്‍ ഒരൊറ്റ പരമ്പര പോലും നഷ്‌ടപ്പെട്ടിട്ടില്ലെന്ന വമ്പന്‍ റെക്കോഡുമായി ആയിരുന്നു ബെന്‍ സ്റ്റോക്‌സും സംഘവും ഇന്ത്യയില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്‌ക്ക് എത്തിയത്.
എന്നാല്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇംഗ്ളീഷ് ടീം പരമ്പര കൈവിട്ടു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് വിജയിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്ന് കളിച്ച മൂന്ന് ടെസ്റ്റുകളും പിടിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കുമായിരുന്നു ആതിഥേയര്‍ കളി പിടിച്ചത്. പരമ്പരയില്‍ ബാക്കിയുള്ള ഒരു മത്സരം മാര്‍ച്ച് ഏഴിനാണ് ആരംഭിക്കുക.
ഇപ്പോളിതാ ഇന്ത്യയിൽ ബാസ്‌ബോള്‍ കളിക്കുന്നതിനെക്കുറിച്ച് ഇംഗ്ലണ്ട് ഒന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ (Anil Kumble). സ്വന്തം മണ്ണില്‍ ഇന്ത്യയെ തോൽപ്പിക്കുന്നത് ഒരിക്കലും എളുപ്പമല്ലെന്നും അനില്‍ കുംബ്ലെ പറഞ്ഞു.
"ഇംഗ്ലണ്ട് ഇവിടെ എത്തിയപ്പോഴുള്ള വെല്ലുവിളികള്‍ വ്യക്തമാണ്. ബാസ്‌ബോളോ അല്ലെങ്കില്‍ എന്തു ബോളോ ആയിക്കോട്ടെ, ഇന്ത്യയിൽ കളിക്കുന്നതും ഇവിടെ ഇന്ത്യയെ തോൽപ്പിക്കുന്നതും ഒരിക്കലും എളുപ്പമായിരിക്കില്ല. അടുത്ത കാലത്തൊന്നും തന്നെ സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു പരമ്പര തോറ്റിട്ടില്ല.