കൊല്‍ക്കത്ത :ഐപിഎല്‍ പതിനേഴാം പതിപ്പിലെ (IPL 2024) ആദ്യ മത്സരത്തില്‍ തന്നെ ബാറ്റുകൊണ്ട് തകര്‍പ്പൻ പ്രകടനം കാഴ്‌ച വച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ (Kolkata Knight Riders) വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ (Andre Russel). സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (SunRisers Hyderabad) കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായക പ്രകടനമായിരുന്നു റസല്‍ ഇന്നലെ കാഴ്‌ചവച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്കായി എട്ടാം നമ്പറില്‍ ക്രീസിലേക്ക് എത്തിയ റസല്‍ 25 പന്തില്‍ പുറത്താകാതെ 64 റണ്‍സ് അടിച്ചുകൂട്ടി.
മൂന്ന് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു റസലിന്‍റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ, ഐപിഎല്ലില്‍ അതിവേഗം 200 സിക്‌സറുകള്‍ നേടുന്ന താരമായും ആന്ദ്രേ റസല്‍ മാറി. വിന്‍ഡീസ് സ്റ്റാര്‍ ബാറ്റര്‍ ക്രിസ് ഗെയിലിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറ്റൊരു കരീബിയൻ താരമായ 36കാരൻ മറികടന്നത്.
ഐപിഎല്‍ കരിയറില്‍ നേരിട്ട 1322-ാം പന്തിലാണ് റസല്‍ 200-ാം സിക്‌സ് പൂര്‍ത്തിയാക്കിയത്. റെക്കോഡിന് ഉടമയായിരുന്ന ക്രിസ് ഗെയിലാകട്ടെ 200 സിക്‌സറുകള്‍ നേടാനായി നേരിട്ടത് 1811 പന്തുകള്‍. കീറോണ്‍ പൊള്ളാര്‍ഡ് (2055), എബി ഡിവില്ലിയേഴ്‌സ് (2790), എംഎസ് ധോണി (3126), രോഹിത് ശര്‍മ (3798) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.