എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഇരട്ടി മധുരവുമായി മലപ്പുറത്തെ കെഎസ് അമൽ ചിത്ര. പിറന്നാള്‍ ദിനത്തില്‍ മത്സരിച്ച പോള്‍വോള്‍ട്ടില്‍ സ്വര്‍ണ മെഡലിലേക്ക് കുതിച്ച് പതിനഞ്ചുകാരി. ഇന്ന് (നവംബര്‍ 8) നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണ് അമല്‍ ചിത്ര സ്വര്‍ണം നേടിയത്.
സംസ്ഥാന കായിക മേളയിലെ തന്‍റെ വ്യക്തിഗത മത്സരവും പിറന്നാൾ ദിവസവും യാദൃശ്ചികമായി ഒത്തുവന്നതിന്‍റെ ആവേശത്തിലായിരുന്നു അമൽ. പിറന്നാൾ മധുരവുമായി കളത്തിലിറങ്ങിയ ഈ കൊച്ചു മിടുക്കി സ്വർണം നേടിയാണ് തിരിച്ചു കയറിയത്. സ്വർണ തിളക്കത്തോടെ മത്സരം പൂർത്തിയാക്കിയ അമൽ ചിത്രയെ പിറന്നാൾ കേക്കുമായി കാത്തുനിന്ന പരിശീലകനും അച്ഛനും സ്വീകരിച്ചത് മൈതാനത്ത് നിന്നുള്ള വേറിട്ട കാഴ്‌ചയായി. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വച്ച് അമൽ കേക്ക് മുറിക്കുമ്പോൾ, മൈതാനത്തിന് പുറത്ത് നിന്ന് കൂട്ടുകാരും അധ്യാപകരും ചേർന്ന് ഹാപ്പി ബർത്ത്ഡേ പാടി സന്തോഷത്തിൽ പങ്കാളിയായി.
അച്ഛൻ നൽകിയ കേക്ക് നുണഞ്ഞും പ്രിയപ്പെട്ടവർക്കെല്ലാം കേക്ക് നൽകിയും കായിക മേള വേദിയിലെ ജന്മദിനാഘോഷവും അമൽ കളറാക്കി. 2.90 മീറ്റർ ഉയരം കീഴടക്കിയാണ് മലപ്പുറം ഐഡിയൽ ഇഎച്ച്‌എസ്‌എസ് കടകാശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥിയായ അമൽ സുവർണ നേട്ടത്തിനർഹയായത്. തൃശൂർ താണിക്കുടം സ്വദേശിയായ കെപി സുധീഷിന്‍റെയും വിജിതയുടെയും മകളാണ് അമൽ ചിത്ര.