ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ യോർക്കർ സ്പെഷ്യലിസ്റ്റ് ജസ്പ്രീത് ബുംറയെ പ്രശംസിച്ച് യുവ പേസർ ആകാശ് ദീപ്. ബുംറയിൽ നിന്ന് നിരവധി ടിപ്പുകൾ പഠിച്ചതായി താരം വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആകാശ് ദീപ്. മത്സരത്തിനിടെ താൻ പലപ്പോഴും ബുംറയോട് സംസാരിക്കാറുണ്ടെന്നും അദ്ദേഹത്തിന്‍റെ ബൗളിങ് നിരീക്ഷിക്കാറുമുണ്ട്. ബൗൾ ചെയ്യുമ്പോൾ ബാറ്റർമാരുടെ മൈൻഡ് സൈറ്റ് എങ്ങനെ തിരിച്ചറിയാമെന്ന് ബുംറയിൽ നിന്നാണ് താൻ പഠിച്ചതെന്നും താരം പരാമർശിച്ചു.
മറ്റു ബൗളർമാരിൽ നിന്നും വ്യത്യസ്തനാണ് ബുംറ. ദൈവം അവനെ വ്യത്യസ്തനാക്കി. ബൗൾ ചെയ്യുമ്പോൾ ഒരു ബാറ്ററുടെ മാനസികാവസ്ഥ എങ്ങനെ അറിയാമെന്ന് ഞാൻ ബുംറയോട് ചോദിച്ചു. തുടർന്ന് ബുംറ തന്‍റെ വിലപ്പെട്ട ഉപദേശങ്ങളും നുറുങ്ങുകളും നൽകി. അദ്ദേഹത്തെ പിന്തുടരുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് താരം പറഞ്ഞു.
നട്ടെല്ലിന് പരിക്കേറ്റ് കുറച്ച് വർഷങ്ങളായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ബുംറ 2023 ഓഗസ്റ്റിലാണ് വീണ്ടും അരങ്ങേറ്റം കുറിച്ചത് . 2023ൽ നടന്ന ഏകദിന ലോകകപ്പിൽ ടീം ഇന്ത്യക്കായി 20 വിക്കറ്റ് വീഴ്ത്തി.ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത നാലാമത്തെ താരമായി. 2024 ഫെബ്രുവരിയിൽ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ താരം ഒന്നാം റാങ്കിലെത്തി.
ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ വിജയത്തിൽ ബുംറ നിർണായക പങ്ക് വഹിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തി. പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് അവാർഡ് താരത്തിന് ലഭിച്ചു. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ബുംറ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സുകളിലായി അഞ്ച് വിക്കറ്റ് വീഴ്ത്തി. എല്ലാ അന്താരാഷ്ട്ര ഫോർമാറ്റുകളിലും 400 വിക്കറ്റ് നേടുന്ന ആറാമത്തെ പേസറായി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ യുവ പേസർ അർഷദീപ് രണ്ട് ഇന്നിംഗ്‌സുകളിലായി രണ്ട് വിക്കറ്റ് വീഴ്ത്തി.
Also Read:വനിതാ ടി20 ലോകകപ്പ് ആവേശമായി തീം സോങ് പുറത്തിറക്കി - Womens T20 World Cup