മുംബൈ: സഞ്ജു സാംസണെ ഒഴിവാക്കി ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചതില്‍ ബിസിസിഐയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. അവസാനം കളിച്ച രാജ്യാന്തര ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ നിന്നും താരത്തെ മാറ്റി നിര്‍ത്തിയതിനെതിരെ മുൻ താരങ്ങള്‍ ഉള്‍പ്പടെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.
ഈ സാഹചര്യത്തില്‍ സഞ്ജുവിനെ എന്തുകൊണ്ടാണ് ഏകദിന പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയര്‍മാൻ അജിത് അഗാര്‍ക്കര്‍. ശ്രീലങ്കൻ പര്യടനത്തിന് പുറപ്പെടുന്നതിന് മുന്‍പ് മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ അഗാര്‍ക്കറുടെ പ്രതികരണം.
കാര്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിരുന്നത് റിഷഭ് പന്താണ്. വിദേശത്ത് ടെസ്‌റ്റ് മത്സരങ്ങളില്‍ അടക്കം ഇന്ത്യയുടെ ജയങ്ങളില്‍ നിര്‍ണായക പ്രകടനങ്ങള്‍ പന്ത് നടത്തിയിട്ടുണ്ട്. പരിക്കില്‍ നിന്നും മുക്തനായ പന്ത് ഇപ്പോള്‍ ഇന്ത്യയ്‌ക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.
ഓസ്‌ട്രേലിയക്കെതിരെ അടക്കം നിര്‍ണായക പരമ്പരകളാണ് ഇന്ത്യയ്‌ക്ക് മുന്നിലേക്ക് വരാനുള്ളത്. ഈ സാഹചര്യത്തില്‍ തിരിച്ചുവരവിന്‍റെ അടുത്തഘട്ടം എന്ന നിലയിലാണ് പന്തിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയത്. പന്തിനെ സ്‌ക്വാഡിലേക്ക് പരിഗണിച്ചപ്പോള്‍ സഞ്ജു ഉള്‍പ്പടെ പ്രധാനികളായ ചില താരങ്ങള്‍ക്ക് തങ്ങളുടെ സ്ഥാനം നഷ്‌ടമായി.