മുംബൈ :ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായി ആര് ക്രീസിലേക്ക് എത്തുമെന്ന ചര്‍ച്ചകളിലാണ് ക്രിക്കറ്റ് ആരാധകര്‍. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് ഇന്ത്യയുടെ 15 അംഗ ടി20 ലോകകപ്പ് സ്ക്വാഡിലെ പ്രധാന ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ക്രീസിലേക്ക് എത്തുന്ന വിരാട് കോലിയുടെ പേരും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
രോഹിത് ശര്‍മ - യശസ്വി ജയ്‌സ്വാള്‍ സഖ്യം തന്നെയാകും ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായമാണ് ഇന്ത്യയുടെ മുൻ താരം അജയ് ജഡേജയ്‌ക്കുള്ളത്. ലോകകപ്പില്‍ വിരാട് കോലിയെ ഓപ്പണറാക്കണമെന്നാണ് ജഡേജയുടെ വാദം.
കോലിയെ ഓപ്പണറാക്കുമ്പോള്‍ രോഹിത് ശര്‍മ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാൻ എത്തണമെന്നും അജയ് ജഡേജ പറയുന്നു. ജിയോ സിനിമയിലൂടെയായിരുന്നു ഇക്കാര്യത്തില്‍ അജയ് ജഡേജയുടെ പ്രതികരണം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...
'ടി20 ലോകകപ്പില്‍ വിരാട് കോലി ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം എന്നാണ് എന്‍റെ അഭിപ്രായം. അങ്ങനെയാണെങ്കില്‍ ആരാകണം താഴേക്ക് ഇറങ്ങി കളിക്കേണ്ടത്? ക്യാപ്‌റ്റൻ രോഹിത് ശര്‍മ ആയിരിക്കണം മൂന്നാം നമ്പറില്‍ എത്തേണ്ടത്. അങ്ങനെയാണെങ്കില്‍ രോഹിതിന് മത്സരത്തിന്‍റെ ഗതിയെ പെട്ടെന്ന് മനസിലാക്കാൻ സാധിക്കും.
ക്യാപ്‌റ്റൻ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ രോഹിത് ചിന്തിച്ച് കൂട്ടുന്നുണ്ടാകും. വിരാട് കോലി നിങ്ങള്‍ക്കൊപ്പമാണ് ഉള്ളതെങ്കില്‍ സ്ഥിരതയാണ് ലഭിക്കുന്നത് എന്ന കാര്യം നിങ്ങള്‍ക്കറിയാം. അതുകൊണ്ട് അദ്ദേഹത്തിന്‍റെ സാന്നിധ്യം പരമാവധി പ്രയോജനപ്പെടുത്തണം. ടോപ് ഓര്‍ഡറില്‍ അവൻ മികച്ചതാണ്, പവര്‍പ്ലേ തന്നെ സ്ഥിരപ്പെടുത്താൻ കോലിയെ സഹായിക്കുകയും ചെയ്യും'- അജയ് ജഡേജ അഭിപ്രായപ്പെട്ടു.
Also Read :ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആര് ? ; സഞ്ജുവിന്‍റെയും പന്തിന്‍റെയും സാധ്യതകളെ കുറിച്ച് ടോം മൂഡി - Tom Moody On Sanju And Pant
ടി20 ലോകകപ്പ് ഇന്ത്യന്‍ സ്ക്വാഡ് :രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.