ഇസ്ലാമാബാദ്:പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ കടുത്ത വിമര്‍ശകനായി മാറിയിരിക്കുകയാണ് മുന്‍ ബാറ്റര്‍ അഹമ്മദ് ഷെഹ്‌സാദ്. ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ മോശം പ്രകടനത്തിന് പിന്നാലെയാണ് അഹമ്മദ് ഷെഹ്‌സാദ് ബാബറിനെതിരായ വിമര്‍ശനം കടുപ്പിച്ചിരിക്കുന്നത്. ബാബര്‍ 'ഫേക്ക് കിങ്' ആണെന്നാണ് ഇപ്പോള്‍ മുന്‍ താരം പറയുന്നത്.
ടി20 ക്രിക്കറ്റില്‍ തന്‍റെ സ്‌റ്റാറ്റ്‌സിനേക്കാള്‍ മോശമാണ് ബാബറിന്‍റേത്. പാകിസ്ഥാന്‍ ടീമില്‍ തന്‍റെ സുഹൃത്തുക്കളുടെ കരിയര്‍ സംരക്ഷിക്കാന്‍ യുവതാരങ്ങളെ വളരാൻ ബാബര്‍ അനുവദിക്കുന്നില്ലെന്നും ഷെഹ്സാദ് കുറ്റപ്പെടുത്തി. ഒരു പാകിസ്ഥാന്‍ ചാനലിലെ ടോക് ഷോയില്‍ സംസാരിക്കവെയാണ് ഷെഹ്സാദിന്‍റെ പ്രതികരണം.
"ബാബറിന്‍റെ സ്‌റ്റാറ്റ്‌സ് നോക്കുമ്പോള്‍ അതിനേക്കാള്‍ നന്നായി എനിക്ക് ചെയ്യാൻ കഴിയുമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. കാരണം എന്‍റേതിനേക്കാള്‍ മോശമാണത്. ടി20 ലോകകപ്പിൽ പവർപ്ലേകളിൽ 205 പന്തുകൾ നേരിട്ടു, പക്ഷേ ഒരൊറ്റ സിക്‌സർ അടിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
കൂടാതെ ആഭ്യന്തര ക്രിക്കറ്റിന്‍റെ ഘടനയെ മുഴുവൻ നശിപ്പിച്ചു. ടീമില്‍ സുഹൃത്തുക്കളുടെ സ്ഥാനം നിലനിര്‍ത്താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നവരെ ബലിയാടാക്കുകയാണ് ചെയ്യുന്നത്"- അഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ നിന്നും 517 റൺസാണ് ബാബര്‍ നേടിയിട്ടുള്ളത്. 112 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് പാക് നായകനുള്ളത്. ഷെഹ്‌സാദാവട്ടെ 9 കളികളിൽ നിന്ന് 126 സ്‌ട്രൈക്ക് റേറ്റിൽ 250 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.
അതേസമയം നിലവില്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പില്‍ ബാബറിന് കീഴില്‍ കളിക്കുന്ന പാകിസ്ഥാന്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്‍റ് ഓപ്പണറില്‍ അമേരിക്കയായിരുന്നു പാകിസ്ഥാനെ കീഴടക്കിയത്. സൂപ്പര്‍ ഓവറിലായിരുന്നു അതിഥേയര്‍ കൂടിയായ അമേരിക്ക കളി പിടിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയോടായിരുന്നു പാകിസ്ഥാന്‍റെ കീഴടങ്ങല്‍.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയെ 119 റണ്‍സില്‍ ഓള്‍ഔട്ടാക്കിയെങ്കിലും പാക് ടീമിന്‍റെ മറുപടി നിശ്ചിത 20 ഓവറില്‍ 113-7 എന്ന സ്കോറിലൊതുങ്ങി. മൂന്നാം മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കാന്‍ കഴിഞ്ഞതാണ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍റെ ഇതുവരെയുള്ള ആശ്വാസം. കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നും 90 റണ്‍സ് നേടിയ ബാബറിന്‍റെ സ്ട്രൈക്ക് റേറ്റ് 104.65 മാത്രമാണ്.
ALSO READ: 'കോലി കളിക്കേണ്ടത് ഓപ്പണറായല്ല'; രോഹിതിനൊപ്പം എത്തേണ്ടത് മറ്റൊരു താരമെന്ന് മുഹമ്മദ് കൈഫ് - Mohammed Kaif On Virat Kohli
അതേസമയം പാകിസ്ഥാന്‍ ഇന്ന് അയര്‍ലന്‍ഡിനെതിരെ ജീവന്‍ മരണപ്പോരട്ടത്തിന് ഇറങ്ങുകയാണ്. നിര്‍ണായക മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ ടീമിന്‍റെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ക്ക് അവസാനമാവും.