അബുദാബി: ടെസ്റ്റില്‍ കന്നി വിജയവുമായി അയര്‍ലന്‍ഡ്. അബുദാബിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് അയര്‍ലന്‍ഡ് വിജയം നേടിയത് (Afghanistan vs Ireland Highlights). തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷമാണ് ഐറിഷ് ടീം ടെസ്റ്റില്‍ തങ്ങളുടെ കന്നി വിജയം നേടിയെടുത്തിരിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ ആദ്യ വിജയത്തിനായി ഏറ്റവും കുറച്ച് മത്സരങ്ങള്‍ കളിച്ച ആറാമത്തെ ടീമായി അയര്‍ലന്‍ഡ് (Ireland Cricket Team) മാറി.
തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടിയ ഓസ്‌ട്രേലിയയാണ് പട്ടികയില്‍ തലപ്പത്തുള്ളത്. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ തങ്ങളുടെ രണ്ടാമത്തെ ടെസ്റ്റില്‍ വിജയം നേടിയിട്ടുണ്ട്. ആറാമത്തെ ടെസ്റ്റില്‍ വിജയിച്ച വെസ്റ്റ് ഇന്‍ഡീസാണ് അയര്‍ലന്‍ഡിന് മുന്നിലുള്ള മറ്റൊരു ടീം.
സിംബാബ്‌വെ 11 മത്സരങ്ങളില്‍ നിന്നും , ദക്ഷിണാഫ്രിക്ക 12 മത്സരങ്ങളില്‍ നിന്നും, ശ്രീലങ്ക 14 മത്സരങ്ങളില്‍ നിന്നുമാണ് കന്നി ടെസ്റ്റ് വിജയം സ്വന്തമാക്കിയത്. ഇന്ത്യയാകട്ടെ ആദ്യ വിജയത്തിന് 25 മാച്ചുകളെടുത്തു. ബംഗ്ലാദേശും(35), ന്യൂസിലന്‍ഡും (45) ആണ് ഏറ്റവും പിന്നില്‍. അതേസമയം അബുദാബിയില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം അഫ്‌ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 111 റണ്‍സിന്‍റെ വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തില്‍ അയര്‍ലന്‍ഡ് മറികടക്കുകയായിരുന്നു. സ്കോര്‍: അഫ്ഗാനിസ്ഥാന്‍ 155, 218, അയര്‍ലന്‍ഡ് 263, 111/4.