ഇടുക്കി : മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴയിലെ ആശുപത്രിക്ക് മുന്നിൽ സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സ്ഥലം എംഎൽഎ പിജെ ജോസഫ് എത്തിയില്ലെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.
അതേസമയം മന്ത്രി റോഷി അഗസ്‌റ്റിൻ എവിടെയെന്ന് ചോദിച്ച് യുഡിഎഫും രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. സംസ്‌കാരത്തിന് മുമ്പ് യുവാവിൻ്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണമെന്നാണ് യുഡിഎഫിൻ്റെ ആവശ്യം. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്നലെ (ഡിസംബർ 29) വൈകിട്ടാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ ആന ആക്രമിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമർ ഇലാഹിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അമർ ഇലാഹിയുടെ മരണത്തിൽ പ്രതികരിച്ച് ഡീൻ കുര്യാക്കോസ്: മരണം ഉണ്ടായിട്ട് അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും, നഷ്‌ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുന്നില്ല. ഗൗരവപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പോലും പ്രതികരിക്കുന്നില്ലെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
'ഇത്രത്തോളം നീതിരാഹിത്യം സമീപകാലത്ത് ഉണ്ടായിട്ടില്ല. മൃതദേഹത്തോട് അനാദരവ് കാണിക്കുന്നു. കുടുംബത്തിൻ്റെ വികാരം പോലും പരിഗണിക്കുന്നില്ല. ഇടുക്കി ജില്ലയോട് നീതികേട് കാണിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെ പോലും അയക്കുന്നില്ല', എന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
ഹർത്താൽ പ്രഖ്യാപിച്ച എൽഡിഎഫ് നേതാക്കളുടെ ലക്ഷ്യം എന്താണെന്നും എംപി ചോദിച്ചു. മുള്ളരിങ്ങാട് അമേൽ തൊട്ടിയില്‍ സ്വദേശി 22കാരനായ അമർ ഇലാഹിയുടെ പോസ്‌റ്റുമോർട്ടം നടക്കുന്ന തൊടുപുഴ ജില്ല ആശുപത്രിക്ക് പുറത്ത് നടക്കുന്ന പ്രതിഷേധത്തിനിടെയായിരുന്നു എംപിയുടെ പ്രതികരണം.
Also Read: കാട്ടാന ആക്രമണം; മരിച്ച അമര്‍ ഇലാഹിയുടെ ഖബറടക്കം ഇന്ന്, വണ്ണപ്പുറത്ത് ഹര്‍ത്താല്‍