അബിജാന്‍ (ഐവറി കോസ്റ്റ്) : ആഫ്രിക്കന്‍ നാഷൻസ് കപ്പ് (Africa Cup Of Nations) ഫൈനലില്‍ ഐവറി കോസ്റ്റും നൈജീരിയയും തമ്മില്‍ ഏറ്റുമുട്ടും (Africa Cup Of Nations Final Ivory Coast vs Nigeria). ആദ്യ സെമി ഫൈനലില്‍ നൈജീരിയ ദക്ഷിണാഫ്രിക്കയെ തകര്‍ത്തപ്പോള്‍ രണ്ടാം സെമിയില്‍ കോംഗോയെ പരാജയപ്പെടുത്തിയാണ് ഐവറി കോസ്റ്റ് കലാശപ്പോരിന് യോഗ്യത നേടിയത് (Africa Cup Of Nations Semi Final Results). ഫെബ്രുവരി 12നാണ് ഫൈനല്‍.
ഷൂട്ടൗട്ടില്‍ നൈജീരിയ(Nigeria vs South Africa Result):ആഫ്രിക്കന്‍ നാഷൻസ് കപ്പ് ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് നൈജീരിയ കീഴടക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നൈജീരിയ നാല് പ്രാവശ്യം ലക്ഷ്യം കണ്ടു. മറുവശത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ട് അവസരങ്ങള്‍ മാത്രമായിരുന്നു ഗോളാക്കി മാറ്റാന്‍ സാധിച്ചത്.
ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. രണ്ടാം പകുതിയില്‍ നൈജീരിയ ആണ് ആദ്യം ലീഡ് നേടിയത്. പ്രതിരോധ നിരതാരം വില്യം ട്രൂസ്റ്റ് എകോങ്ങിലൂടെയാണ് (William Troost Ekong) നൈജീരിയ മുന്നിലെത്തിയത്. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഗോളിന്‍റെ പിറവി.
90-ാം മിനിറ്റിലാണ് ദക്ഷിണാഫ്രിക്ക സമനില ഗോള്‍ കണ്ടെത്തിയത്. പെനാല്‍റ്റിയിലൂടെ ടെബോഹോ മൊകോയെനയാണ് (Teboho Mokoena) ദക്ഷിണാഫ്രിക്കയെ മത്സരത്തില്‍ നൈജീരിയക്കൊപ്പം എത്തിച്ചത്. ഇതോടെയാണ് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടത്.