സൂറത്ത് : 28-കാരിയായ മോഡല്‍ ടാനിയ സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ (Tania Singh Suicide Case) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ (Sunrisers Hyderabad) യുവതാരം അഭിഷേക് ശര്‍മയെ (Abhishek Sharma) പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അഭിഷേക് ശര്‍മയ്‌ക്ക് സൂറത്ത് പൊലീസ് നോട്ടീസ് അയച്ചു. ഫെബ്രുവരി 20-നാണ് സൂറത്തിലെ വേശു റോഡിലുള്ള ഹാപ്പി എലഗന്‍സ് അപ്പാർട്ട്‌മെന്‍റില്‍ ടാനിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഫാഷൻ ഡിസൈനിങ്ങും മോഡലിങ്ങുമായി ജോലി നോക്കുകയായിരുന്നു ടാനിയ. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇവരുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. പ്രസ്‌തുത പരാതിയിലുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് 23-കാരനായ അഭിഷേകിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേകിന്‍റെ ഫോണിലേക്ക് ആയിരുന്നുവെന്നാണ് സൂചന. കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചാല്‍ മാത്രമേ അഭിഷേകും ടാനിയയും തമ്മില്‍ എന്ത് തരത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത് എന്ന വിവരം വ്യക്തമാവൂ എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവോ, ഇതിലുണ്ടായ പ്രശ്‌നങ്ങളാണോ ടാനിയയുടെ ആത്മഹത്യയിലേക്ക് നയിച്ചത്, തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
എല്ലാ തെളിവുകളും സാക്ഷിമൊഴികളും സൂക്ഷ്‌മമായി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച യുവതാരങ്ങളിൽ ഒരാളാണ് അഭിഷേക് ശർമ്മ. 2022-ലാണ് ഇടങ്കയ്യന്‍ ബാറ്ററായ അഭിഷേക് ശര്‍മ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ എത്തുന്നത്. ടീമിനൊപ്പമുള്ള ആദ്യ സീസണില്‍ 426 റണ്‍സടിച്ച് തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ സീസണില്‍ നിറം മങ്ങിയ അഭിഷേകിന് 226 റണ്‍സേ നേടാനായിരുന്നുള്ളൂ. അതേസമയം ഐപിഎല്ലിന്‍റെ പുതിയ സീസണിന്‍റെ ഒരുക്കങ്ങള്‍ക്കിടെയാണ് അഭിഷേകിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഐപിഎല്‍ 17-ാം പതിപ്പ് മാര്‍ച്ച് 22-ന് തുടങ്ങുമെന്ന് ലീഗ് ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഇതേ സമയം തന്നെയാണ് നടക്കുന്നതെങ്കിലും ടൂര്‍ണമെന്‍റ് പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാവും അരങ്ങേറുക. എന്നാല്‍ രണ്ട് ഘട്ടങ്ങളിലായാവും ഐപിഎല്‍ നടക്കുക. ആദ്യ ഘട്ടത്തില്‍ 15 ദിവസത്തെ ഷെഡ്യൂൾ മാത്രമേ പ്രഖ്യാപിക്കൂവെന്നും അരുണ്‍ ധുമാല്‍ അറിയിച്ചിരുന്നു.
ALSO READ:'സാനിയ' വിളികളുമായി പാക് ആരാധകര്‍; ഷൊയ്‌ബ് മാലിക്കിന്‍റെ ഭാര്യ സന ജാവേദിന് അധിക്ഷേപം
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് പതിവ് പോലെ ഇത്തവണയും ഉദ്‌ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു (Chennai Super Kings) കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാര്‍. ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ (Gujarat Titans) തോല്‍പ്പിച്ചായിരുന്നു ചെന്നൈ വിജയികളായത്. ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈയുടെ അഞ്ചാം കിരീടമായിരുന്നു ഇത്.
പുതിയ സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയതിനാല്‍ ശുഭ്‌മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ പുതിയ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം അരങ്ങേറുക എന്നാണ് വിവരം. ടി20 ലോകകപ്പ് ജൂണ്‍ ഒന്നിന് നടക്കാനിരിക്കുന്നതിനാല്‍ മെയ് 26-ന് ഐപിഎല്‍ ഫൈനല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.