ന്യൂഡല്‍ഹി:ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തന്‍റെ പ്രകടനത്തില്‍ ഉപദേഷ്‌ടാവും ഇന്ത്യയുടെ മുൻ താരവുമായ യുവരാജ് സിങ് സന്തോഷവാനായിരിക്കില്ലെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഓപ്പണര്‍ അഭിഷേക് ശര്‍മ. താൻ കൂടുതല്‍ നേരം ക്രീസില്‍ ചെലവഴിക്കണമെന്നതാണ് യുവരാജ് സിങ്ങിന്‍റെ ആഗ്രഹമെന്നും അഭിഷേക് ശര്‍മ പറഞ്ഞു. അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 67റണ്‍സിന്‍റെ ജയം നേടിയതിന് പിന്നാലെ സഹ ഓപ്പണര്‍ ട്രാവിസ് ഹെഡുമായി സംസാരിക്കുമ്പോഴായിരുന്നു അഭിഷേക് ഇക്കാര്യം വ്യക്തമാക്കിയത്.
'യുവരാജ് സിങ്ങിനെ അസ്വസ്ഥനാക്കുന്നതാണ് എന്‍റെ ഈ പ്രകടനം. ഞാൻ ഒരുപാട് ഓവറുകള്‍ ബാറ്റ് ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഞാനും ശ്രമിക്കുന്നുണ്ട്.
എന്നാല്‍, വിചാരിക്കുന്നതിലും കൂടുതല്‍ ബൗണ്ടറികള്‍ കണ്ടെത്താൻ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അക്കാര്യം അദ്ദേഹത്തെ സന്തോഷിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്'- ഐപിഎല്‍ വെബ്‌സൈറ്റിലൂടെ ട്രാവിസ് ഹെഡിന് നല്‍കിയ അഭിമുഖത്തില്‍ അഭിഷേക് ശര്‍മ പറഞ്ഞു.
ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ പതിനേഴാം പതിപ്പിലെ ഒരോ മത്സരങ്ങളിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കം നല്‍കുന്നതില്‍ പ്രധാനിയാണ് അഭിഷേക് ശര്‍മ. ഇന്നിങ്‌സിന്‍റെ തുടക്കം മുതല്‍ എതിര്‍ ടീം ബൗളര്‍മാരെ കടന്നാക്രമിക്കുന്ന അഭിഷേക് ശര്‍മ സീസണിലെ ഏഴ് മത്സരങ്ങളില്‍ നിന്നും 215 പ്രഹരശേഷിയില്‍ 257 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തിട്ടുള്ളത്. അതില്‍ ഒരു അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ അവസാന മത്സരത്തിലും തന്‍റെ പതിവ് ശൈലിയില്‍ തന്നെ ബാറ്റ് വീശാൻ അഭിഷേകിനായി. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത അഭിഷേക് 12 പന്തില്‍ 46 റണ്‍സ് നേടിയാണ് മടങ്ങിയത്. ആറ് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
Also Read :ക്രീസില്‍ ഒന്നിച്ചത് 20 ഓവര്‍, അടിച്ച് കൂട്ടിയത് 300ല്‍ അധികം റണ്‍സ്! ഹെഡ്-അഭിഷേക് സഖ്യം 'മാസ് അല്ല കൊല മാസ്' - Travis Head Abhishek Sharma Stats
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 266 റണ്‍സായിരുന്നു നേടിയത്. അഭിഷേകിനൊപ്പം ഹൈദരാബാദിന്‍റെ ഓപ്പണറായെത്തിയ ട്രാവിസ് ഹെഡ് 32 പന്തില്‍ 89 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി കാപിറ്റല്‍സ് 19.1 ഓവറില്‍ 199 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ നടരാജൻ ആയിരുന്നു ഡല്‍ഹിയെ തകര്‍ത്തത്.