കേപ്‌ടൗണ്‍ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യയ്‌ക്കായി (India vs England Test) അരങ്ങേറ്റം നടത്തിയ താരമാണ് രജത് പടിദാര്‍ (Rajat Patidar). പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ താരം കളിക്കാന്‍ ഇറങ്ങുകയും ചെയ്‌തു. എന്നാല്‍ 10.5 ശരാശരിയില്‍ വെറും 63 റണ്‍സ് മാത്രമാണ് രജത്തിന് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതോടെ പരമ്പരയില്‍ ബാക്കിയുള്ള ഒരു ടെസ്റ്റില്‍ (India vs England 5th Test) 30-കാരനെ ടീം മാനേജ്‌മെന്‍റ് കളിപ്പിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് (AB de Villiers). താരത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നത് ഇന്ത്യന്‍ മാനേജ്‌മെന്‍റ് തുടരുമെന്നാണ് എബി ഡിവില്ലിയേഴ്‌സ് പറയുന്നത്. ഇതിനകം തന്നെ ഇന്ത്യ പരമ്പര നേടിയത് രജത്തിന് ഗുണം ചെയ്യുമെന്നും ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി.
"പരമ്പരയില്‍ ഇതേവരെ കളിച്ചതില്‍ നിന്നും ഓര്‍ത്തുവയ്‌ക്കാന്‍ ഒന്നും തന്നെ രജത് പടിദാറിനില്ല. എന്നാല്‍ മികച്ച ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ ടീമിലാണ് അവന്‍ നില്‍ക്കുന്നത്. അവിടെ കളിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന ഒരു സംസ്‌കാരവുമുണ്ട്. അവന്‍റെ മനോഭാവം ആകർഷകമാണെങ്കിൽ, ഡ്രസ്സിങ് റൂമിന് ഇഷ്‌ടപ്പെടുന്ന ഒരാള്‍ കൂടിയാണെങ്കില്‍ തീര്‍ച്ചയായും രോഹിത് ശര്‍മയും സെലക്ഷന്‍ പാനലും അവന് അവസരം നല്‍കും.
'ഈ വ്യക്തിക്ക് ഒരു ഭാവിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മുന്നോട്ട് നീങ്ങുമ്പോള്‍ ഈ ടീമിന്‍റെ ഭാഗമായി അവനെ ഞങ്ങള്‍ കാണുന്നുണ്ട്. ഇപ്പോള്‍ റണ്‍സ് നേടാനായില്ലെങ്കിലും അതിനായി കുറച്ചുകൂടി അവസരങ്ങള്‍ നല്‍കേണ്ടതുണ്ട് എന്നായിരിക്കും അവര്‍ പറയുക"- എബി ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
മാര്‍ച്ച് ഏഴിന് ധര്‍മ്മശാലയിലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് നടക്കുക. അഞ്ചാം ടെസ്റ്റിൽ നിന്നും കെഎൽ രാഹുലിനെ ഒഴിവാക്കിയതായി ബിസിസിഐ ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ദേവ്‌ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയില്ലെങ്കില്‍ രജത് പടിദാര്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ തുടരും. നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പരമ്പര ഉറപ്പിക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ALSO READ: ആ രീതിയിൽ ചിന്തിച്ചാൽ മാത്രമേ ഓരോ കളിക്കാരന്‍റെയും കരിയറിൽ അഭിവൃദ്ധി ഉണ്ടാകൂ ; ഇഷാന്‍, ശ്രേയസ് 'വെട്ടലില്‍' സാഹ
ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു രോഹിത് ശര്‍മയും സംഘവും തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. ഹൈദരാബാദിലെ ഒന്നാം ടെസ്റ്റില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. എന്നാല്‍ വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റിനും വിജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി. ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങുന്ന ആദ്യ പരമ്പരയാണിത്. ഇതിന് മുന്നെ കളിച്ച ഏഴ് പരമ്പരകളില്‍ നാലിലും വിജയിച്ച ഇംഗ്ലണ്ട് മൂന്നെണ്ണം സമനിലയിലാക്കിയിരുന്നു.