ദുബായ് :ടി20 ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റിനുവേണ്ടി അപേക്ഷ നല്‍കിയവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു (T20 World Cup 2024 Tickets). നടപടിക്രമങ്ങള്‍ ആരംഭിച്ച് ആദ്യ 48 മണിക്കൂറിനുള്ളിലാണ് 12 ലക്ഷത്തിലധികം അപേക്ഷകള്‍ ഐസിസിക്ക് ലഭിച്ചത്. ഫെബ്രുവരി ഏഴ് വരെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ICC) ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് (T20 World Cup Ticket Applications).
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് നല്‍കുക എന്ന രീതിയിലായിരുന്നു നേരത്തെ ടിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇങ്ങനെ വരുമ്പോള്‍ ഒടുവില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കാന്‍ വിദൂര സാധ്യതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് ഒഴിവാക്കി എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്രാവശ്യം ടിക്കറ്റ് വില്‍പ്പന നറുക്കെടുപ്പിലൂടെയാക്കിയത്.
ടി20 ലോകകപ്പിന് വേദിയൊരുക്കുന്ന അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് മേഖലകളില്‍ നിന്നാണ് ആദ്യ 48 മണിക്കൂറില്‍ ഐസിസിക്ക് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. 9,00,000 പേരാണ് ഈ മേഖലയില്‍ നിന്ന് മാത്രം അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.
ടിക്കറ്റിനായുള്ള നറുക്കെടുപ്പ് പ്രക്രിയ:tickets.t20worldcup.com എന്ന വെബ്‌സൈറ്റിലൂടെയാണ് ടി20 ലോകകപ്പ് ടിക്കറ്റിനായി ആരാധകര്‍ അപേക്ഷ നല്‍കേണ്ടത്. ഫെബ്രുവരി ഏഴ് ആന്‍റിഗ്വ പ്രാദേശിക സമയം രാത്രി 11:59 വരെ ടിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഒരു മത്സരത്തിനായി എത്ര ടിക്കറ്റുകള്‍ക്ക് വേണമെങ്കിലും അപേക്ഷ നല്‍കാം.