'ഹലോ...'ഒരു ദിവസം എത്രയേറെ തവണയാണ് ഈയൊരു വാക്ക് നമ്മള്‍ ഉപയോഗിക്കുന്നത്...? കൃത്യമായി ഒരു കണക്ക് അങ്ങനെ പറയാൻ സാധിക്കില്ല അല്ലേ..?
ഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങാനും പരിചയക്കാരെ കാണുമ്പോള്‍ സംസാരിക്കാനുമായി ആദ്യം നമ്മള്‍ ഉപയോഗിക്കുന്ന ഒരു ഇംഗ്ലീഷ് പദം. ലളിതമായ ഒരു വാക്ക് ആണെങ്കിലും 'ഹലോ' അത്ര ചെറിയ പുള്ളിയല്ല കേട്ടോ. ഈ പുള്ളിക്കാരനായി ലോകത്ത് ഒരു ദിവസം തന്നെ മാറ്റിവച്ചിട്ടുണ്ട്. ആ ദിവസമാണ് ഇന്ന്, നവംബര്‍ 21 'ലോക ഹലോ ദിനം'.
ചരിത്രം ഇങ്ങനെ:1973ല്‍ ഈജിപ്‌തും ഇസ്രയേലും തമ്മിലുണ്ടായ യോം കിപ്പൂര്‍ യുദ്ധത്തോടുള്ള പ്രതികരണം എന്ന നിലയ്‌ക്ക് ആരംഭിച്ച ഹലോ ദിനാചരണം ഇന്ന് 180-ഓളം രാജ്യങ്ങള്‍ കൊണ്ടാടുന്നു. സഹോദരങ്ങളായ ബ്രയാൻ മക്കോർമാക്കും മൈക്കൽ മക്കോർമാക്കും ചേര്‍ന്നാണ് ഇത്തരത്തിലൊരു ആശയത്തിന് രൂപം നല്‍കിയത്. ആദ്യ ഹലോ ദിനത്തിന്‍റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവര്‍ ഏഴ് ഭാഷകളില്‍ 1360 കത്തുകളാണ് ലോക നേതാക്കള്‍ക്കായി എഴുതിയത്.
ബലപ്രയോഗത്തിലൂടെയല്ല ആശയവിനിമയത്തിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടാനായിരുന്നു ഇവരുടെ ശ്രമം. ഇന്ന് ലോക സമാധാനത്തില്‍ ഓരോ വ്യക്തിക്കുമുള്ള ആശങ്ക പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ് ഈ ദിനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഹലോ' എന്നതിൻ്റെ ആദ്യ പ്രസിദ്ധീകരണ ഉപയോഗം 1827-ൽ ആയിരുന്നുവെന്നാണ് ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പറയുന്നത്. അക്കാലത്ത്, പ്രധാനമായും അഭിവാദ്യം ചെയ്യാൻ മാത്രമായിരുന്നില്ല ഇത് ഉപയോഗിച്ചിരുന്നത്. 1830കളില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനും ആശ്ചര്യം പ്രകടിപ്പിക്കാനുമാണ് 'ഹലോ' ഉപയോഗിച്ചിരുന്നതെന്ന് ആദ്യ ടെലഫോണ്‍ ബുക്കിന്‍റെ ഉപജ്ഞാതാവായ അമോണ്‍ വ്യക്തമാക്കുന്നു.
പൊതുവായി 'ഹലോ' എന്ന വാക്കിനെ ഉപയോഗത്തിലേക്ക് കൊണ്ടുവന്നത് തോമസ് ആല്‍വ എഡിസനാണെന്നാണ് പറയപ്പെടുന്നത്. ടെലഫോണ്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നോട് സംസാരിക്കുന്ന മറ്റുള്ളവരോട് ഈ പദം ഉപയോഗിക്കാൻ അദ്ദേഹം സ്ഥിരമായി പറഞ്ഞിരുന്നു. എന്നാല്‍, ടെലഫോണ്‍ കണ്ടുപിടിച്ച ഗ്രഹാംബെല്‍ ആകട്ടെ ഹലോയേക്കാള്‍ മികച്ചതായി തെരഞ്ഞെടുത്തത് 'അഹോയ്' എന്ന വാക്കിനെയാണ്.
ഹലോ ദിനം ആഘോഷിക്കാം:ഏതൊരാള്‍ക്കും ഹലോ ദിനം വളരെ സിമ്പിളായി തന്നെ ആഘോഷിക്കാം. ഇതിന് വേണ്ടി കുറഞ്ഞത് 10 പേരോടെങ്കിലും ഹലോ പറയാൻ സമയം കണ്ടെത്തുക എന്ന ചെറിയൊരു കാര്യം മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഒരു ഹലോയിലൂടെ പുതിയ ബന്ധങ്ങള്‍ തുടങ്ങാനും പഴയ ബന്ധങ്ങളിലെ വിടവുകള്‍ നികത്താനും ഈ ദിവസം കൊണ്ട് നിങ്ങള്‍ക്ക് കഴിയും.
'ഹലോ' മറ്റ് ഭാഷകളിൽ
- സ്‌പാനിഷ് - ഒലാ (Hola)
- ആഫ്രിക്കൻസ് (ദക്ഷിണാഫ്രിക്ക) - ഹുയി ഡാഗ് (Goeie dag)
- അമുങ്മെ (ഇന്തോനേഷ്യ) - അമോലെ കിതൈത്തിരിവി (Amole Kitaitirivi)
- അറബി - മർഹബ, അഹ്ലൻ (Marhaba, Ahlan)
- ഇന്ത്യ - നമസ്തേ (Namaste)
- ഉഗാണ്ടൻ - യോഗ (Yoga)
- ബോലെ (നൈജീരിയൻ) - യൂസ് (Use)
- ഫ്രഞ്ച് - ബൂഷൂഹ് (Bonjour)
- ജർമ്മൻ - ഗുടൻടാഗ് (Guten Tag)
- ജാപ്പനീസ് - കൊന്നിച്ചിവ (Konnichiwa)
Also Read:ലോക പ്രമേഹ ദിനം; ഇന്ത്യയിൽ പ്രതിവർഷം പ്രമേഹരോഗികളാകുന്നത് 10 ലക്ഷം പേർ