അടുത്തിടെ പുറത്തിറക്കിയ യുപിഎസ്‌സി പരീക്ഷ ഫലങ്ങൾ എപ്പോഴുമെന്ന പോലെ വളരെയധികം ആഹ്ലാദം ഉളവാക്കുന്നതാണ്. രാജ്യത്തെ ഏറ്റവും അഭിലഷണീയമായ പൊതുസേവനങ്ങൾ കാംക്ഷിക്കുന്നവരുടെ ഉജ്ജ്വല വിജയമാണിത്. ഈ വിഷയത്തിൽ, ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ (പിഎംഇഎസി) ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്. യുപിഎസ്‌സി ലക്ഷ്യം വെക്കുന്നത് ആഗ്രഹത്തിന്‍റെ ദാരിദ്ര്യം കൊണ്ടാണെന്നും യുപിഎസ്‌സി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് സമയം പാഴാക്കലാണെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കേന്ദ്ര സർക്കാരിൽ ജോയിന്‍റ് സെക്രട്ടറിയാകുന്നതിന് പകരം മറ്റൊരു എലോൺ മസ്‌കോ മുകേഷ് അംബാനിയോ ആകാന്‍ ഇന്നത്തെ യുവാക്കൾ ആഗ്രഹിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ഉപദേശം. പ്രസ്‌താവന ഇറക്കിയ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്‍റെ ഒരു ലാറ്ററൽ എൻട്രിയാണ് എന്ന് വേണം പറയാന്‍. ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം പബ്ലിക് പോളിസി മേഖലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ഓരോ വർഷവും നൂറ് ഒഴിവുകള്‍ മാത്രം വരുന്ന പോസ്‌റ്റുകളിലേക്ക് ഏകദേശം ഒരു ദശലക്ഷത്തിനടുത്ത് ഉദ്യോഗാർത്ഥികൾ മത്സരിക്കുന്നത് തൊഴിൽ വിപണിയില്‍ യുവ പ്രതിഭകള്‍ നേരിടുന്ന രൂക്ഷ പ്രതിസന്ധി കൊണ്ടാണ് എന്നത് നിസ്‌തര്‍ക്കമായ കാര്യമാണ്. സമാനമായ റിപ്പോര്‍ട്ട് അടുത്തിടെ ഐഎല്‍ഒയും പുറത്തുവിട്ടിരുന്നു. എങ്കിലും യുപിഎസ്‌സി തയ്യാറെടുപ്പിനെ അഭിലാഷങ്ങളുടെ ദാരിദ്ര്യം എന്ന് വിശേഷിപ്പിക്കുന്നത് അന്യായവും അനാവശ്യവുമാണ്.
ഇത്തരം വിചിത്രമായ പരാമർശങ്ങൾ അവഹേളനം മാത്രമല്ല, സിവില്‍ സര്‍വീസില്‍ താത്പര്യമുള്ളവരെ നിരുത്സാഹപ്പെടുത്തുന്നതും നിരാശരാക്കുന്നതുമാണ്. നേരെമറിച്ച്, ഒരു ബ്യൂറോക്രാറ്റാകാനുള്ള ആഗ്രഹം ഇന്നത്തെ യുവതയിലെ 'ആഗ്രഹത്തിന്‍റെ കുലീനത'യായാണ് കാണേണ്ടത്. സിവില്‍ സര്‍വീസിന് യോഗ്യത നേടുന്നവരുടെ ഡാറ്റ പരിശോധിക്കുമ്പോള്‍, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തലത്തില്‍ എത്തുന്നവരില്‍ വലിയൊരു വിഭാഗവും എഞ്ചിനീയറിങ് അല്ലെങ്കിൽ മെഡിസിൻ, മാനേജ്‌മെന്‍റ്, ചാർട്ടേഡ് അക്കൗണ്ടൻസി, നിയമം തുടങ്ങിയ പശ്ചാത്തലമുള്ളവരാണ് എന്ന് കാണാം.
ഈ യുവജനങ്ങള്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവരാണ്. ഇവര്‍ക്ക് സ്വകാര്യ മേഖലയിലോ വിദേശത്തോ ലാഭകരവും ഉയർന്ന വരുമാനമുള്ളതുമായ ജോലി നേടാമായിരുന്നു. എന്നാല്‍ അവര്‍ ശരാശരി ശമ്പളം ലഭിക്കുന്ന ബ്യൂറോക്രസിയിൽ ചേരാനാണ് തീരുമാനിച്ചത്.
ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിൽ ഒന്നിനെ മറികടക്കുന്നതിന് അവര്‍ ചെയ്യുന്ന കഠിനാധ്വാനം അതിശയിപ്പിക്കുന്നതാണ്. യുപിഎസ്‌സി പാഠ്യപദ്ധതിയുടെ വിശാലമായ വിസ്‌തൃതിയിൽ, ആവശ്യമായ കഴിവും കോസ്‌മോപൊളിറ്റൻ ധാരണയും വികസിപ്പിച്ചെടുക്കാന്‍ ഒരു വ്യക്തിക്ക് ശരാശരി ഒന്നോ രണ്ടോ വർഷമെടുക്കുമെന്നതിൽ അതിശയിക്കാനില്ല.
ഈ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിനായി ചെലവഴിച്ച വർഷങ്ങൾ, ഇന്ത്യയുടെ സമ്പന്നമായ മുദ്രാവാക്യം, രാജ്യം അഭിമുഖീകരിക്കുന്ന വൈവിധ്യമാർന്ന വെല്ലുവിളികൾ, നയരൂപീകരണ മേഖലയിൽ വ്യാപിച്ചുകിടക്കുന്ന രാഷ്‌ട്രീയ സമ്പദ്‌വ്യവസ്ഥ എന്നിവയില്‍ കൃത്യമായ അവബോധം വളർത്തിയെടുക്കാൻ ഉദ്യോഗാര്‍ഥികളെ പ്രാപ്‌തരാക്കുന്നുണ്ട്. വിജയങ്ങളും പരാജയങ്ങളും സമ്മിശ്രമായ യുപിഎസ്‌സി യാത്രയിൽ മുന്നോട്ട് പോകാന്‍ ഒരാൾക്ക് കഠിനമായ പരിശ്രമം, മാനസിക പ്രതിരോധം, സഹിഷ്‌ണുത, ചിട്ടയായ ജീവിതം എന്നിവ ആവശ്യമാണ്.
തങ്ങൾക്കിഷ്‌ടമുള്ള സേവനങ്ങളിൽ ചേരാന്‍ ഉദ്യോഗാർത്ഥികൾ ആവർത്തിച്ച് ശ്രമിക്കുന്നതാണ് ഉദ്യോഗസ്ഥരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് എന്ന് തോന്നുന്നു. ഒരുപക്ഷേ, വിജയം ഒറ്റരാത്രികൊണ്ട് നേടാന്‍ കഴിയുന്നതാണെന്നും ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഒരാള്‍ക്ക് മുന്നില്‍ വരുന്ന 'ഡെഡ് എന്‍റ്' ആണ് പരാജയം എന്നും അത്തരം ഉദ്യോഗസ്ഥൻ വിശ്വസിക്കുന്നുണ്ടാകാം.
ഈ തെറ്റായ ധാരണ 'ചാരൈവേതി ചരൈവേതി', അതായത് "നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഉറച്ചുനിൽക്കുക" എന്ന് ആഹ്വാനം ചെയ്യുന്ന വേദ വാക്യത്തിന് വിരുദ്ധമാണ്. സ്വകാര്യ മേഖല വിജയത്തിലേക്കുള്ള ഒരു സുനിശ്ചിത പാത വാഗ്‌ദാനം ചെയ്യുന്നു എന്നാണ് ഉദ്യോഗസ്ഥന്‍റെ നിരീക്ഷണങ്ങൾ പരോക്ഷമായി സൂചിപ്പിക്കുന്നത്. എങ്കിലും വസ്‌തുതകളും സാമാന്യ ബുദ്ധിയും മറിച്ചാണ് സൂചിപ്പിക്കുന്നത് എന്നതാണ് സത്യം.
ഏകദേശം 90% സ്‌റ്റാർട്ടപ്പുകളും ഒറ്റയടിക്ക് ലാഭകരമായ സംരംഭങ്ങളിലേക്ക് എത്തുന്നില്ല എന്നാണ് 'ഹാർവാർഡ് ബിസിനസ് റിവ്യൂ' പറയുന്നത്. എങ്കിലും ഇത് ഒരു തരത്തിലും മനുഷ്യ പ്രയത്നം പാഴാക്കുന്നതല്ല. നല്ല നാളെക്കായി പരിശ്രമിക്കാനുള്ള മനുഷ്യന്‍റെ ചാതുര്യത്തെ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.