കേരളം

kerala

ETV Bharat / opinion

ഇന്ത്യയുടെ കൂറുമാറ്റ നിരോധന നിയമത്തിൻ്റെ ദൗർഭാഗ്യകരമായ യാഥാർഥ്യം; ഭാവിയെന്ത്? - Anti Defection Law India - ANTI DEFECTION LAW INDIA

കൂറുമാറ്റങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കൂറുമാറ്റ വിരുദ്ധ നിയമത്തിലെ പോരായ്‌മകളും അതിന്‍റെ ഫല പ്രാപ്‌തികളും ഭാവിയും നിയമ വിദഗ്‌ധയായ റിത്വിക ശർമ്മ വിശദീകരിക്കുന്നു...

ANTI DEFECTION LAW  കൂറുമാറ്റ വിരുദ്ധ നിയമം  FUTURE OF ANTI DEFECTION LAW INDIA  കൂറുമാറ്റ വിരുദ്ധ നിയമത്തിൻ്റെ ഭാവി
Representative Image (Source : Etv Bharat Network)

By ETV Bharat Kerala Team

Published : May 15, 2024, 9:01 AM IST

Updated : May 15, 2024, 9:20 AM IST

ന്ത്യൻ രാഷ്ട്രീയ കളരിയില്‍ ഇടതടവില്ലാതെ പയറ്റുന്ന ഒരു അടവാണ് കൂറുമാറ്റങ്ങൾ. അടുത്തിടെ, ഹരിയാനയില്‍ 3 സ്വതന്ത്ര എംഎൽഎമാരാണ് നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ നിന്ന് പിന്തുണ പിൻവലിച്ചത്. മാത്രമല്ല, തങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു. 'ആയാ റാം, ഗയാ റാം' എന്ന പ്രയോഗം പിറവിയെടുത്ത ഹരിയാനക്ക്, കൂറുമാറ്റങ്ങൾ അപരിചിതമല്ല. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ മറ്റ് പല സംസ്ഥാനങ്ങളും (മധ്യപ്രദേശ്, ഗുജറാത്ത് പോലുള്ളവ) സ്ഥാനാർഥികളുടെ അവസാന നിമിഷ കൂറു മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിച്ചുണ്ട്.

രാഷ്‌ട്രീയ കൂറുമാറ്റങ്ങൾ പെരുകുമ്പോൾ ഇന്ത്യയുടെ കൂറുമാറ്റ വിരുദ്ധ നിയമം നിശബ്‌ദ കാഴ്‌ചക്കാരനായി തുടരുന്നു എന്നതാണ് ഖേദകരം. 1960-70 കാലഘട്ടത്തിൽ പാർലമെന്‍റിലും സംസ്ഥാന അസംബ്ലികളിലും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ വ്യാപക കൂറുമാറ്റം തടയുന്നതിനായി 1985-ൽ ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന് കീഴില്‍ നിലവില്‍ വന്നതാണ് കൂറുമാറ്റ വിരുദ്ധ നിയമം.

രസകരമായ വസ്‌തുത എന്തെന്നാല്‍, കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇന്ത്യ കൂടുതൽ കൂറുമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2002-ൽ ഭരണഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യാനുള്ള ദേശീയ കമ്മിഷൻ നിയമത്തെ രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. എങ്ങനെയാണ് പത്താം ഷെഡ്യൂളിന് ഇത്ര ദയനീയമായി പ്ലോട്ട് നഷ്‌ടമായത്?

എന്തിനെയാണ് നിയമം ശിക്ഷിക്കുന്നത്, എന്തൊക്കെ ഒഴിവാക്കപ്പെടുന്നു? :പത്താം ഷെഡ്യൂളിന്‍റെ പല പോരായ്‌മകളും അതിന്‍റെ ഡ്രാഫ്റ്റിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത് കൂറുമാറ്റങ്ങൾക്ക്, വിശേഷിച്ചും ഗ്രൂപ്പ് മാറ്റങ്ങള്‍ക്ക് വ്യക്തമായ പഴുതുകൾ അവശേഷിപ്പിക്കുന്നുണ്ട്. തങ്ങളുടെ പാർട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാർലമെന്‍റിലോ സംസ്ഥാന അസംബ്ലിയിലോ തങ്ങളുടെ പാർട്ടിയുടെ നിർദേശത്തിന് എതിരെ വോട്ട് ചെയ്യുമ്പോഴോ നിയമസഭാംഗങ്ങളെ പത്താം ഷെഡ്യൂൾ അയോഗ്യരാക്കുന്നു. സ്വതന്ത്ര എംപിമാർ/എംഎൽഎമാർ തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയിൽ ചേരുകയാണെങ്കിൽ സഭയിൽ നിന്ന് അയോഗ്യരാക്കപ്പെടാൻ ബാധ്യസ്ഥരാണ്. അയോഗ്യതക്കായുള്ള ഹർജികൾ സ്‌പീക്കറുടെയോ സഭ അധ്യക്ഷന്‍റെയോ മുമ്പാകെയാണ് എത്തുക.

കൂറുമാറ്റ വിരുദ്ധ നിയമത്തില്‍ രണ്ട് ഇളവ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് ഒരു രാഷ്‌ട്രീയ പാർട്ടിയിലെ പിളർപ്പ്, മറ്റൊന്ന് രണ്ട് പാർട്ടികൾ തമ്മിലുള്ള ലയനം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അവരുടെ പാർട്ടികളും തമ്മിലുള്ള പ്രത്യയശാസ്‌ത്രപരമായ വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന കൂറുമാറ്റങ്ങളുടെ തത്വാധിഷ്‌ഠിതമായ സംഭവങ്ങൾ സംരക്ഷിക്കാൻ ഈ ഒഴിവാക്കലുകൾ മിതമായി ഉപയോഗിക്കേണ്ടതാണ് എന്നാണ് ഈ നിയമത്തെ ചുറ്റിപ്പറ്റിയുള്ള പാർലമെന്‍ററി ചർച്ചകൾ വെളിപ്പെടുത്തുന്നത്. ഉദ്ദേശ്യങ്ങൾ ശുദ്ധമായിരുന്നെങ്കിലും, ഈ ഇളവ് പലരുടെയും സുഖസൗകര്യങ്ങൾക്കായി പലപ്പോഴും ഉപയോഗിച്ചു.

കൂറുമാറ്റങ്ങൾ വര്‍ധിച്ചതിനാലും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന പ്രവണത കൂടിയകതിനാലും പിളർപ്പില്‍ ഉണ്ടായ ഇളവ് 2003-ൽ ഭരണഘടനയിൽ നിന്ന് എടുത്ത് കളഞ്ഞു. ലയനത്തിലുള്ള ഇളവ് അപ്പോഴും തുടര്‍ന്നിരുന്നു.

പത്താം ഷെഡ്യൂളിലെ ഖണ്ഡിക 4 ല്‍ പറയുന്നത് പ്രകാരം രണ്ട് വ്യവസ്ഥകൾ ഒരേസമയം നിറവേറ്റുകയാണെങ്കിൽ ഒരു നിയമ സഭാംഗത്തിന് അയോഗ്യതയിൽ നിന്ന് ഇളവ് അവകാശപ്പെടാം. ആദ്യത്തേത്, നിയമസഭാംഗത്തിന്‍റെ യഥാർഥ രാഷ്‌ട്രീയ പാർട്ടി മറ്റൊരു രാഷ്‌ട്രീയ പാർട്ടിയുമായി ലയിക്കുന്നു. രണ്ടാമതായി, ലയനത്തിന് സമ്മതിക്കുന്ന ലെജിസ്ലേച്ചർ പാർട്ടിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ നിയമസഭാംഗം ഉൾപ്പെടുന്ന ഗ്രൂപ്പിന്‍റെ ഭാഗമാകണം. ലെജിസ്ലേച്ചർ പാർട്ടി എന്നാൽ, നിയമസഭ ഹൗസിനുള്ളിലെ, ഒരു പ്രത്യേക പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്ന ഗ്രൂപ്പാണ്.

ലയനത്തിലുള്ള ഇളവില്‍ ഒരു സൂക്ഷ്‌മ പരിശോധന നടത്തിയാല്‍ ഡ്രാഫ്റ്റിങ്ങിന്‍റെ അനാവശ്യമായ സങ്കീർണ്ണത വെളിപ്പെടും. ഒരു പ്രത്യേക നിയമസഭ കക്ഷിയുടെ മൂന്നിൽ രണ്ട് ഭാഗവും മറ്റൊരു നിയമസഭ കക്ഷിയുമായി ലയിക്കാൻ സമ്മതിച്ചാൽ ഉടൻ തന്നെ രണ്ട് രാഷ്‌ട്രീയ പാർട്ടികൾ തമ്മിലുള്ള ലയനം നടന്നതായി കണക്കാക്കപ്പെടും എന്നാണ് പല ഹൈക്കോടതികളുടെയും വ്യാഖ്യാനം. ദേശീയ തലത്തിലോ പ്രാദേശിക തലത്തിലോ യഥാർഥ രാഷ്‌ട്രീയ പാർട്ടികളുടെ ലയനം തന്നെ ആവശ്യമില്ല എന്നതാണ് ഈ വ്യാഖ്യാനത്തിന്‍റെ പൊരുള്‍.

ലയനത്തിലെ ഇളവ് എങ്ങനെയാണ് രക്ഷപെടാനുള്ള വഴിയാകുന്നത്? :നിയമനിർമാണ സഭകൾക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ ഈ നിയമസാധുത വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. പാര്‍ട്ടിയുടെ, സഭയ്ക്കുള്ളിലെ നിയമനിർമ്മാണ വിഭാഗങ്ങൾ തമ്മിലുള്ള ലയനം മാത്രമേ ആവശ്യമുള്ളൂ എന്നതിനാൽ ലയനങ്ങൾ സുഖമായി അംഗീകരിക്കപ്പെടും.

2019-ൽ ഗോവ നിയമസഭയിലെ 15 കോണ്‍ഗ്രസ് എംഎൽഎമാരിൽ 10 പേരും ബിജെപിയിൽ ചേർന്നപ്പോൾ, ഇത് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും നിയമസഭ കക്ഷികളും തമ്മിലുള്ള ലയനമായി, സാങ്കേതികമായി കണക്കാക്കപ്പെട്ടതാണ് ഇതിന് വ്യക്തമായ ഉദാഹരണം. 10 കോണ്‍ഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ നിന്ന് ഗോവ അസംബ്ലി സ്‌പീക്കർ ഒഴിവാക്കി. അവരുടെ തീരുമാനം ഒടുവിൽ ബോംബെ ഹൈക്കോടതി (ഗോവ ബെഞ്ച്) ശരിവയ്‌ക്കുകയും ചെയ്‌തു.

കൂറുമാറ്റ നിരോധന നിയമപ്രകാരം കൂറുമാറിയ നിയമസഭാംഗങ്ങളെ അയോഗ്യരാക്കാതിരിക്കാനുള്ള പ്രാഥമിക കാരണം സ്വാഭാവികമായും ലയനങ്ങളും പിളർപ്പുകളുമാണ്. വിധി സെൻ്റർ ഫോർ ലീഗൽ പോളിസി (വിധി) 1986-2004 കാലയളവിൽ ലോക്‌സഭ സ്‌പീക്കർമാർക്ക് മുമ്പാകെ സമർപ്പിച്ച 55 അയോഗ്യത ഹർജികളുടെ സർവേ നടത്തി. ഈ ഹർജികളിൽ 49 നിയമസഭാംഗവും കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ടില്ല.

ഇവരിൽ 77% (49 ൽ 38 പേർ), തങ്ങളുടെ യഥാർഥ പാർട്ടിയിൽ പിളർപ്പ് അല്ലെങ്കിൽ മറ്റൊന്നുമായി ലയനം നടന്നെന്ന് തെളിയിച്ചതിനാല്‍ കൂറുമാറിയ നിയമസഭാംഗങ്ങളെ അയോഗ്യരാക്കാന്‍ കഴിഞ്ഞില്ല. ഉത്തർപ്രദേശിൽ നിന്നും സമാനമായ വെളിപ്പെടുത്തലുകൾ ഉയർന്നു. 1990-2008 കാലയളവിൽ സമർപ്പിച്ച 69 ഹർജികളിൽ 2 എണ്ണം മാത്രമാണ് അയോഗ്യതയിൽ കലാശിച്ചത്. അയോഗ്യതയില്ലാത്ത 67 കേസുകളിൽ, 82 ശതമാനവും ലയനങ്ങളും പിളർപ്പുകളും കാരണമായി കാട്ടി രക്ഷപ്പെട്ടു.

കൂറുമാറ്റ നിരോധന നിയമം എന്തെങ്കിലും ഗുണം ചെയ്തോ? :സ്വതന്ത്ര എംപിമാർ/എംഎൽഎമാർ ഉൾപ്പെടെയുള്ള വ്യക്തികളുടെ കൂറുമാറ്റത്തെ ശിക്ഷിക്കുന്നതിൽ കൂറുമാറ്റ നിരോധന നിയമം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. 1989-2011 കാലയളവിൽ ഹരിയാന അസംബ്ലി സ്‌പീക്കർക്ക് മുമ്പാകെ സമർപ്പിച്ച 39 ഹർജികളിൽ സർവേ നടത്തിയിരുന്നു. അയോഗ്യത കല്‍പ്പിച്ച 12 സംഭവങ്ങളുണ്ടായിരുന്നെന്നും അതില്‍ 9 എണ്ണം സ്വതന്ത്ര എംഎൽഎമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ടതാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന 6 സ്വതന്ത്ര എംഎൽഎമാരെ 2004-ൽ സ്‌പീക്കർ സത്ബീർ സിങ് കാഡിയൻ അയോഗ്യരാക്കിയതും ഇതിൽ ഉൾപ്പെടുന്നു. മേഘാലയ നിയമസഭയിൽ (1988-2009) 18 അയോഗ്യത ഹർജികളാണ് സർവേയില്‍ കണ്ടെത്തിയത്. രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്നതിന് 5 സ്വതന്ത്ര എംഎൽഎമാരെയാണ് സ്‌പീക്കർ അയോഗ്യരാക്കിയത്.

പത്താം ഷെഡ്യൂളിന്‍റെ ഭാവി? :സംസ്ഥാന അസംബ്ലികളിൽ സ്‌പീക്കർ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചുള്ള ഡാറ്റ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (ഇംഗ്ലീഷില്‍ പോലും) ലഭ്യമല്ല. ഇത് പത്താം ഷെഡ്യൂളിന്‍റെ സമഗ്രമായ മൂല്യനിർണ്ണയത്തെ തടയുന്നതാണ്. എന്നിരുന്നാലും നിയമത്തിന്‍റെ വിജയങ്ങൾ അക്കമിട്ട് നിരത്തി, നിയമം ഇപ്പോള്‍ ഏതാണ്ട് പ്രവർത്തനരഹിതമായി തുടരുകയാണ് എന്ന് പറയുന്നതാണ് ശരി.

ഈ വർഷം ആദ്യം, ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫിസേഴ്‌സ് കോൺഫറൻസിൽ, ഈ നിയമം അവലോകനം ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. പത്താം ഷെഡ്യൂളിന്‍റെ പ്രകടനത്തെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തി, പാർലമെന്‍ററി ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു കൂറുമാറ്റ വിരുദ്ധ നിയമം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനും ആവശ്യമായത് ഈ കമ്മിറ്റി ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Also Read :ഹരിയാന ബിജെപി സർക്കാരിന്‍റെ നിലനില്‍പ്പ് തുലാസില്‍, കേവല ഭൂരിപക്ഷം നഷ്‌ടമായി; 3 സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു - Hariyana BJP Govt In Trouble

Last Updated : May 15, 2024, 9:20 AM IST

ABOUT THE AUTHOR

...view details