കേരളം

kerala

രാമപുണ്യം നിറഞ്ഞ് കര്‍ക്കടകം: രാമനും പലവിധ രാമായണങ്ങളും, അറിയാം ദക്ഷിണ പൂര്‍വ ഏഷ്യയിലെ രാമായണങ്ങളെ കുറിച്ച് - Ramayanas of Countries

By ETV Bharat Kerala Team

Published : Jul 16, 2024, 9:42 PM IST

രാമായണ വായനയുടെ പുണ്യവും മധുരവും നിറഞ്ഞ് കര്‍ക്കടക സന്ധ്യകള്‍. ദക്ഷിണ പൂര്‍വ ഏഷ്യയിലെ രാമായണങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം.

Ramayanas of South East Asia  രാമനും പലവിധ രാമായണങ്ങളും  രാമായണത്തെ കുറിച്ച് അറിയാം  Different Ramayanas In Asia
Ramayanam (ETV Bharat)

ജ്ഞാന മാതാവായ ഇന്ത്യ ലോകത്തെ പഠിപ്പിക്കാനായി തന്‍റെ പുരാണേതിഹാസങ്ങള്‍ അയല്‍ രാജ്യങ്ങള്‍ക്ക് കൂടി പകുത്ത് നല്‍കി. നിയമസംഹിതകളുടെയും തത്വശാസ്‌ത്രത്തിന്‍റെയും മാതാവായ ഭാരതം ഏഷ്യയുടെ മൂക്കാല്‍ ഭാഗത്തും ഒരു ഭഗവാനെയും ഒരു മതത്തെയും ഒരു തത്വത്തെയും ഒരു കലയെയും നല്‍കി. അത്തരത്തിലൊന്നാണ് 2500 കൊല്ലങ്ങള്‍ക്ക് മുമ്പ് മഹര്‍ഷി വാത്മീകി എഴുതിയ രാമായണം.

ഏറ്റവും ബൃഹത്തായ ആഗോള ഇതിഹാസം:

ലോകത്തെ ഏറ്റവും മഹത്തായ മത ഗ്രന്ഥമാണ് രാമായണം. ദക്ഷിണേഷ്യന്‍ രാഷ്‌ട്രങ്ങളുടെ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ നിര്‍ണായക സ്വാധീന ശക്തിയാണ് രാമായണം. ഈ രാജ്യങ്ങളിലെ നാടകങ്ങളില്‍, സംഗീതത്തില്‍ ചിത്രങ്ങളില്‍, ശില്‍പ്പങ്ങളില്‍ എന്തിനേറെ ഭരണകൂടങ്ങളില്‍ പോലും രാമായണത്തിന്‍റെ സ്വാധീനം നമുക്ക് അനുഭവിക്കാനാകും. ഹിന്ദു സംസ്‌കാരം പിന്തുടരുന്നവരുടെ ഇടയില്‍ മാത്രമല്ല ബുദ്ധമതക്കാരിലും എന്തിനേറെ ഇസ്‌ലാം മത വിശ്വാസികള്‍ക്കിടയില്‍ പോലും രാമായണത്തിന്‍റെ സ്വാധീനം കാണാം. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിക്കപ്പെട്ട ഇതിഹാസ കാവ്യം കൂടിയാണ് രാമായണം.

നിരവധി ദക്ഷിണേഷ്യന്‍ ഭരണധികാരികള്‍ ഭഗവന്‍ രാമന്‍റെ നാമം തങ്ങളുടെ ഔദ്യോഗിക പേരായി സ്വീകരിച്ചിരുന്നു. ഇതിലൂടെ ഭഗവാന്‍ വിഷ്‌ണുവിന്‍റെ അനുഗ്രഹം തങ്ങളുടെ കുലത്തിന് ലഭിക്കുന്നുവെന്ന് ഇവര്‍ വിശ്വസിച്ചു. പല ദക്ഷിണേഷ്യന്‍ നഗരങ്ങളും മെട്രോപൊളിറ്റന്‍ നഗരങ്ങളും വാത്മീകി രാമായണത്തിലെ പേരുകളിലാണ് അറിയപ്പെടുന്നത്.

ദക്ഷിണേഷ്യന്‍ സംസ്‌കാരങ്ങളില്‍ രാമായണത്തിന്‍റെ പാരമ്പര്യം അവകാശപ്പെടുന്ന നാം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറില്‍ റിലേഷന്‍സിന്‍റെ ആഭിമുഖ്യത്തില്‍ രാജ്യാന്തര രാമായണോത്സവം സംഘടിപ്പിക്കുകയാണ്. ഇന്ത്യ ഉപദ്വീപിലെ രാമായണത്തിന്‍റെ നൂറോളം വ്യത്യസ്‌ത വ്യാഖ്യാനങ്ങളാണ് ഈ സഹൃദയ സാംസ്‌കാരിക നയതന്ത്രത്തില്‍ ഭാഗഭാക്കാകുക. തായ്‌ലന്‍ഡിന് തങ്ങളുടേതായ രാമായണമുണ്ട്.

രാമകിയേന്‍ എന്നാണിതിന് പേര്. ഇതിനെ അടിസ്ഥാനമാക്കി ഖോന്‍ നൃത്തനാടകവും ഇവര്‍ നടത്തിവരുന്നു. രാമായണത്തിന്‍റെ ഫിലിപ്പൈന്‍ വ്യാഖ്യാനമായ മഹാരതിയ ലവാനയെ അടിസ്ഥാനമാക്കി അവരുടെ സിന്‍കില്‍ നൃത്തവും ഉണ്ട്. ജാവ ദ്വീപ് നിവാസികള്‍ക്ക് കക്കാവിന്‍ രാമായണമാണ് ഉള്ളത്.

ലാവോസ്, മ്യാന്‍മര്‍, കമ്പോഡിയ തുടങ്ങിയവര്‍ക്കും രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങളുണ്ട്. ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്നാം തുടങ്ങിയവര്‍ക്കും അവരുടേതായ രാമായണ പാരമ്പര്യങ്ങളുണ്ട്.

ബുദ്ധമത രാമായണങ്ങള്‍:മ്യാന്‍മര്‍, ലാവോസ്, കമ്പോഡിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ മുമ്പ് തേവാഡ ബുദ്ധമതമായിരുന്നു നിലനിന്നിരുന്നത്. എങ്കിലും ഇവിടെ രാമായണത്തിന്‍റെ ചില സ്വാധീനങ്ങള്‍ നമുക്ക് കാണാം.

രാമായണത്തിന്‍റെ ബര്‍മ്മയിലെ വ്യാഖാനം യാമായന അഥവ യാമ സത്‌ദാവ് എന്ന് അറിയപ്പെടുന്നു. തേരവാദ ബുദ്ധമതത്തില്‍ ഇത് ജാതക കഥകളിലൊന്നായി അവതരിപ്പിക്കപ്പെടുന്നു. ഇതില്‍ രാമനെ യാമ എന്നും സീതയെ തിദ എന്നുമാണ് വിവക്ഷിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ അനവരത രാജാവിന്‍റെ കാലത്ത് വായ്‌മൊഴിയായി പ്രചരിച്ചിരുന്ന കഥകളാണിവയെന്ന് കരുതപ്പെടുന്നു.

രാജ്യത്ത് ഇന്നും ഇവ നിലനിന്ന് പോരുന്നു. തായ് വ്യാഖ്യാനമായ രാമകിയേനില്‍ നിന്ന് ചില പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇത് പതിനെട്ടാം നൂറ്റാണ്ടിലെ അയുത്യ രാജധാനിയോടെ കൂടുതല്‍ ജനകീയമാക്കപ്പെട്ടു. പതിനാറ് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ മലേഷ്യ, ഇന്തോനേഷ്യ സംസ്‌കാരങ്ങളില്‍ നിന്നുള്ള ബുദ്ധമതേതര ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനൊപ്പമായിരുന്നു ഇത്.

യാമ സത്ദാവിനെ അടിസ്ഥാനമാക്കിയുള്ള ബര്‍മയിലെ പാരമ്പര്യ നൃത്ത രൂപങ്ങളിലെ സൗന്ദര്യാത്മകതയടക്കം പലതും മറ്റ് രാമായണ വ്യാഖ്യാനങ്ങളില്‍ നിന്ന് പലത് കൊണ്ടും ഏറെ വ്യത്യസ്‌തമായിരുന്നു.ബുദ്ധമതത്തിന്‍റെ മറ്റൊരു രാമായണ വ്യാഖ്യാനമാണ് ലാവോയിലെ ദേശീയ ഇതിഹാസമായ ഫ്ര ലാക് ഫ്ര റാം.

ദക്ഷിണേഷ്യയിലെ മെക്കോങ് നദിയുടെ തീരത്താണ് ഈ കഥയിലെ ഏറിയ പങ്കും അരങ്ങേറുന്നത്. നാം ഗംഗ എന്ന് വിളിക്കുന്ന നദിയാണിത്. ഇതിലെ രാമന്‍ ഗൗതമ ബുദ്ധന് മുമ്പ് ജീവിച്ചിരുന്ന ഒരു ദൈവിക പുരുഷനാണെന്നാണ് വിശ്വാസം. ധാര്‍മ്മികതയുടെ ആള്‍ രൂപം. അത് പോലെ തന്നെ രാവണന്‍ ബുദ്ധന്‍റെ മോക്ഷത്തിലേക്കുള്ള വഴി തടയുന്ന മാരന്‍റെ മുന്‍ഗാമിയാണെന്നാണ് വിശ്വസിക്കുന്നത്.

കമ്പോഡിയയിലെ ദേശീയ പുരാണ ഗ്രന്ഥമായ രീംകറില്‍ രാമനെ പ്രിയാഹ് റീമായി ചിത്രീകരിച്ചിരിക്കുന്നു. ലക്ഷ്‌മണന്‍റെ പേര് പ്രിയാഹ് ലീക് ന്നാണ്. സീതയെ നെയാങ് സെദ എന്ന് വിവിക്ഷിച്ചിരിക്കുന്നു. വാത്മീകി രാമായണത്തില്‍ ഇല്ലാത്ത രണ്ട് ഭാഗങ്ങള്‍ കൂടി ഇതിലുണ്ട്. ഹനുമാനുമായുള്ള രാമന്‍റെ ഏറ്റുമുട്ടലും മത്സ്യകന്യക സൊവാന്‍ മച്ചയുമായുള്ള ഏറ്റുമുട്ടലുമാണിതില്‍ ഉള്ളത്.

രീംകര്‍ ഏഴാം നൂറ്റാണ്ടില്‍ ഉണ്ടായ ഗ്രന്ഥമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഖമെര്‍ ജനതയുടെ നൃത്ത രൂപമായ ലഖോണ്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് ഖമെര്‍ രാജകൊട്ടാരത്തെയും അങ്കര്‍വാട്ടിലെ ഭിത്തികളെയും ബാന്തെ ശ്രീ ക്ഷേത്രത്തിന്‍റെ ചുമരുകളെയും അലങ്കരിക്കുന്നത്. വാത്മീകി രാമായണത്തിലെ ഉത്തരഖാണ്ഡത്തില്‍ പറയുന്നത് പോലെ തന്നെ റീകറിലെ രാമനും നെയാങ് സെദയുടെ ചാരിത്ര്യത്തില്‍ സംശയമുണ്ടാകുകയും അവളെ അഗ്നിപരീക്ഷണത്തിന് വിധേയമാക്കുകയും അവള്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. അഗ്നി പരീക്ഷയ്ക്ക് ശേഷം പക്ഷേ അവള്‍ രാമനെ ഉപേക്ഷിച്ച് വാത്മീകിയുടെ ആശ്രമത്തില്‍ അഭയം തേടുകയാണ്. അവിടെ വച്ചാണ് അവള്‍ തന്‍റെ ഇരട്ടപുത്രന്‍മാര്‍ക്ക് ജന്മം നല്‍കുന്നത്. പിന്നീട് ഇവര്‍ രാമനുമായി ഒന്നിക്കുന്നുണ്ട്.

തായ്‌ലന്‍ഡിന്‍റെ ദേശീയ പുരാണമായ രാംകെയിന് 700 വര്‍ഷം പഴക്കമുണ്ട്. ഇതിന്‍റെ പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. 1766-1767 കാലഘട്ടത്തില്‍ ബര്‍മീസ് ബര്‍മ്മയിലെ കൊന്‍ബൗങ് വംശത്തിന്‍റെ കാലത്തുണ്ടായ അധിനിവേശത്തിലാണ് ഇവ നശിപ്പിക്കപ്പെട്ടത്. സിയാമിലെ ചക്രി രാജവംശത്തിലെ ആദ്യ ചക്രവര്‍ത്തി ആയിരുന്ന രാമ ഒന്നാമന്‍റെ കാലത്തുള്ള രാമായണമാണ് ഇന്ന് തായ്‌ലന്‍ഡില്‍ അവതരിപ്പിക്കപ്പെടുന്നത്. ദശരഥ നാടകമെന്നറിയപ്പെടുന്ന ജാതക കഥകള്‍ക്ക് പുറമെ രാമകിയേന്‍ വിഷ്‌ണുപുരാണത്തില്‍ നിന്നും ഹനുമാന്‍ നാടകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ട്. രാമകിയേന് വാത്മീകി രാമായണവുമായി ഏറെ സാമ്യം ഉണ്ട്. തായ്‌ലന്‍ഡിലെ പ്രധാനപ്പെട്ട അവതരണ കലകളില്‍ ഒന്നാണ് രാമകിയേന്‍.

മുസ്‌ലീം രാമായണം:

ലോകത്തെ ഏറ്റവും വലിയ മുസ്‌ലീം രാഷ്‌ട്രമായ ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ പുരാണമായ രാമായണം നിലനില്‍ക്കുന്നുവെന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സംഗതി ആയിരിക്കും. ദക്ഷിണേഷ്യന്‍ ഇസ്‌ലാമിന്‍റെ സാംസ്‌കാരിക വഴക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മേഖലയിലെ ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ സ്വാധീനവും ഇത് പ്രകടമാക്കുന്നു. ജാവനീസ് നഗരമായ യോഗ്യകര്‍ത്ത രാമന്‍റെ രാജധാനി ആയിരുന്ന അയോധ്യയുടെ മറ്റൊരു പേരാണെന്നാണ് വിശ്വസിക്കുന്നത്.

സെദ്രതാരി രാമായണമെന്ന രാമായണ വ്യാഖ്യാനം പാവകളിയിലൂടെ രംഗത്ത് അവതരിപ്പിക്കപ്പെടുന്നു. വയാങ് കുലിത് എന്ന ഈ പാവക്കൂത്ത് ദിവസങ്ങളോളം രാത്രിയില്‍ അവതരിപ്പിക്കുന്നു. വയാങ് വോങ് പാരമ്പര്യത്തിലൂന്നിയുള്ള അവതരണമാണിത്. ഹിന്ദു ക്ഷേത്രമായ പ്രമ്പനനിലും യോഗ്യകര്‍ത്ത പുരവിസ്‌താദ സാംസ്‌കാരിക കേന്ദ്രത്തിലുമാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.

ഇതിന് പുറമെ ഹയാത്ത് റീജന്‍സി, യോഗകര്‍ത്ത ഹോട്ടല്‍ എന്നിവിടങ്ങളിലും അവതരിപ്പിക്കപ്പെടുന്നുണ്ട്. വാത്മീകി രാമായണത്തില്‍ നിന്നുള്ള സുപ്രധാന വ്യതിയാനം ധയാന എന്ന സര്‍വവ്യാപിയായ ഒരു ദൈവമാണ്. ജാവനീസിന്‍റെ രക്ഷകനാണ് ഈ ഭഗവാന്‍. ഇദ്ദേഹത്തിന് മൂന്ന് പുത്രന്‍മാരുമുണ്ട്. ഗാരെങ്, പെട്രുക്, ബാംഗോങ് എന്നിവരാണ് അത്.

മലേഷ്യന്‍ പുരാണമായ ഹിയാകത് സെറി രാമ തമിഴ്‌ വ്യാപാരികളുമായുള്ള ബന്ധത്തിലൂടെയാണ് ഉടലെടുത്തത്. രാജ്യം ഇസ്‌ലാം മതം വരിക്കുന്നതിന് മുമ്പും ശേഷവും ഇവര്‍ക്ക് തമിഴ്‌ വ്യാപാരികളുമായി ഏറെ അടുപ്പം ഉണ്ടായിരുന്നു. രാമായണത്തിന്‍റെ ആശയങ്ങളും മറ്റും തങ്ങളുടെ പുത്തന്‍ മതത്തിന് വിരുദ്ധമല്ലെന്ന് പതിനാലാം നൂറ്റാണ്ടില്‍ രാജ്യത്ത് ഇസ്‌ലാം മതം വന്നശേഷം അവര്‍ തിരിച്ചറിഞ്ഞു. 1300-1700 എഡിക്കിടെ രാമായണത്തെ അവര്‍ അറബി ഭാഷയിലെ കഥകള്‍ എന്നര്‍ത്ഥം വരുന്ന ഹിക്കായത്ത് ആക്കി മാറ്റി.

മലേഷ്യന്‍ സാഹിത്യ പാരമ്പര്യത്തില്‍ ഇതിന് നിര്‍ണായക സ്ഥാനമാണ് ഉള്ളത്. രാമായണത്തിന്‍റെ മലേഷ്യന്‍ വ്യാഖ്യാനത്തില്‍ പക്ഷേ രാമനെക്കാള്‍ വിശ്വസ്‌തനായി രാവണനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മഹാരാജ വണ എന്നാണ് രാവണനെ മലേഷ്യന്‍ രാമായണം വിളിക്കുന്നത്. രാമനെ സെറിരാമ എന്നും വിളിക്കുന്നു. ഈ രാമന്‍ അഹംഭാവിയും സ്വാര്‍ഥനുമാണ്.

ഫിലിപ്പൈന്‍സിലെ രാമായണത്തെ മഹാരദിയ ലാവണ എന്നാണ് വിളിക്കുന്നത്. ഇതില്‍ ഇസ്‌ലാമിക അംശങ്ങളും മാലാഖമാരും സുല്‍ത്താനും ഷായും അള്ളാഹുവും ഒക്കെയുണ്ട്. ദാരാജെന്‍ വിശ്വാസം അനുസരിച്ചാണ് ഈ ഇതിഹാസം ഉണ്ടാക്കിയിട്ടുള്ളത്. മാരാനോ ജനതയുടെ ജീവിതം കേന്ദ്രീകരിച്ചാണ് ഇതിലെ കഥകള്‍. ഇവരുടെ ചരിത്രം ഈ ഇതിഹാസത്തിന്‍റെ അവതരണത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. സിങ്കളി നൃത്ത രൂപത്തില്‍ പരിസ്ഥിതി നാശത്തിന്‍റെയും പരിണാമത്തിന്‍റെയും എല്ലാം കഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മുളവടികളിലൂടെ നര്‍ത്തകര്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു കൊണ്ടാണ് നൃത്തം അവതരിപ്പിക്കുന്നത്.

പ്രചോദനങ്ങളുടെ ഭണ്ഡാരം:ജീവിക്കുന്ന വലിയൊരു പാരമ്പര്യമാണ് രാമായണം. ദക്ഷിണേഷ്യന്‍ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന ഈ ഗ്രന്ഥം ഇന്ത്യന്‍ ഉപദ്വീപിലെ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കുന്നു. ദക്ഷിണ ചൈനാക്കടലിന്‍റെ വടക്ക് ഭാഗം മുതല്‍ മലയ് ദ്വീപസമൂഹം വരെ നീണ്ട് കിടന്ന സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന രാമന്‍ തലമുറകളെ പ്രചോദിപ്പിക്കുന്ന ഭരണാധികാരിയാണ്. ഈദ്വീപുകള്‍ ഉള്‍പ്പെടുത്തിയതിലൂടെ രാമന്‍ കൂടുതല്‍ മാനുഷികനായി ഈ ഗ്രന്ഥത്തില്‍ നമുക്ക് അനുഭവവേദ്യമാകുന്നു. വാത്മീകി രാമായണവും ഇതിന്‍റെ വൈവിധ്യമാര്‍ന്ന പല വ്യാഖ്യാനങ്ങളും ഈ പുരാണം വായനക്കാരന് സമ്മാനിക്കുന്നത് വലിയൊരു വായനാനുഭവമാണ്.

അവതാര പുരുഷനായ രാമന്‍ പൂര്‍ണതയിലേക്കുള്ള പ്രയാണത്തിലാണ്. പക്ഷേ ഇയാള്‍ക്കും തെറ്റുകള്‍ സംഭവിക്കുന്നുണ്ട്. സീതയും അപൂര്‍ണയാണ്. പെട്ടെന്ന് കുപിതനാകുന്ന ലക്ഷ്‌മണനും ഉള്‍ക്കൊള്ളാനാകാത്ത വ്യക്തിത്വമായ രാവണവനുമെല്ലാം നമുക്ക് ചുറ്റിലും നിന്ന് കണ്ടെടുക്കാനാകുന്നവരാണ്. പല വ്യാഖ്യാനങ്ങളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടെങ്കിലും ഇന്ത്യയുടേതാണ് യഥാര്‍ഥ രാമായണമെന്ന് ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ വിശ്വസിക്കുന്നു. ഈ മഹത് ഗ്രന്ഥം തലമുറകള്‍ക്ക് പ്രചോദനമാകുന്നു. മുതിര്‍ന്നവരെയും യുവാക്കളെയും മാത്രമല്ല നമ്മുടെ ഉദ്യോഗസ്ഥവൃന്തത്തെയും നയതന്ത്രജ്ഞരയെുമെല്ലാം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രാപ്‌തമായ ഗ്രന്ഥമാണ് ഇതെന്ന് നിസംശയം പറയാം.

Also Read:കര്‍ക്കടകത്തില്‍ രാമായണം വായിക്കേണ്ടത് എങ്ങനെ; രാമായണ മാസാചരണത്തിന്‍റെ ആചാരാനുഷ്‌ഠാനങ്ങളറിയാം

ABOUT THE AUTHOR

...view details