ജനീവ : 1984 ലെ ഇന്ത്യൻ എയർലൈൻസ് വിമാന ഹൈജാക്കിങ് ഓർത്തെടുത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജനീവയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനിടെയാണ് 'ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്' നെറ്റ്ഫ്ലിക്‌സ് വെബ് സീരിസിനെക്കുറിച്ചുയർന്ന ചോദ്യത്തിന് മറുപടി പറയവെ വിദേശകാര്യമന്ത്രി പഴയ സംഭവം ഓർത്തെടുത്തത്.
തൻ്റെ പിതാവും അതേ വിമാനത്തിൽ യാത്രക്കാരനായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഈ പ്രതിസന്ധി കൈകാര്യം ചെയ്‌ത ടീമിൽ ജയശങ്കർ ഉണ്ടായിരുന്നു. അന്ന് ചെറിയ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു താന്‍.
ഹൈജാക്കിങ് നടന്ന് 3-4 മണിക്കൂർ കഴിഞ്ഞപ്പോൾ വീട്ടിലേക്ക് വരാനാവില്ലെന്ന് പറയാന്‍ വിളിച്ചപ്പോഴാണ് തന്‍റെ പിതാവും വിമാനത്തിലുള്ളത് അറിയുന്നത്. ഒരേ സമയം രക്ഷാപ്രവർത്തന സംഘത്തിന്‍റെയും സർക്കാരിന് മേൽ സമ്മർദം ചെലുത്തുന്ന കുടുംബങ്ങളുടെയും ഭാഗമായിരുന്നു താന്‍ അന്നെന്ന് ജയശങ്കർ ഓർത്തെടുത്തു.
അതേ സമയം സംഭവത്തെ അടിസ്ഥാനമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്‌ത നെറ്റ്ഫ്ലിക്‌സ് വെബ് സീരിസ് ഐസി 814: ദി കാണ്ഡഹാർ ഹൈജാക്കിനെക്കുറിച്ച് അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറായില്ല. സീരിസുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. താന്‍ സീരിസ് കണ്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
#WATCH | Geneva: On 'IC 814: The Kandahar Hijack' Netflix web series, EAM Dr S Jaishankar says, " i haven't seen the film, so i don't want to comment. in 1984, there was a hijacking. i was a very young officer. i was part of the team which was dealing with it. after 3-4 hours of… pic.twitter.com/tGMX4MP5nl
— ANI (@ANI) September 13, 2024
1999 ഡിസംബർ 24-ന് കാഠ്‌മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം IC 814 ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ഹൈജാക്ക് ചെയ്യപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ആറ് എപ്പിസോഡ് വരുന്ന ഈ പരമ്പര. 179 പേർ അന്ന് ബന്ധികളാക്കപ്പെട്ടിരുന്നു. എന്നാൽ പരമ്പരയിൽ തീവ്രവാദികളുടെ ഐഡന്‍റിറ്റി തെറ്റായി ചിത്രീകരിച്ചെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേനയുടെ തലവൻ സുർജിത് സിങ് യാദവ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യഥാർഥ ഹൈജാക്കർമാരായ ഇബ്രാഹിം അക്തർ, ഷാഹിദ് അക്തർ സയീദ്, സണ്ണി അഹമ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവർക്ക് ഹൈന്ദവദൈവം ശിവനുമായി ബന്ധപ്പെട്ട പേരുകൾ തെറ്റായി നൽകിയെന്ന് അവകാശപ്പെട്ടായിരുന്നു ഹർജി. പിന്നീട് സെപ്റ്റംബർ 6 ന് ഹർജി പിന്‍വലിക്കുകയായിരുന്നു.