തിരുവനന്തപുരം: മലപ്പുറം എസ്‌പിയെ ഉള്‍പ്പെടെ മാറ്റി അന്‍വറിനെ പ്രീതിപ്പെടുത്താമെന്ന സിപിഎമ്മിൻ്റെ പ്രതീക്ഷകള്‍ പാളി. മുമ്പത്തേക്കാള്‍ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫിസിനെ കൂടി പ്രതിക്കൂട്ടിലാക്കി വീണ്ടും അന്‍വര്‍ ഇന്ന് (സെപ്‌റ്റംബർ 11) രംഗത്തെത്തി. മലപ്പുറം പ്രസ് ക്ലബില്‍ അന്‍വര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കലിയടങ്ങയിട്ടില്ലെന്ന സന്ദേശം കൃത്യമായി സിപിഎമ്മിന് മുന്നില്‍ അന്‍വര്‍ വയ്ക്കുന്നത്.
ഇന്നലെ (സെപ്‌റ്റംബർ 10) രാത്രിയോടെയാണ് അന്‍വറുമായി ഇടഞ്ഞുനിന്ന മലപ്പുറം എസ്‌പി ശശിധരന്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. മാത്രമല്ല അന്‍വറിൻ്റെ ആരോപണത്തിനിരയായ താനൂര്‍ ഡിവൈഎസ്‌പി ബെന്നിയെയും സ്ഥലം മാറ്റിയിരുന്നു. ഇത് അന്‍വറിനെ അനുനയിപ്പിക്കുന്നതിൻ്റെ ഭാഗമായി കൈക്കൊണ്ട നടപടിയായിരുന്നെങ്കിലും തൻ്റെ ആത്യന്തിക ലക്ഷ്യം ഇതൊന്നുമല്ലെന്ന സൂചനയാണ് ഇന്നത്തെ ആരോപണങ്ങളിലൂടെ അന്‍വര്‍ നല്‍കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പതിവുപോലെ എഡിജിപി എംആര്‍ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും അന്‍വര്‍ ഇന്ന് വലിച്ചുകീറി. ആര്‍എസ്എസ് നേതാക്കളുമായി എംആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്‌ചകള്‍ സംബന്ധിച്ച പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോര്‍ട്ടുകള്‍ പി.ശശിയും അജിത്കുമാറും ചേര്‍ന്ന് മുക്കിയെന്നാണ് അന്‍വറിൻ്റെ പുതിയ ആരോപണം.
മുഴുവന്‍ ഇൻ്റലിജന്‍സ് റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രിക്ക് മുന്നിലെത്താതെ പി.ശശി എന്ന ബാരിക്കേഡില്‍ തട്ടിത്തെറിക്കുകയാണെന്ന് അന്‍വര്‍ ആരോപിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫിസാണ് പ്രതിക്കൂട്ടിലായത്. എകെജി സെൻ്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടും കുണ്ടമണ്‍കടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കലുമായി ബന്ധപ്പെട്ടും സിപിഎം മുന്‍ തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ ഐപി ബിനുവിനെയും കാരായിരാജനെയും പ്രതിയാക്കുന്നതിന് വേണ്ടി അവരുടെ ഫോണ്‍ ചോര്‍ത്തി.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കലിൻ്റെ ഉത്തരവാദിത്തം സിപിഎമ്മിലേക്ക് തിരിക്കാന്‍ എഡിജിപി ശ്രമിച്ചു. സംഭവത്തിലെ യഥാര്‍ഥ പ്രതി പ്രകാശിൻ്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ തയ്യാറായില്ല. കേസ് അന്വേഷണത്തിന് പൊലീസ് നിയോഗിച്ച ഡിവൈഎസ്‌പി ബിജെപിയുടെ ബൂത്ത് ഏജൻ്റായിരുന്നെന്നുളള ആരോപണവും അന്‍വര്‍ ഉയര്‍ത്തി. ഏതായാലും അന്‍വറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളൊന്നും ഫലം കാണുന്നില്ലെന്ന് മാത്രമല്ല, അനുദിനം അന്‍വര്‍ സിപിഎമ്മില്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.
എംആര്‍ അജിത്കുമാറിൻ്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച സംബന്ധിച്ച് സിപിഐ പരസ്യമായി കടുത്ത അതൃപ്‌തി ഉയര്‍ത്തിയിരിക്കുകയുമാണ്. ഇന്ന് (സെപ്‌റ്റംബർ 11) നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐയും മറ്റൊരു ഘടക കക്ഷിയായ ആര്‍ജെഡിയും ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന കാര്യം ഉറപ്പാണ്. ഉച്ചയ്ക്ക് 3 മണിക്ക് എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇന്ന് അന്‍വറിൻ്റെ മിസൈലാക്രമണങ്ങള്‍.
ഇത് നീട്ടിക്കൊണ്ടുപോകാന്‍ സിപിഎം എന്തായാലും ആഗ്രഹിക്കുന്നുണ്ടാകില്ല. സ്വന്തം പാര്‍ട്ടിക്കാരന്‍ പോലുമല്ലാത്ത ഒരു സഹയാത്രികനായ എംഎല്‍എയെ കയറൂരിവിടാന്‍ സിപിഎം എത്രത്തോളം തയ്യാറാകുമെന്നാണ് ഇനി അറിയാനുള്ളത്. അതല്ല, ഉറഞ്ഞ് തുള്ളുന്ന അന്‍വറിനെ തണുപ്പിക്കാന്‍ തലകള്‍ ഉരുളുമോ എന്നതിനും വ്യക്തതയില്ല. എല്‍ഡിഎഫ് യോഗ തീരുമാനങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും.