ബംഗ്ലാദേശിലെ ധാക്കയിലുള്ള ലിബറേഷൻ വാർ മ്യൂസിയത്തിൽ ബംഗ്ലാദേശിന്‍റെ ആദ്യ പ്രസിഡന്‍റും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാൻ, ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്നിവരുടേതടക്കമുള്ള വിമോചന സമരത്തിൻ്റെ ഫോട്ടോകൾ കാണാം. വിമോചന യുദ്ധകാലത്തെ ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിൻ്റെ കഥകൾ വിളിച്ചോതുന്നതാണ് ഈ മ്യൂസിയം. ബംഗ്ലാദേശ് വിമോചന സമരത്തിന്‍റെയും അതിന് നേതൃത്വം നൽകിയവരുടെയും ഓർമകൾ ഉറങ്ങുന്ന ഇത്തരം യുദ്ധസ്‌മാരകങ്ങളെ പുതിയ ഭരണകൂടം ആദരിക്കുമോ?.
"മഹത്തായ കാര്യങ്ങൾ നേടിയെടുക്കുന്നത് മഹത്തായ ത്യാഗത്തിലൂടെയാണ്" എന്ന ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍റെ വാക്കുകളാണ് ലിബറേഷൻ വാർ മ്യൂസിയത്തിന്‍റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. വിമോചന യുദ്ധകാലത്തെ ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിൻ്റെ കഥകൾ അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ഈ മ്യൂസിയം. ഇവിടെയെത്തുന്നവർ മ്യൂസിയം സന്ദർശിക്കുന്നതിനൊപ്പം യുദ്ധസമയത്ത് ബംഗ്ലാദേശികൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ പ്രദർശിപ്പിക്കുന്ന സിനിമ കാണുകയും ചെയ്യും. പടിഞ്ഞാറൻ പാകിസ്ഥാൻ്റെ നിയന്ത്രണത്തിനെതിരായ കലാപത്തെ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ വഹിച്ച പങ്ക് എടുത്തുകാണിക്കുന്നത് കൂടിയാണ് ഈ സിനിമ.
മ്യൂസിയത്തിലെ സെല്ലുലോയിഡ് പ്രദർശനത്തിൽ നിന്ന് ഭാവിതലമുറയ്ക്ക് ഇന്ത്യയെക്കുറിച്ചും പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്യ്രമായതിൽ ഇന്ത്യയുടെ പിന്തുണ എത്രത്തോളമാണെന്ന് മനസിലാക്കുന്നതിനും സാധിക്കും. ഇന്ത്യയെക്കുറിച്ചുള്ള ബംഗ്ലാദേശി ജനതയുടെ ധാരണകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതായിരുന്നു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന ലിബറേഷൻ സിനിമകൾ.
വിമോചന സമരത്തിൻ്റെ ഓർമ്മകൾ ജനങ്ങളിലേക്കെത്തിക്കുക എന്നതു തന്നെയാണ് മ്യൂസിയത്തിന്‍റെ പ്രധാന ലക്ഷ്യവും. സമരകാലത്തെ ആളുകൾ എത്രത്തോളം ത്യാഗം സഹിച്ചു, എങ്ങനെയാണ് ആളുകൾ അതിക്രമങ്ങളെ നേരിട്ടത് ഇത്തരം കാര്യങ്ങൾ വരുംതലമുറയെ അറിയിക്കുന്നതിനാണ് പ്രാഥമികമായും വാർ മ്യൂസിയം സ്ഥാപിക്കപ്പെട്ടത്.
ഷെ്യ്‌ഖി ഹസീനയ്‌ക്ക് തിരിച്ചടിയായത് 'റസാക്കാർ' പരാമർശം:
സ്വന്തം പതനങ്ങളുടെ കഥ തുറന്നെഴുതി സാഹിത്യത്തിലൂടെയും സിനിമകളിലൂടെയും പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയും ചെയ്‌തിരുന്ന ഒരു ഭരണാധികാരിയായിരുന്നു ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന. ബംഗ്ലാദേശിൽ വിദ്യാർഥി പ്രതിഷേധം ഇത്രയേറെ സംഘർഷ ഭരിതമാകാൻ കാരണം ഷെയ്‌ഖ് ഹസീനയുടെ 'റസാക്കാർ' എന്ന പരാമർശമാണ്. രാജ്യത്തെ സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം നൽകുന്ന സമ്പ്രദായം പുനഃസ്ഥാപിച്ചതിനെ പ്രതിഷേധമുയർന്നപ്പോൾ സ്വാതന്ത്ര്യ സമരസേനാനികളുടെയും വിമുക്ത ഭടന്മാരുടെയും കുടുംബാംഗങ്ങൾക്ക് സംവരണം നൽകിയില്ലെങ്കിൽ പിന്നെ ആനുകൂല്യം നൽകേണ്ടത് റസാക്കർമാരുടെ (സ്വാതന്ത്ര്യ സമര സമയത്ത് രാജ്യത്തെ ഒറ്റു കൊടുത്തവർ) കുടുംബങ്ങൾക്കാണോ എന്ന ചോദ്യമായിരുന്നു.
ചാരവൃത്തിയിലൂടെ പാകിസ്ഥാൻ സൈന്യത്തെ പിന്തുണക്കുകയും ബംഗ്ല സംസാരിക്കുന്ന ജനങ്ങളെ ക്രൂരമായി മർദിക്കുകയും ചെയ്‌തുവെന്നാണ് 'റസാക്കാർ'ക്കെതിരെ ആരോപിക്കപ്പെടുന്നത്. രാജ്യത്തെ ചില പ്രതിപക്ഷ അംഗങ്ങളെ ഇകഴ്ത്താൻ വേണ്ടി മാത്രം 'റസാക്കാർ' എന്ന വാക്ക് അമിതമായി ഉപയോഗിക്കുന്ന ഹസീന സർക്കാരിന് അടുത്തുണ്ടായ വിദ്യാർഥി പ്രക്ഷോഭം തിരിച്ചടിയായി.
യുദ്ധസ്‌മാരകങ്ങൾ സംരക്ഷിക്കപ്പെടുമോ?
രാഷ്ട്ര രൂപീകരണത്തിന് മുന്നിൽ നിന്ന അവാമി ലീഗ് നിലവിൽ വലിയ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ്. പ്രതിഷേധക്കാർക്ക് ഹസീനയുടെ കുടുംബത്തോടും പോലും വെറുപ്പാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഹസീന രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളിൽ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍റെ പ്രതിമ തകർത്ത സംഭവം. അത്തരം യുദ്ധസ്‌മാരകങ്ങൾ ഇനി സംരക്ഷിക്കപ്പെടുമോ എന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് പ്രതിമ തകർത്ത സംഭവം.
വിമോചന യുദ്ധകാലത്ത് ബംഗ്ലാദേശിന് പിന്തുണ നൽകിയ ഇന്ത്യ തന്നെയാണ് ഇന്ന് ഷെയ്‌ഖ് ഹസീനയ്‌ക്ക് പിന്തുണ നൽകുന്നതും. യുഎസും യുകെയും വാതിലുകൾ അടച്ചിട്ടപ്പോഴും ഹസീനയ്‌ക്ക് അഭയം നൽകിയത് ഇന്ത്യയാണ്. ബംഗ്ലാദേശിൽ നിലവിൽ വന്ന ഇടക്കാല സർക്കാരിനോടൊപ്പം നിൽക്കാൻ ഇന്ത്യയ്‌ക്കാവുമോ? ആവുമെങ്കിൽ തന്നെ പുതിയ ഇടക്കാല സർക്കാരിനൊപ്പം പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും കൊണ്ടുനടന്നിരുന്ന സൗഹൃദപരമായ അന്തരീക്ഷം തുടരാനാവുമോ? ഇതിനായി ഇന്ത്യ ഒരു ചുവടുവെപ്പ് നടത്തുമോ? ചോദ്യങ്ങൾ നിരവധിയാണ്.
രാജ്യത്തെ എല്ലാ കാര്യങ്ങളിലും തങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ടെന്ന് വിശ്വസിച്ച അവാമി ലീഗിന് ബംഗ്ലാദേശിൽ നേരിട്ടത് വലിയ തിരിച്ചടിയാണ്. ശ്രീലങ്കയ്ക്ക് ശേഷം ഏഷ്യയിലെ രണ്ടാമത്തെ രാഷ്ട്രമായി ബംഗ്ലാദേശ് മാറിയെങ്കിലും ഇതിലേക്ക് രാജ്യത്തെ എത്തിച്ച ഭരണകക്ഷി കുടുംബത്തിന് രാജ്യം വിടേണ്ടി വന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്‌ടാവായ മുഹമ്മദ് യൂനുസ് നൽകിയ ഉറപ്പ് എത്രത്തോളം ശരിയായിരിക്കുമെന്ന് കാത്തിരുന്ന് കാണുക തന്നെ ചെയ്യാം.