പതിനഞ്ച് സംസ്ഥാനങ്ങളില്‍നിന്ന് ഒഴിവ് വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള അഗങ്ങളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27 ന് നടക്കും. ആറു വര്‍ഷമാണ് രാജ്യസഭാംഗങ്ങളുടെ കാലാവധി.
ഭരണഘടനയുടെ എണ്‍പത്തി മൂന്നാം വകുപ്പ് പ്രകാരം രാജ്യസഭയുടെ കാലാവധി ഒരിക്കലും കഴിയില്ല. അല്ലെങ്കില്‍ രാജ്യ സഭ പൂര്‍ണമായും പിരിച്ചു വിടപ്പെടുന്നില്ല. രണ്ടു വര്‍ഷ ഇടവേളയില്‍ രാജ്യ സഭയില്‍ ആകെയുള്ള അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കും.എന്നാല്‍ ഈ രീതി അല്‍പ്പാല്‍പ്പം മാറ്റിമറിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആറു വര്‍ഷത്തില്‍ മൂന്നു തവണ മാത്രം നടക്കേണ്ട രാജ്യ സഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ മൂന്നിലേറെ തവണ നടന്നു വരുന്നു. ചില സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതു കാരണവും സംസ്ഥാന നിയമസഭകള്‍ കാലാവധി എത്തുന്നതിനു മുമ്പ് പിരിച്ചു വിടപ്പെട്ടതു കാരണവുമൊക്കെയാണ് ഇങ്ങിനെ തെരഞ്ഞെടുപ്പ് സമയക്രമം മാറി മറിഞ്ഞത്. രാജ്യ സഭാ തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനങ്ങളില്‍ നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയ സാഹചര്യങ്ങളിലും തെരഞ്ഞെടുപ്പ് മാറ്റി വെക്കപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷം തോറും രാജ്യ സഭാ തെരഞ്ഞെടുപ്പെന്ന പതിവ് അതോടെ അട്ടിമറിഞ്ഞു.
ഭരണഘടനയുടെ എണ്‍പതാം വകുപ്പ് പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്ന് രാജ്യസഭയിലെത്താവുന്ന പരമാവധി അംഗങ്ങള്‍ 238 ആയി നിജപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രപതിക്ക് പരമാവധി 12 അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം. ഇതുകൂടി ചേരുമ്പോള്‍ സഭയുടെ ആകെ അംഗബലം 250 ആകും. എന്നാല്‍ രാജ്യസഭയില്‍ ഇപ്പോഴുള്ളത് 245 അംഗങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂള്‍ പ്രകാരം 233 ആയി പുന ക്രമീകരിച്ചിരിക്കുന്നു. ജനസംഖ്യാ അനുപാതത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് രാജ്യസഭാ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സംവിധാനം
എണ്‍പതാം വകുപ്പ് നാലാം ഉപവകുപ്പ് പ്രകാരം നിയമസഭാംഗങ്ങളാണ് രാജ്യസഭയിലേക്ക് അതതു സംസ്ഥാനത്തു നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുക. ആനുപാതിക പ്രാതിനിധ്യ രീതിയില്‍ സിംഗിള്‍ ട്രാന്‍സ്‌ഫറബിള്‍ വോട്ട് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഓരോ പാര്‍ട്ടികള്‍ക്കും നിയസഭയില്‍ അവര്‍ക്കുള്ള അംഗബലത്തിന്‍റെ അടിസ്ഥാനത്തില്‍ ഒന്നോ അതിലേറെയോ അംഗങ്ങളെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാം എന്നതാണ് ആനുപാതിക പ്രാതിനിധ്യം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ നിയമസഭാംഗത്തിനും ഒരു വോട്ടാണ് ഉണ്ടാവുക. നിയമസഭാംഗങ്ങള്‍ക്ക് നല്‍കുന്ന ബാലറ്റ് പേപ്പറില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും പേര് രേഖപ്പെടുത്തിയിരിക്കും. ഇവരില്‍ നിന്ന് ഇഷ്‌ടാനുസരണം മുന്‍ഗണനാ ക്രമം നിശ്ചയിച്ച് ഒന്ന് രണ്ട് മൂന്ന് ക്രമത്തില്‍ ഇഷ്‌ട വോട്ട് രേഖപ്പെടുത്താം. ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് എം എല്‍ എ ഒന്നാം വോട്ട് നല്‍കിയിരിക്കണം. നിലവിലുള്ള ഒഴിവുകളേക്കാളേറെ സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുള്ള സാഹചര്യത്തില്‍ ഏതെങ്കിലും സാഥാനാര്‍ത്ഥിക്ക് അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിമാര്‍ക്ക് ഒന്നാം വോട്ടുകള്‍ വെച്ച് ജയിക്കാന്‍ വേണ്ട വോട്ട് നേടിയെടുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ മാത്രമാണ് തൊട്ടു താഴെയുള്ള രണ്ടാം പ്രിഫറന്‍സ് വോട്ടും എണ്ണാന്‍ തുടങ്ങുക.
തെരഞ്ഞെടുക്കപ്പെടാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കുറഞ്ഞത് എത്ര വോട്ട് വേണ്ടി വരും എന്നത് കണക്കാക്കുന്നത് ഇനി പറയും പ്രകാരമാണ്.
ആകെ എം എല്‍ എ മാരുടെ എണ്ണത്തെ ഒഴിവു വരുന്ന രാജ്യ സഭാ സീറ്റുകളുടെ എണ്ണത്തോട് ഒന്ന് ചേര്‍ത്ത സംഖ്യ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യക്കൊപ്പം ഒന്ന് ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യക്ക് തുല്യമായ വോട്ടാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ ആവശ്യം. ഉദാഹരണത്തിന് കേരളത്തില്‍ മൂന്ന് രാജ്യ സഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നിരിക്കട്ടെ. ഒരു സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ട വോട്ടുകള്‍ എങ്ങിനെ കണക്കാക്കാമെന്ന് പരിശോധിക്കാം. കേരളത്തിലെ ആകെ എം എല്‍ എമാര്‍ 140. അതിനെ ഒഴിവുവരുന്ന 3 സീറ്റുകളുടെ എണ്ണത്തോട് ഒന്ന് ചേര്‍ത്തു കിട്ടുന്ന സംഖ്യ അതായത് നാലു കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയോട് ഒന്ന് ചേര്‍ത്താല്‍ കിട്ടുന്നത് 36 ആണ്. അതായത് കേരളത്തില്‍ മൂന്ന് രാജ്യ സഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ ജയിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചുരുങ്ങിയത് 36 വോട്ട് വേണ്ടി വരും.
ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ സ്ഥിതി പരിശോധിച്ചാല്‍ ചിത്രം ഇങ്ങിനെയാണ്. 403 അംഗ ഉത്തര്‍ പ്രദേശ് നിയമസഭയില്‍ നാല് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ വേണ്ടത് 37 വോട്ടാണ്. നിയമസഭയില്‍ 252 അംഗങ്ങളുള്ള ബിജെപിക്ക് 222 എം എല്‍ എമാരെ വെച്ച് ആറ് സീറ്റ് നിഷ്പ്രയാസം ജയിക്കാനാവും. 30 എം എല്‍എമാരുടെ ഒന്നാം വോട്ട് ബിജെപിക്ക് ബാക്കി വരും. എന്‍ ഡി എ സഖ്യത്തിലുള്ള ഘടക കക്ഷികളില്‍ അപ്‌നാദളിന് 13 എം എല്‍ എമാരുണ്ട്. സുഹൈല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്കും നിഷാദ് പാര്‍ട്ടിക്കും ആറ് വീതം എംഎല്‍എമാരുണ്ട്. ഒന്‍പത് എംഎല്‍എമാരുള്ള ആര്‍എല്‍ഡി കൂടി എന്‍ഡിഎയില്‍ എത്തുന്നതോടെ സഭയില്‍ എന്‍ഡിഎക്ക് 286 എംഎല്‍എമാരാകും. ഏഴ് രാജ്യ സഭാ സീറ്റുകള്‍ നേടാന്‍ വേണ്ടത് 259 എംഎല്‍എ മാരാണ്. 27 എം എല്‍ എ മാരുടെ ഒന്നാം വോട്ടുകള്‍ എന്‍ഡിഎ പക്ഷത്ത് ബാക്കിയുണ്ട്. നിലവിലെ ശക്തി വെച്ച് സമാജ് വാദി പാര്‍ട്ടിക്ക് രണ്ട് രാജ്യ സഭാ സീറ്റില്‍ വിജയിക്കാനാവും. 98 സീറ്റുള്ള എസ് പിക്ക് രണ്ട് സീറ്റുള്ള കോണ്‍ഗ്രസിന്‍റെ കൂടി പിന്തുണ ലഭിക്കും. മൂന്നാം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ അധികമായി വേണ്ടത് 11 വോട്ടാണ്. എട്ടാമത്തെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ബിജെപി സഖ്യത്തിന് 10 വോട്ടും എസ് പിക്ക് 11 വോട്ടും ആവശ്യമുണ്ട്. ബിഎസ്‌പിയുടെ ഒരു എംഎല്‍എ യുടേയും അഞ്ച് മറ്റുള്ളവരുടേയും വോട്ടുകള്‍ ഇരു പക്ഷത്തും നിര്‍ണായകമാകും.
ഉപരി സഭയുടെ മൂല്യമിടിയുന്നു
നിലവാരവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് അര്‍ത്ഥവത്തായ ചര്‍ച്ചകളും വിലയിരുത്തലുകളും നടക്കുന്ന വേദിയായാണ് ഉപരിസഭയായ രാജ്യസഭയെ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയില്‍ ലോകനാഥ് മിശ്ര വിഭാവന ചെയ്‌തത്. ജനപ്രിയ വോട്ടുകള്‍ സമാഹരിച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ചുവരാനാകാത്ത യഥാര്‍ത്ഥ പ്രതിഭാധനന്മാര്‍ക്ക് അവരുടെ പ്രതിഭയും ബുദ്ധിയും സകല കഴിവുകളും പുറത്തെടുക്കാനും നിയമനിര്‍മാണത്തില്‍ പങ്കാളികളാകാനും ഉള്ള വേദിയാണ് രാജ്യ സഭയെന്ന് എം അനന്തശയനം അയ്യങ്കാറും കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കാലം കടന്നു പോയതോടെ രാജ്യസഭയുടെ ഗൗരവത്തിലും സ്വഭാവത്തിലുമൊക്കെ മാറ്റം വന്നു. ഭരണഘടനാ ശില്‍പ്പികള്‍ ഉദ്ദേശിച്ചരീതിയില്‍ ഗൗരവ തരമായ ചര്‍ച്ചകള്‍ നടക്കുന്ന പ്രതിഭകളുടേയും ചിന്തകരുടേയും പണ്ഡിതന്മാരുടേയും ഒരു സഭയെന്ന നിലയില്‍ നിന്ന് രാജ്യ സഭ ഏറെ മാറി. രാജ്യ സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മല്‍സരിക്കാമെന്ന് ജന പ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്‌തതോടെ രാജ്യ സഭയും ലോക്‌സഭ പോലെ മറ്റൊരു സഭ മാത്രമായി മാറി.കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എന്ന സങ്കല്‍പ്പം പതിയെ അപ്രത്യക്ഷമായി. പകരം രാഷ്ട്രീയക്കാരുടേയും നോമിനികളുടേയും കൗണ്‍സിലായി മാറി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെല്ലാം പാര്‍ലമെന്‍ററി പ്രക്രിയയില്‍ മികച്ച സംഭാവനകളര്‍പ്പിക്കാന്‍ ശേഷിയുള്ള പരിണിത പ്രജ്ഞരായ നേതാക്കളല്ല എന്നതും വസ്‌തുതയാണ്. ബന്ധപ്പെട്ടവരൊക്കെ ആത്മപരിശോധന നടത്തേണ്ട വിഷയമാണിത്.
പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തന രീതിയുമായി ബന്ധപ്പെട്ടാണ് പൊതുവേ രാജ്യസഭക്കെതിരെ വിമര്‍ശനം ഉയരാറുള്ളത്. പാര്‍ലമെന്‍റിലെ എല്ലാ സ്തംഭനങ്ങള്‍ക്കും നിയമനിര്‍മ്മാണ പ്രക്രിയ തടസ്സപ്പെടുന്നതിലുമെല്ലാം രാജ്യസഭയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. തുടര്‍ച്ചയുള്ള സഭയായ രാജ്യസഭയും ഓരോ അഞ്ച് വര്‍ഷത്തിലും മാറിക്കൊണ്ടിരിക്കുന്ന സഭയായ ലോക്‌സഭയും ചേര്‍ന്ന ഇന്ത്യന്‍ പാര്‍ലമെന്‍റ് സംവിധാനം അതിമഹത്തായ ഒരു മിശ്രണമാണ്.
രണ്ടു തട്ടുള്ള പാര്‍ലമെന്‍ററി സംവിധാനത്തിന്‍റേയും ഉപരിസഭയുടേയും ചരിത്രത്തിന് പതിനെട്ടാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അമേരിക്കന്‍ ഭരണ ഘടന രൂപപ്പെടുത്തുന്ന വേളയില്‍ തോമസ് ജെഫേഴ്സണ്‍ ജോര്‍ജ് വാഷിങ്ങ്ടണുമായി വലിയ തര്‍ക്കത്തിലേര്‍പ്പെട്ടു. വിഷയം മറ്റൊന്നുമായിരുന്നില്ല, ദ്വിതല നിയമനിര്‍മാണ സഭ സ്ഥാപിക്കുന്നത് എന്തിനെന്നായിരുന്നു ജെഫേഴ്സന്‍റെ ചോദ്യം. ജോര്‍ജ് വാഷിങ്ങ്ടണൊപ്പമിരുന്ന് പ്രാതല്‍ കഴിക്കുന്നതിനിടെ ജെഫേഴ്സണോട് വാഷിങ്ങ്ടണ്‍ ചോദിച്ചു. "നിങ്ങള്‍ എന്തിനാണ് കാപ്പി സോസറിലൊഴിച്ച് കുടിക്കുന്നത്". ജെഫേഴ്സന്‍റെ മറുപടി വന്നു. " തണുപ്പിക്കാന്‍" അതു കേട്ട ജോര്‍ജ് വാഷിങ്ങ്ടണ്‍ പറഞ്ഞു. " നിയമനിര്‍മാണത്തെ നമ്മള്‍ സെനറ്റെന്ന സോസറിലോഴിച്ച് തണുപ്പിക്കും. "
വിവേക് കെ അഗ്നിഹോത്രി ഐ എ എസ്, മുന്‍ രാജ്യസഭാ സെക്രട്ടറി ജനറല്‍