ഷങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്‍റെ (എസ്‌സിഒ) ഉച്ചകോടിക്ക് മുൻപായി രാജ്യത്ത് അരങ്ങേറുന്ന ഭീകരാക്രമണങ്ങൾ പാകിസ്ഥാനെ ആശങ്കയിലാഴ്ത്തുകയാണ്. ഒക്‌ടോബർ 15, 16 തീയതികളിലായി ഇന്ത്യയും ചൈനയും ഉൾപ്പെടെ 10 രാജ്യങ്ങൾ പങ്കെടുക്കുന്ന സുപ്രധാന ഉച്ചകോടിക്ക് ഇസ്ലാമാബാദ് വേദിയാകാനിരിക്കെയാണ് കഴിഞ്ഞ ദിവസം കറാച്ചിയിലെ ജിന്ന ഇൻ്റർനാഷണൽ എയർപോർട്ടിൽ ചാവേർ ആക്രമണമുണ്ടാകുന്നത്. ഭീകരാക്രമണത്തിൽ 3 ചൈനക്കാർ മരിക്കുകയും നിരവധി ചൈനക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാനിൽ നടക്കുന്ന ഭീകരാക്രമണ പരമ്പരയിലെ ഒരു സംഭവം മാത്രമാണിത്. അത്രയധികം സുരക്ഷാ ക്രമീകരണങ്ങളുള്ള, സൈനിക ഇൻസ്‌റ്റാളേഷനുകളാൽ ചുറ്റപ്പെട്ട എയർപോർട്ടിലേക്ക് ഭീകരർക്ക് നുഴഞ്ഞ് കയറാനായത് പാക് സുരക്ഷക്കുയർത്തുന്ന വെല്ലുവിളി ചെറുതല്ല. രാജ്യാന്തര നേതാക്കളുടെ ഉൾപ്പെടെ സാന്നിധ്യം ഉച്ചകോടിയിൽ പ്രതീക്ഷിക്കുമ്പോഴാണിത് എന്ന് കൂടി ഓർക്കണം.
ഉച്ചകോടി നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ സംഭവം ടാങ്കർ സ്‌ഫോടനമാണെന്ന് പറഞ്ഞ പാകിസ്ഥാൻ മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചൈനീസ് എംബസി സംഭവം ചാവേർ ആക്രമണമാണെന്ന് തിരുത്തി. അതിനിടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) രംഗത്തെത്തി. ആക്രമണത്തിന് പിന്നിൽ തങ്ങളുടെ മജീദ് ബ്രിഗേഡാണെന്ന് ഇവർ പറഞ്ഞു.
Jinnah International Airport, Karachi (ETV Bharat) ആക്രമണത്തിന് ശേഷം:ഇസ്‌ലാമാബാദിലെ ചൈനീസ് എംബസിയുടെ പ്രസ്‍താവനയനുസരിച്ച് 'പോർട്ട് ഖാസിം ഇലക്ട്രിക് പവർ കമ്പനി (പ്രൈവറ്റ്) ലിമിറ്റഡിൻ്റെ ചൈനീസ് എഞ്ചിനീയർമാരെ വഹിച്ചുകൊണ്ട് പോകുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പാകിസ്ഥാന്‍ ധനകാര്യ മന്ത്രാലയം ഡെബ്റ്റ് നെഗോസിയേഷൻ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി കൂടിയാണിത്.
ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും ചൈനീസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും പാകിസ്ഥാനിലെ പദ്ധതികളുടെയും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും എംബസി പ്രസ്‍താവനയിറക്കി. തുടർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചൈനീസ് എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണം നേരിട്ട് നിരീക്ഷിക്കുമെന്ന് അംബാസഡർക്ക് ഉറപ്പ് നൽകുകയും ചെയ്തു.
എന്നിരുന്നാലും തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ സ്വന്തം സേനയെ പാക്കിനുള്ളിൽ വിന്യസിക്കാൻ അനുവദിക്കണമെന്ന് ചൈന ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചൈനയും പാകിസ്ഥാനും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും സുരക്ഷാ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഒരു ചൈനീസ് ദിനപത്രം എഡിറ്റോറിയലിൽ പരാമർശിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ഈ ആവശ്യം അംഗീകരിച്ചാൽ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അത് സ്വന്തം കഴിവില്ലായ്‌മയെ അംഗീകരിക്കുന്നതിന് തുല്യമായിരിക്കും.
ചൈനക്കാർക്ക് നേരെയുള്ള ആദ്യത്തെ ആക്രമണമല്ല:പാകിസ്ഥാനിൽ ജോലി ചെയ്യുന്ന ചൈനക്കാർക്ക് നേരെയുണ്ടാകുന്ന ആദ്യത്തെ ഭീകരാക്രമണമല്ല ഇത്. പാകിസ്ഥാനിൽ ഭീകരാക്രമണത്തിൽ പൗരന്മാർ കൊല്ലപ്പെടുമ്പോഴെല്ലാം ചൈന വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെടാറുണ്ട്. ഇത്തവണയും ഇത് ആവശ്യപ്പെട്ടേക്കാം. കൂടാതെ, ആക്രമണങ്ങൾക്ക് തടയിടാൻ പാകിസ്ഥാനായില്ലെങ്കിൽ സിപിഇസി പദ്ധതികൾ മന്ദഗതിയിലാക്കുമെന്ന ചൈനയുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
എസ്‌സിഒ ഉച്ചകോടിക്കിടെ ചൈനയെ പ്രതിനിധീകരിച്ചെത്തുന്ന പ്രധാനമന്ത്രി ലീ ക്വിയാങ്ങിന് മുമ്പിൽ രാജ്യത്തിൻ്റെ സുരക്ഷാ നടപടികളെ പ്രതിരോധിക്കുക ഷെഹ്‌ബാസ് ഷെരീഫിന് അത്ര എളുപ്പമാകില്ല. ഈ സാഹചര്യത്തിൽ ഉച്ചകോടിക്കെത്തുന്ന റഷ്യയും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും പാകിസ്ഥാനിൽ നിക്ഷേപം നടത്താൻ മടിക്കും.
ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ (സിപിഇസി) പദ്ധതികൾക്ക് നേരെയുള്ള ഭീകരാക്രമണം ചൈന വിരുദ്ധ നിലപാടുകളുള്ള രാജ്യങ്ങളെ സ്വാഭാവികമായും സന്തോഷിപ്പിച്ചേക്കും. ഇത് തുടർന്നാൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും സാമ്പത്തിക സൈനിക സഹകരണത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.
ആഭ്യന്തര പ്രശ്‌നങ്ങൾ: അതേസമയം, പാക്കിസ്ഥാൻ്റെ പടിഞ്ഞാറൻ പ്രവിശ്യകളിൽ ഭീകരാക്രമണങ്ങൾ തുടരുകയാണ്. ആക്രമണത്തിൽ നിരവധി സുരക്ഷാ സേനാംഗങ്ങളും ഭീകരരും നിരപരാധികളും കൊല്ലപ്പെടുന്നുണ്ട്. ഇതിനെത്തുടർന്ന് ഈ പ്രദേശങ്ങളിൽ സർക്കാരിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
Security officials examine the site of explosion near Karachi airport (AP) ഇമ്രാൻ ഖാൻ്റെ പിടിഐ ആണ് പ്രതിഷേധ രംഗത്ത് മുമ്പിൽ. പിടിഐ ഇമ്രാൻ ഖാൻ്റെ മോചനവും രാഷ്ട്രീയ മാറ്റവും ആവശ്യപ്പെടുന്നുന്നുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ രാജ്യത്തിന്‍റെ അരക്ഷിതാവസ്ഥക്ക് സൈനിക മേധാവിയെ ഉത്തരവാദിയാക്കി എസ്‌സിഒ ഉച്ചകോടിയെ പാക്കിസ്ഥാൻ്റെ ആഭ്യന്തര പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനുള്ള വേദിയാക്കാനാണ് ഇവരുടെ നീക്കം. എസ്‌സിഒ ഉച്ചകോടിയോട് അനുബന്ധിച്ച് ഒക്ടോബർ 15 ന് ഇസ്ലാമാബാദിൽ പിടിഐ സമാധാനപരമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന ഭീകരവാദ ആക്രമണങ്ങളും പിടിഐ പ്രതിഷേധങ്ങളും എസ്‌സിഒ സമൂഹത്തിന് മുന്നിൽ നിലവിലെ സർക്കാരിനെ നാണംകെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പാക്ക് നേതൃത്വത്തിന്‍റെ നിരീക്ഷണം. പിടിഐയെ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമവും സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്.
പിടിഐയെ പ്രതിഷേധത്തിൽ നിന്നും തടയാനുള്ള ഉത്തരവാദിത്വം പാക്ക് സൈന്യത്തിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇസ്‌ലാമാബാദിലും പരിസര പ്രദേശങ്ങളിലും ആളുകൾ കൂട്ടംകൂടുന്നത് തടയാൻ ഇതിനോടകം തന്നെ ഉച്ചകോടി വേദിയായ ഇസ്ലാമാബാദിലും പരിസരപ്രദേശങ്ങളിലും സെക്ഷൻ 144 പ്രഖ്യാപിച്ചു കഴിഞ്ഞു.
ബലൂച്ചിനെ സംബന്ധിച്ചിടത്തോളം, സിപിഇസി പദ്ധതികൾക്കായി അവരുടെ ഭൂമി കൈയേറുന്നത് അംഗീകരിക്കാനാകില്ല. സിപിഇസി പദ്ധതികളെ അനധികൃത അധിനിവേശമായി കണക്കാക്കുന്ന ബലൂച്ചുകൾ ചൈനക്കാരെ ലക്ഷ്യമിടുന്നു. ഗ്വാദർ ചൈനക്കാർക്ക് കൈമാറുന്നതിനെതിരെയുള്ള പ്രതിഷേധവും പരിഗണിക്കപ്പെട്ടില്ല. അവരുടെ ആശങ്കകൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. ടിടിപി (തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ) ഖൈബർ പഖ്‌തൂൺഖ്വയെ ശരിയ നിയമത്തിന് കീഴിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
ALSO READ:ഒടുവില്‍ മഞ്ഞുരുകി, പ്രതീക്ഷയേറ്റി മുയിസുവിന്‍റെ ഇന്ത്യ സന്ദര്‍ശനം; ഇന്ത്യ-മാലദ്വീപ് ബന്ധത്തിന് 'റീ-സ്റ്റാര്‍ട്ട്'
രണ്ട് സംഘടനകളും അവരുടെ സ്വന്തം പ്രദേശങ്ങൾക്കപ്പുറത്തേക്ക് വേരുകൾ ഉറപ്പിച്ചതായാണ് സമീപകാല ആക്രമണങ്ങൾ കാണിക്കുന്നത്. ഇസ്ലാമാബാദ്, റാവൽപിണ്ടി, ലാഹോർ ബെൽറ്റുകളിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഊന്നൽ നൽകിയത് കൊണ്ട് മറ്റു പ്രദേശങ്ങളിൽ ടിടിപിക്കും ബലൂചിനും ഉയർന്ന് വരാനുള്ള സാഹചര്യമുണ്ടായി.
ഇന്ത്യയോടുള്ള സമീപനം: എസ്‌സിഒ ഉച്ചകോടി വരാനിരിക്കുന്നതിനാൽ, ഇന്ത്യയെ നേരിട്ട് കുറ്റപ്പെടുത്താൻ പാകിസ്ഥാന് കഴിയില്ല. പക്ഷെ കറാച്ചിയിലെ തീവ്രവാദവും മറ്റു രാഷ്ട്രീയ തീവ്രവാദ പ്രതിഷേധ ആഹ്വാനങ്ങളും ഒരേ സോഴ്‌സ് ആണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി അഹ്‌സൻ ഇഖ്ബാൽ അഭ്പ്രായപ്പെട്ടിരുന്നു. ഒരു വശത്ത് തീവ്രവാദികളെ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്ന അതേ വ്യക്തിയാണ് മറ്റു ആക്രമണങ്ങളുടെയും 'സ്ക്രിപ്റ്റ് റൈറ്റർ' എന്നായിരുന്നു അഹ്‌സൻ ഇഖ്ബാലിന്‍റെ വാക്കുകൾ.
രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കാനും പാകിസ്ഥാൻ്റെ സുപ്രധാന താൽപര്യങ്ങൾക്ക് തുരങ്കം വയ്ക്കാനും പിടിഐയെ ഉപയോഗിക്കുകയാണെന്നും അഹ്‌സൻ ഇഖ്ബാൽ ആരോപിച്ചു. ഈ ഘട്ടത്തിൽ ഇന്ത്യയെ ഉന്നംവച്ചു നടത്തുന്ന ഏതൊരു പ്രത്യക്ഷ പ്രസ്താവനയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഇസ്ലാമാബാദ് സന്ദർശനത്തെ ബാധിക്കുമെന്ന് പാകിസ്ഥാന് അറിയാം.
പാകിസ്ഥാന് മുന്നിൽ: തീവ്രവാദത്തെ അകറ്റിനിർത്തിക്കൊണ്ട് അതിൻ്റെ രാഷ്ട്രീയ വർഗങ്ങൾക്കിടയിൽ ഐക്യം പ്രകടിപ്പിക്കാനുള്ള സമയമാണ് പാകിസ്ഥാന് ഇത്. പക്ഷേ, രാഷ്ട്രീയ, മത, സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങളും അക്രമങ്ങളും പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധികൾ ഉഴറി നിൽക്കുന്ന പാകിസ്ഥാന് രാജ്യത്തിന് അകത്തു നിന്നുയരുന്ന ഈ അരക്ഷിതാവസ്ഥ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. വർദ്ധിച്ചുവരുന്ന രാഷ്ട്രീയ ആഭ്യന്തര പ്രശ്‌നങ്ങളിലും തീവ്രവാദ ആക്രമണങ്ങളിലും മുഖം നഷ്‌ട്ടപ്പെട്ട് നിൽക്കുന്ന പാകിസ്ഥാനാണ് 2024 എസ്‌സിഒ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക.