ഹൈദരാബാദ് : ലോകമെമ്പാടും മാതൃത്വത്തെ ആദരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ് മെയ് 12. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച എല്ലാ അമ്മമാര്‍ക്കുമുള്ള അഭിനന്ദനത്തിൻ്റെയും സ്‌നേഹത്തിന്‍റെയും ദിനമാണ്. അമ്മയോടുള്ള സ്‌നേഹത്തെയും ആത്മബന്ധത്തെയും ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിനം വേണമെന്നില്ല.
എന്നിരുന്നാലും അമ്മയ്ക്കായുള്ള ഈ ദിനം അവര്‍ക്കായി തന്നെ മാറ്റി വയ്ക്കാം. ദൈനംദിന ജീവിതത്തിരക്കിൽ, നമ്മളെ നമ്മളാക്കി മാറ്റിയ അമ്മമാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസാന നിമിഷം വരെ കാത്തിരുന്നാല്‍ ചിലപ്പോള്‍ സാധിച്ചെന്നുവരില്ല. അമ്മയുമായുള്ള ഊഷ്‌മള ബന്ധം ആഘോഷിക്കാൻ നിങ്ങൾ ഇപ്പോഴും മികച്ച സമ്മാനത്തിനായി തെരയുകയാണെങ്കില്‍, വിഷമിക്കേണ്ട. മാതൃ ദിനം അടിപൊളിയായി ആഘോഷിക്കാന്‍ ചില ആശയങ്ങൾ ഇതാ:
ഡിഐവൈ ഫോട്ടോ ആൽബം :അമൂല്യമായ ഓർമകളുടെ ഒരു സമ്പത്താണ് ഓരോ ആല്‍ബങ്ങളും. അമ്മയ്‌ക്കൊപ്പം ചെലവഴിച്ച വിലമതിക്കാനാകാത്ത നിമിഷങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞ ആൽബം അമ്മയ്ക്ക് നല്‍കാവുന്ന നല്ലൊരു സമ്മാനമാണ്. മാത്രമല്ല സ്‌നേഹവും ഗൃഹാതുരത്വവും നിറഞ്ഞ ഓര്‍മകളിലൂടെയുള്ള ഒരു യാത്രകൂടിയാണ് ആല്‍ബം.
കൈയെഴുത്ത് കത്ത് : നിങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ നിന്ന് കുറച്ച് നിമിഷങ്ങൾ മാറ്റിവച്ച് അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ഒരു കത്ത്, അല്ലെങ്കിൽ ഒരു കവിത എഴുതുക. നിങ്ങളുടെ വികാരങ്ങളും ചിന്തകളും വാക്കുകളിൽ നിറയ്ക്കുക. അമ്മയ്‌ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍, ഓര്‍മകള്‍, കഥകള്‍, അമ്മയോട് സ്‌നേഹം തോന്നാനുള്ള കാരണങ്ങള്‍ എന്നിവയെക്കുറിച്ച് എഴുതുമ്പോള്‍ അത് മനോഹരമായ സമ്മാനമായി മാറുന്നു.