2024 മെയ് 21 ന് നോർവേ, സ്പെയിൻ, അയർലൻഡ് എന്നീ മൂന്ന് രാജ്യങ്ങൾ കൂടി പലസ്‌തീൻ രാഷ്‌ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷന്‍റെ (PLO) ചെയർമാൻ യാസർ അറാഫത്ത്, ജൂത രാഷ്‌ട്രമായ ഇസ്രയേലുമായുള്ള പോരാട്ടത്തിനിടയിൽ 1988 നവംബർ 15-ന് ആണ് പലസ്‌തീനെ ഒരു സ്വതന്ത്ര രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നത്. ലോക ഭൂഖണ്ഡങ്ങളിലുടനീളമുള്ള 193 യുഎൻ അംഗ രാജ്യങ്ങളിൽ 143 രാജ്യങ്ങളും പലസ്‌തീനെ സ്വതന്ത്ര രാഷ്‌ട്രമായും ജറുസലേം തലസ്ഥാനമായും അംഗീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ പിന്തുണ ആവോളം ആസ്വദിക്കുന്ന ഇസ്രയേൽ 1948 മെയ് മാസത്തിലാണ് സ്വതന്ത്ര രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നത്. കൃത്യം ഒരു വർഷത്തിന് ശേഷം, 1949 മെയ് മാസത്തിൽ ഇസ്രയേല്‍ യുഎന്നിൽ അംഗമായി.
നിലവിൽ മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഭൂരിഭാഗം രാജ്യങ്ങളും പലസ്‌തീന് അംഗീകാരം നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് 1988-ൽ പലസ്‌തീനെ ഒമ്പത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിച്ചത്. യുഎസ്എ, ജപ്പാൻ, ഓസ്‌ട്രേലിയ, ജർമ്മനി, ഫ്രാൻസ്, യുകെ തുടങ്ങിയ പ്രമുഖര്‍ ഉൾപ്പെടുന്ന ജി 7 രാജ്യങ്ങളൊന്നും പലസ്‌തീനെ അംഗീകരിക്കുന്നില്ല. നോർവേ, സ്പെയിൻ, അയർലൻഡ് എന്നീ രാജ്യങ്ങളുടെ പുതിയ തീരുമാനവും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളും പലസ്‌തീനെ അംഗീകരിക്കാന്‍ ഒരുങ്ങുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളില്‍ പലസ്‌തീന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്നതിന് തെളിവാണ്.
സമീപകാല സംഭവങ്ങളുടെ ശൃംഖലയിലെ ഒരു കണ്ണിയായി പ്രഖ്യാപനങ്ങളെ കണക്കാക്കാം. പലസ്‌തീൻ രാഷ്‌ട്രത്തിന് വർധിച്ചുവരുന്ന രാഷ്‌ട്രീയ പിന്തുണയും പലസ്‌തീന്‍ സ്വപ്‌നം കാണുന്ന അവരുടെ അവകാശത്തിനായുള്ള ശ്രമങ്ങളും ഫലം കാണുന്നതിന്‍റെ വ്യക്തമായ സൂചന ഇവിടെയുണ്ട്. 2012 മുതൽ പലസ്‌തീന്‍ യുഎന്നിൽ സ്ഥിരം നിരീക്ഷകരാണ്. അതിന് മുമ്പ് യുഎൻ ജനറൽ അസംബ്ലിയിലെ നിരീക്ഷകരായിരുന്നു.
പലസ്‌തീന് പൂർണ്ണ അംഗത്വം ലഭിക്കാന്‍ യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) യുഎൻ സുരക്ഷ വിഭാഗത്തിലെ 15 അംഗങ്ങളിൽ 9 പേരുടെയെങ്കിലും ശുപാർശ ആവശ്യമാണ്. മാത്രമല്ല, അഞ്ച് സ്ഥിരാംഗങ്ങളുടെ (യുഎസ്എ, റഷ്യ, ചൈന, യുകെ, ഫ്രാൻസ്) വീറ്റോ ചെയ്യാനും പാടില്ല. അത്തരത്തില്‍ ശുപാർശ ലഭിച്ചാൽ, 193 അംഗങ്ങൾ അടങ്ങുന്ന യുഎൻ ജനറൽ അസംബ്ലി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ നിർദേശം അംഗീകരിക്കപ്പെടണം.
2024 ഏപ്രിലിൽ, അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്, അൾജീരിയ, UNSC-യിൽ വളരെ ഹ്രസ്വമായ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. ഐക്യരാഷ്‌ട്ര സഭയിൽ പ്രവേശനത്തിനുള്ള പലസ്‌തീന്‍റെ അപേക്ഷ സെക്യൂരിറ്റി കൗൺസിൽ പരിശോധിച്ച ശേഷം, സഭയിൽ അംഗത്വം നല്‍കാന്‍ ജനറൽ അസംബ്ലിയോട് ശുപാർശ ചെയ്യുന്നു എന്നായിരുന്നു പ്രമേയം. ഏപ്രിൽ 18-ന് അവതരിപ്പിച്ച പ്രമേയത്തില്‍ 15 അംഗങ്ങളിൽ 12 പേർ അനുകൂലമായി വോട്ട് ചെയ്‌തു. രണ്ട് പേർ മാത്രമാണ് വിട്ടുനിന്നത്.
എങ്കിലും ഇസ്രയേലിന്‍റെ ഒക്കച്ചങ്ങാതിയായ യുഎസ്എ വീറ്റോ ചെയ്‌തതിനാൽ പ്രമേയം അംഗീകരിക്കാൻ കഴിഞ്ഞില്ല. 2011-ലും പലസ്‌തീൻ പൂർണ യുഎൻ അംഗത്വം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും പലസ്‌തീൻ രാഷ്‌ട്രത്തിന് വലിയ ധാർമ്മിക ഉത്തേജനം നല്‍കിക്കൊണ്ട്, ജനറല്‍ അസംബ്ലിയുടെ പത്താം അടിയന്തര സമ്മേളനത്തിൽ (മെയ് 9, 2024) യുഎൻ ചാർട്ടറിന്‍റെ നാലാം അധ്യായം പ്രകാരം യുഎൻ അംഗത്വത്തിന് പലസ്‌തീൻ യോഗ്യമാണെന്ന് നിർണയിക്കുന്ന ഒരു പ്രമേയം അംഗീകരിച്ചു. കൂടാതെ യുഎന്‍ജിഎ ഒരു നിരീക്ഷക രാഷ്‌ട്രമം എന്ന നിലയ്ക്ക് ഐക്യരാഷ്‌ട്ര സഭയിലെ പലസ്‌തീന്‍റെ അവകാശങ്ങൾ അപ്ഗ്രേഡ് ചെയ്‌തിട്ടുമുണ്ട്.
ഇന്ത്യ ഉൾപ്പെടെ 143 അംഗങ്ങളുടെ വൻ പിന്തുണയോടെയാണ് പ്രമേയം അംഗീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. അതേസമയം അർജന്‍റീന, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ഇസ്രയേൽ, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു, പലാവു, പാപ്പുവ ന്യൂ ഗിനിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ 9 രാഷ്‌ട്രങ്ങള്‍ എതിർത്തു 25 രാജ്യങ്ങള്‍ വിട്ടുനിന്നു. പലസ്‌തീന്‍റെ ലക്ഷ്യത്തിനുള്ള രാഷ്‌ട്രീയ പിന്തുണ വളരുന്നത് പലസ്‌തീനികളെ സംബന്ധിച്ചിടത്തോളം ശുഭ സൂചനയാണ്.