തിരുവനന്തപുരം: നീലന്‍ എന്നാല്‍ ഒരു കാലത്ത് കോവളം മണ്ഡലത്തിന്‍റെ പര്യായപദമായിരുന്ന നേതാവായിരുന്നു. ഒരു രാഷ്ട്രീയ കൊടുങ്കാറ്റിനും കടപുഴക്കാനാകാത്ത തലപ്പൊക്കം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി പലവട്ടം തെറ്റിപ്പിരിയുകയും പിന്നാലെ കോണ്‍ഗ്രസിലെത്തുകയും ചെയ്‌ത നേതാവായിരുന്ന എച്ച് എന്‍ ബഹുഗുണയുടെ കേരളത്തിലെ ശിഷ്യന്‍.
ബഹുഗുണയുടെ തീരുമാനമായിരുന്നു എക്കാലത്തും നീലന്‍റെയും നിലപാട്. അദ്ദേഹത്തിന്‍റെ ചുവടുമാറ്റങ്ങള്‍ക്കനുസൃതമായി അതേ താളത്തില്‍ ശിഷ്യനായ നീലനും ചുവടുമാറ്റിയപ്പോള്‍ എതിരാളികള്‍ അദ്ദേഹത്തിനു നല്‍കിയ പരിഹാസപ്പേര് ചെറുഗുണയെന്നായിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന്‍റെ ബഹുഗുണയോടുള്ള സ്‌നേഹ, ബഹുമാന, വാത്സല്യങ്ങളില്‍ തെല്ലും കുറവു വരുത്തിയില്ല.
രാഷ്ട്രീയത്തിലെ ഈ മെയ്‌വഴക്കം നീലനെ 1979 ലെ സിഎച്ച് മന്ത്രിസഭയിലും 1987 ലെയും 1996ലെയും നായനാര്‍ മന്ത്രിസഭകളിലും എത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ എസ് യു വിലൂടെയാണ് നീലലോഹിതദാസന്‍ നാടാര്‍ രാഷ്ട്രീയത്തില്‍ പിച്ച വയ്ക്കുന്നതെങ്കിലും അദ്ദേഹം പല കുറി കോണ്‍ഗ്രസിനോടു തെറ്റിപ്പിരിയുകയും പിന്നാലെ അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും ചെയ്‌തിട്ടുണ്ട്. അതിനെ കാലുമാറ്റം എന്നല്ല, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമുള്ള നിലപാട് മാറ്റം എന്ന് വ്യാഖ്യാനിക്കാനാണ് അദ്ദേഹത്തിനിഷ്‌ടം.
അത്തരത്തിലുള്ള ഒരു തെറ്റിപ്പിരിയലിന്‍റെയും കൂടിച്ചേരലിന്‍റെയും കാലമായ 1980 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരുവന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും തലയെടുപ്പുള്ള സിറ്റിംഗ് എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംഎന്‍ ഗോവിന്ദന്‍നായരെ 1,07,057 എന്ന അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് അട്ടിമറിച്ചു. ജയത്തിനു പിന്നാലെ തനിനിറം പുറത്തെടുത്ത നീലന്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു. 1980 ല്‍ യഥാര്‍ത്ഥത്തില്‍ നീലന്‍ മത്സരിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെത്തിയത്.
1977 ല്‍ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ എച്ച് എന്‍ ബഹുഗുണ, ബാബു ജഗജീവന്‍ റാം എന്നിവര്‍ക്കൊപ്പം നീലന്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. അങ്ങനെ ചാടിയും ചരിഞ്ഞും കോണ്‍ഗ്രസിനെ തല്ലിയും തലോടിയുമുള്ള തന്‍റെ ആദ്യ കാല രാഷ്ട്രീയ ചരിത്രം നീലന്‍ തന്നെ ഇ ടിവിക്കൊപ്പം പങ്കുവയ്ക്കുന്നു.
1966ല്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ എസ് യു ജില്ലാ കമ്മിറ്റി മെമ്പര്‍ ആയിരുന്നു നീലലോഹിത ദാസ്. പിന്നീട് ജില്ലാ പ്രസിഡന്‍റ് ആയി. 1969 ലെ ആദ്യ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് അന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ആയിരുന്ന കെ ശങ്കരനാരായണ പിള്ള സ്ഥാനമൊഴിഞ്ഞ് ഡിസിസി പ്രസിഡന്‍റ് ആയപ്പോള്‍ നീലന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായി. 1971 ല്‍ തിരുവനന്തപുരം ലോ കോളേജില്‍ എല്‍എല്‍ബി പഠനത്തിനു ചേര്‍ന്നു.
അപ്പോഴേക്കും കെഎസ്‌യു കഴിഞ്ഞ് താന്‍ യൂത്ത് കോണ്‍ഗ്രസായിക്കഴിഞ്ഞു. എന്നാല്‍ കോളേജില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കെഎസ്‌യുവിലൂടെയേ കഴിയൂ. അങ്ങനെ അവിടെ കെഎസ്‌യു പ്രവര്‍ത്തകനും നേതാവുമായി. കോളേജ് യൂണിയന്‍ കൗണ്‍സിലറായി മത്സരിച്ച് വിജയിച്ച് കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി.
അങ്ങനെ യൂത്ത് കോണ്‍ഗ്രസ് നേതാവും സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനുമൊക്കെ ആയിരിക്കേ 1977 ല്‍ അടിയന്തിരാവസ്ഥയ്ക്കു ശേഷം എച്ച്എന്‍ ബഹുഗുണ, ജഗ്‌ജീവന്‍ റാം എന്നിവര്‍ കോണ്‍ഗ്രസ് നിലപാടുകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ടു. കേരളത്തില്‍ നീലലോഹിതദാസിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാരും ഇവര്‍ക്കൊപ്പം പാര്‍ട്ടി വിട്ടു.