'കാലത്തിന്‍റെ കവിളിൽ ഒരു കണ്ണുനീർ തുള്ളി'... രവീന്ദ്രനാഥ ടാഗോർ താജ്‌മഹലിനെ ഓർക്കാൻ ആഗ്രഹിച്ചത് ഇങ്ങനെയാണ്. ഷാജഹാൻ തന്‍റെ അവസാന കാലത്ത് തടവിൽ ചെലവഴിച്ച ദുരന്ത നാളുകളെ പ്രതിനിധീകരിക്കാൻ കവി ഉപയോഗിച്ച രൂപകമാണ് 'കണ്ണുനീർ'.
താജ്‌മഹലിന്‍റെ രൂപകൽപനയുടെ അവിഭാജ്യ ഘടകമാണ് യമുന. ഭാവിയിൽ യമുന വരണ്ടുപോകുമെന്നോ ഇടുങ്ങിയതാകുമെന്നോ യാതൊരു ആശങ്കയും അന്നുണ്ടായിരുന്നില്ല. എന്നാൽ നദിയുണങ്ങിയെന്ന് മാത്രമല്ല മലിനസവുമായി. മലിനമായ ഇടുങ്ങിയ യമുന താജ്‌മഹലിന്‍റെ അടിത്തറ നിർമ്മിച്ച തടി ശിഥിലീകരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിനാൽ, താജ്‌മഹലിനെ നിലനിർത്താനും യമുന യഥാർഥ രൂപം പ്രാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വതന്ത്രമായി ഒഴുകുന്ന, മലിനീകരിക്കപ്പെടാത്ത യമുനയ്ക്ക്, ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ആരോഗ്യവും പുതുജീവനും പ്രദാനം ചെയ്യാനാവുക.
ഇന്ത്യയുടെ കണ്ണുനീര്‍ കുടം
ഗർവാൾ ഹിമാലയത്തിലെ യമമോറി ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗയുടെ പോഷകനദിയാണ് യമുന. മലിനീകരണം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന നദികളിലൊന്നായ യമുനയില്‍ അതിന് 76 ശതമാനവും സമ്മാനിക്കുന്നത് ഡൽഹിയാണ്. രണ്ട് ഗവൺമെന്‍റുകൾ അധികാരത്തിലിരിക്കുന്ന ഡൽഹിയില്‍ യമുന നദിയില്‍ വിഷപ്പത നുരഞ്ഞൊഴുകുന്നത് സ്ഥിര പ്രതിഭാസമായി മാറിയിരിക്കുന്നു. നദി ശുചീകരിക്കാൻ ഇതിനകം ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു.
മലിനീകരണം പാരമ്യത്തില്‍
കഴിഞ്ഞ ഏതാനും ദിവസമായി യമുന നദിയുടെ ഡൽഹിയിലെ ഭാഗങ്ങൾ വീണ്ടും വെളുത്ത നുരയുടെ പാളിയാൽ മൂടപ്പെട്ടിരിക്കുന്നു. ഇത് ആരോഗ്യത്തിന് അത്യന്തം അപകടമുണ്ടാക്കുന്നതാണ്. ഉത്സവകാലം അടുക്കുന്നതോടെ തലസ്ഥാന നഗരം ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി മാറും.
നിലവില്‍ വായു മലിനീകരണത്താല്‍ പൊറുതിമുട്ടുകയാണ് ഡല്‍ഹി. ഈ വർഷം നവംബർ 5ന് ആഘോഷിക്കപ്പെടുന്ന ഛത്ത് പൂജയില്‍ ഭക്തർ നദിയിൽ മുങ്ങിക്കുളിക്കുന്ന ചടങ്ങുണ്ട്. എന്നാല്‍ നദിയുടെ അവസ്ഥ കാരണം ചടങ്ങ് നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്.
തല്ലുകയും തലോടുകയും ചെയ്യുന്ന ഭാരതീയര്‍
എങ്ങനെയാണ് ഒരു നദിയെ ഇത്രയധികം ഇന്ത്യക്കാർ ആരാധിക്കുകയും അതേ ആളുകൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത്? 'ഗംഗ, റിവര്‍ ഓഫ് ലൈഫ്, റിവര്‍ ഓഫ് ഡെത്ത് എന്ന തന്‍റെ പുസ്‌തകത്തില്‍ വിക്‌ടർ മാലറ്റ് ചോദിക്കുന്നുണ്ട്. ഭാരതീയർക്ക് നദീദേവതകളോട് അഭേദ്യമായ അടുപ്പം ഉണ്ടായിരുന്നിട്ടും അവർ വെള്ളത്തെ മലിനമാക്കി, ഏതാണ്ട് തിരിച്ചുവരാനാകാത്ത ഘട്ടത്തിലെത്തിച്ചു. യമുന ഉൾപ്പെടെയുള്ള എല്ലാ വലിയ ഹിമാലയൻ നദികളുടെയും മാതൃസ്രോതസായ ഹിമാലയൻ ഹിമാനികളും വറ്റിവരളുകയാണ്. പർവതങ്ങളിലെ മാനുഷിക പ്രവർത്തനങ്ങളാണ് ഇതിനും കാരണമാകുന്നത്.
ഭീഷണികള്‍ ഈ വഴി
ഹോട്ടലുകളിൽ നിന്നുള്ള ശുദ്ധീകരിക്കാത്ത മാലിന്യം, അനധികൃത നിർമാണങ്ങൾ എന്നിവയെല്ലാം നദിക്ക് ഭീഷണിയാണ്. അത്തരം കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കൊണ്ടുവരുന്ന ഏതൊരു നിയമവും സമ്മർദ്ദത്താൽ വെള്ളച്ചേര്‍ക്കപ്പെടും. വിഷലിപ്‌തമായ മാലിന്യം യമുനയില്‍ ലയിപ്പിക്കപ്പെടും.
കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികളും നദിയിലേക്ക് ഒഴുകുന്നുണ്ട്. ഇത് യൂട്രോഫിക്കേഷനിലേക്ക് നയിക്കും. ആക്രമണകാരികളായ സസ്യങ്ങളും പായലുകളും നദിയില്‍ വളരാന്‍ ഇത് കാരണമാകും. ഇത് അപകടകരമായ ബാക്‌ടീരിയ പെരുകാന്‍ കാരണമാകും.
അതിനാൽ ശുചീകരണ പ്രവർത്തനങ്ങള്‍ എത്രയും വേഗം ആവേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം നദിയുടെ താഴ്ഭാഗങ്ങളില്‍ താമസിക്കുന്ന ഗ്രാമീണർ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കും. ഡൽഹിക്കടുത്തുള്ള യമുനയുടെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക്കുകളും വ്യാവസായിക മാലിന്യങ്ങളും തള്ളുന്നു. രൂക്ഷ ദുർഗന്ധമുള്ള വെളുത്ത നുരയിൽ വ്യാവസായിക മാലിന്യങ്ങളിൽ നിന്നുള്ള അമോണിയയും ഫോസ്ഫേറ്റുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മരോഗങ്ങൾക്ക് കാരണമാകും.
നോക്കുകുത്തിയാകുന്ന സംവിധാനങ്ങള്‍
മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും അതിന്‍റെ സംസ്ഥാന ഘടകങ്ങളുമെല്ലാം പരാജയമാണെന്ന് പറയേണ്ടിവരും. മലിനീകരണ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ആവേശകരമായ പ്രസംഗങ്ങൾ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോഴും മണ്ണ് മലിനീകരണത്തിന് നമുക്ക് ഇപ്പോഴും ഒരു മാനദണ്ഡം ഇല്ല എന്നതിൽ അതിശയിക്കാനില്ല.
സര്‍ക്കാര്‍ പൂര്‍ണ പരാജയം
ഇന്ത്യ-ജപ്പാന്‍ ഉഭയകക്ഷി പദ്ധതി എന്ന നിലയിൽ 1993ലാണ് 'യമുന ആക്ഷൻ പ്ലാൻ' എന്ന പേരിൽ നദി പുനരുദ്ധാരണ പരിപാടി ആരംഭിക്കുന്നത്. 2012-13 വർഷത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ, ഗംഗയും യമുനയും ശുചീകരിക്കാനുള്ള ദൗത്യം പരാജയപ്പെട്ടതായി പരിസ്ഥിതി, വനം സംബന്ധിച്ച പാർലമെന്‍ററി സമിതി കണ്ടെത്തി. കേന്ദ്ര ഗവൺമെന്‍റിന്‍റെ പ്രധാന പരിപാടിയായ നമാമി ഗംഗേ പ്രോഗ്രാമിന്‍റെ ഭാഗമായി യമുന ശുചീകരണത്തിനായി വർഷങ്ങളായി ആയിരക്കണക്കിന് കോടി രൂപയാണ് ചെലവഴിക്കുന്നത്.
നഗര കേന്ദ്രങ്ങളിൽ ഹരിത സാങ്കേതിക വിദ്യ സ്ഥാപിക്കാൻ സർക്കാർ വേണ്ടത്ര വേഗത്തിലല്ല നീങ്ങുന്നത്. ഇതുവഴി നഗരത്തിലെ യുവാക്കള്‍ക്ക് മുന്നില്‍ വലിയ തൊഴിൽ സാധ്യത തുറന്നിടാനും കഴിയും. നിർവഹണത്തിലെ കാലതാമസത്തിന് പുറമേ, കപട ശാസ്‌ത്രത്തിലൂടെയും വിചിത്ര പരിഹാരങ്ങളിലൂടെയും ഗംഗയും യമുനയും ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് നിലവിലെ സർക്കാരിന്‍റെ വലിയ പരാജയം. നദി കേന്ദ്രീകരിച്ചുള്ള മതപരമായ ആചാരങ്ങൾ, മൃതദേഹങ്ങൾ ഒഴുക്കല്‍, പ്ലാസ്റ്റിക് ബാഗുകളിൽ പായ്ക്ക് ചെയ്യുന്ന ആചാരങ്ങളുടെ അവശിഷ്‌ടം എന്നിവയിലൊന്നും സര്‍ക്കാര്‍ ഇടപെടുന്നേയില്ല.
മടക്കം സാധ്യമോ?
വെല്ലുവിളികൾക്കിടയിലും യമുനയുടെ ശുചീകരണം സാധ്യമാണ്. എന്നിരുന്നാലും അഴിമതിയും അലസരായ ഉദ്യോഗസ്ഥ വൃന്ദവും ഇതിന് കടുത്ത വെല്ലുവിളിയാണ്. രണ്ട് ലളിതമായ കാര്യങ്ങൾ മാത്രമാണ് നമ്മൾ ചെയ്യേണ്ടത്. നദിയിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് തടയുകയും ഒഴുക്ക് നിലനിർത്തുകയും ചെയ്യുക. ഇവ നടപ്പിലാക്കുന്നതിന് ഫീൽഡ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഉറച്ച നയങ്ങൾ ആവശ്യമാണ്.
ശക്തികേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള ജലാശയമായ യമുനയെ ശുദ്ധീകരിക്കാനുള്ള വർഷങ്ങളായി തുടരുന്ന ശ്രമങ്ങൾ കാണുമ്പോൾ എനിക്ക് സംശയം തോന്നാറുണ്ട്. എങ്കിലും ലക്ഷ്യബോധത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നുള്ളത് നിസ്‌തര്‍ക്കമാണ്. പുരാതന കാലം മുതൽ, നദികൾ മനുഷ്യ രാശിയുടെ ജീവൻ-പിന്തുണയ്ക്കുന്ന സംവിധാനങ്ങളാണ്. ഈ ലൈഫ് ലൈനുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്‌ട്രീയ പരിഗണനകളില്ലാത്ത പൂര്‍ണമായ ശാസ്‌ത്രീയ സമീപനം ഈ അമൂല്യമായ പ്രകൃതി സ്വത്തുക്കളുടെ പുനഃസ്ഥാപനത്തിന് ഉണ്ടാകേണ്ടത് അത്യാന്താപേക്ഷിതമാണ്.
(Disclaimer: ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ എഴുത്തുകാരന്‍റേതാണ്. ഇവിടെ പറഞ്ഞിരിക്കുന്ന വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടുകളല്ല.)
Also Read: വൈദ്യുത പദ്ധതിക്കായി ഒരു ലക്ഷം മരങ്ങള്‍ മുറിച്ച് നീക്കാന്‍ സര്‍ക്കാര്‍, പ്രതിഷേധവുമായി നാട്ടുകാര്‍