എത്ര കൂട്ടം കറികളുണ്ടെങ്കിലും മലയാളിക്ക് ചോറിനൊപ്പം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അച്ചാർ. കറികളൊന്നും ഇല്ലെങ്കിലും ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ അച്ചാർ മാത്രം മതി. നാരങ്ങാ, മാങ്ങാ, നെല്ലിക്ക, തുടങ്ങീ മീനും ഇറച്ചിയും വരെ അച്ചാറിടുന്നവരാണ് നമ്മൾ. ഏറെ നാൾ സൂക്ഷിച്ച് വയ്ക്കാനാകും എന്നതാണ് അച്ചാറിന്‍റെ പ്രത്യേകത. നാട്ടിൽ സുലഭമായി ലഭിക്കുന്നതും പോഷക ഗുണങ്ങൾ ഏറെയുള്ളതുമായ പപ്പായ കൊണ്ട് എങ്ങനെ ഒരു കിടിലൻ അച്ചാർ ഉണ്ടാക്കാമെന്ന് അറിയാം.
ആവശ്യമായ ചേരുവകൾ
- പപ്പായ
- കറിവേപ്പില
- കശ്‌മീരി മുളക് പൊടി
- മഞ്ഞൾ പൊടി
- ഇഞ്ചി
- വെളുത്തുള്ളി
- കായ പൊടി
- അച്ചാർ പൊടി
- വിനാഗിരി
- നല്ലെണ്ണ
- കടുക്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ആവശ്യത്തിന് നല്ലെണ്ണ ഒഴിക്കുക. ഇത് ചൂടായാൽ കടുക്, കറിവേപ്പില എന്നിവയിട്ട് പൊട്ടിക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തിള്ളിയും ചേർത്ത് വഴറ്റുക. ശേഷം ആവശ്യത്തിന് കശ്‍മീരി മുളക് പൊടി, മഞ്ഞൾ പൊടി, കായ പൊടി, അച്ചാർ പൊടി എന്നിവ ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞു വച്ചിരിക്കുന്ന പപ്പായ കൂടി ചേർത്തിളക്കുക. ശേഷം ആവശ്യത്തിന് ഉപ്പും വിനാഗിരിയും ഒഴിച്ച് നല്ലപോലെ യോജിപ്പിക്കുക. തീയണച്ച് അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കാം. ഇത് തണുത്ത ശേഷം വൃത്തിയുള്ള ഒരു ഭരണയിലേക്ക് മാറ്റി അടച്ചു വെക്കുക. മൂന്നോ നാലോ ദിവസത്തിന് ശേഷം ഉപയോഗിക്കാം.
Also Read : ഊണ് കെങ്കേമമാക്കാൻ ഇതാ മലബാർ സ്റ്റൈൽ വറുത്തരച്ച സാമ്പാർ; റെസിപ്പി