കേരളം

kerala

ETV Bharat / opinion

വിഘടനവാദത്തിന് പാലൂട്ടും ഭീകരരെ താലോലിക്കും; ചൈനീസ് കുതന്ത്രത്തിന്‍റെ നാള്‍വഴികള്‍ - HISTORY OF CHINA AIDING TERRORISM - HISTORY OF CHINA AIDING TERRORISM

കശ്‌മീർ പ്രശ്‌നബാധിതമായി നിലനിർത്തി ചൈന അതിർത്തിയിലെ ഇന്ത്യൻ സൈനീക സാന്നിധ്യം കുറയ്ക്കുക എന്നതാണ് ചൈനയും പാകിസ്ഥാനും ചേർന്ന് ഇപ്പോൾ നടപ്പാക്കുന്ന തന്ത്രം. പാകിസ്ഥാൻ-ചൈന അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഗെയിം പ്ലാനിൻ്റെ ഭാഗമാണിത്.

INDIA CHINA DISPUTE  INDIA PAKISTAN DISPUTE  CHINA TERROR FUNDING  ഇന്ത്യ ചൈന സംഘര്‍ഷം
- (ETV Bharat)

By ETV Bharat Kerala Team

Published : Jul 14, 2024, 3:47 PM IST

ഗാൽവാൻ താഴ്വരയിൽ 2020 ൽ നടന്ന സംഘർഷത്തിനിടെ ഇന്ത്യ അവലംബിച്ച രൂക്ഷമായ പ്രതികരണ ശൈലിയും ചടുലമായ നടപടികളും ചൈനയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കിഴക്കൻ ലഡാക്കിൽ ചൈനയെ പ്രതിരോധിക്കാൻ മിറർ വിന്യാസമാണ് ഇന്ത്യ കൈക്കൊണ്ടത്. ഇത്തരത്തിൽ 70,000 സൈനികരെയാണ് ഇന്ത്യ അവിടെ വിന്യസിച്ചത്.

അന്നുമുതൽ ചൈന വല്ലാതെ അസ്വസ്ഥരാണ്. കശ്‌മീർ പ്രശ്‌നം ചൂടുപിടിച്ചുകൊണ്ട് ഇന്ത്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തി സൈന്യത്തെ ലഡാക്കിൽ നിന്ന് കശ്‌മീരിലേക്ക് പുനർവിന്യസിപ്പിക്കാൻ ചൈന പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. അതിനായാണ് പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ഇന്ത്യ വിരുദ്ധ ഘടകങ്ങളെ ചൈന ചെല്ലും ചെലവും കൊടുത്ത് സഹായിക്കുന്നത്. ഇന്ത്യയിലെ സമാധാനം തകർക്കുക ലക്ഷ്യത്തോടെ ഉണ്ടാക്കിയ പാക്കിസ്ഥാൻ - ചൈന അവിശുദ്ധ കൂട്ടുകെട്ടിന്‍റെ പ്രധാന പരിപാടി തീവ്രവാദത്തെ പിന്തുണയ്ക്കലാണ്.

പാക്കിസ്ഥാന് ആയുധം നല്‍കുന്ന ചൈന

പാക്കിസ്ഥാനെ എല്ലായ്‌പ്പോഴും സഹായിക്കുന്ന ഉറ്റ സുഹൃത്തായി നിലകൊള്ളാൻ ചൈന പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതിനായി പാക്കിസ്ഥാന് തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൈമാറുകയും നിയന്ത്രണരേഖയിൽ തങ്ങളുടെ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ചൈനീസ് നിർമ്മിത SH-15, 155-എംഎം ട്രക്ക് മൗണ്ടഡ് ഹോവിറ്റ്സർ തോക്ക്, ആളില്ലാ വിമാനങ്ങൾ, കോംബാറ്റ് ഏരിയൽ വെഹിക്കിൾസ് (സിഎവികൾ), ചൈനീസ് റഡാർ സംവിധാനങ്ങളായ "ജെ വൈ", "എച്ച്ജിആർ" എന്നിവ ഇത്തരത്തില്‍ കൈമാറിയിട്ടുണ്ട്. നിയന്ത്രണ രേഘ നിരീക്ഷിക്കാനും അതിര്‍ത്തിയില്‍ സ്‌റ്റീൽഹെഡ് ബങ്കറുകൾ നിർമ്മിക്കാനും ഇവയെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്.

തീവ്രവാദികൾക്ക് ആയുധ സപ്ലൈ

ഇന്ത്യൻ സൈന്യത്തിനെതിരായ ആക്രമണങ്ങളിൽ ജമ്മു കശ്‌മീരിലെ ഭീകരർ ചൈനീസ് ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളുമാണ് കൂടുതലായി ഉപയോഗിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് 2023 ഡിസംബറിലാണ്. ജെയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർ ഇ തൊയ്ബ തുടങ്ങിയ തീവ്രവാദ സംഘങ്ങൾ ചൈനീസ് ആയുധങ്ങളും ബോഡി ക്യാമറകളും ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിക്കുന്നതായി ഇൻ്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. 2023 ജൂലൈയിലും 2024 ഏപ്രിലിലും നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് ചൈനീസ് ആയുധങ്ങളും കമ്മ്യൂണിക്കേഷൻ ഹാൻഡ്‌സെറ്റുകളും കണ്ടെടുത്തിരുന്നു. "അൾട്രാ സെറ്റ്" എന്ന് വിളിക്കപ്പെടുന്ന പ്രത്യേകതരം ഹാൻഡ്‌സെറ്റുകളും ഇന്ത്യൻ സൈന്യം കണ്ടെടുത്തു. മൊബൈൽ ഫോണുകൾക്ക് സമാനമായ അൾട്രാ സെറ്റുകളിൽ സാധാരണ മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ജിഎസ്എം, സിഡിഎംഎ തരംഗങ്ങൾക്ക് പകരം പ്രത്യേക റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് ഇന്ത്യയുടെ നിരീക്ഷണവലയത്തിൽപ്പെടാതെ തന്നെ ആശയവിനിമയം നടത്താൻ തീവ്രവാദികളെ സഹായിക്കുന്നു.

രജൗരിയിലും പൂഞ്ചിലും പാക്-ചൈന ഗെയിം പ്ലാൻ

ജമ്മു കശ്‌മീരിലെ പൂഞ്ച് സെക്‌ടറിൽ ഭീകരവാദം വെള്ളവും വളവുമിട്ട് വളർത്താൻ ലക്ഷ്യമിട്ട് പാക്കിസ്ഥാനും ചൈനയും സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നതായി ഇന്ത്യയുടെ പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ലഡാക്കിൽ നിന്ന് കശ്‌മീർ താഴ്‌വരയിലേക്ക് സൈനികരെ പുനർവിന്യസിക്കുന്നതിന് സമ്മർദ്ദം ചെലുത്തുക എന്നതാണ് അവരുടെ പ്രധാന ഉദ്ദേശം. ഇത്തരത്തിൽ ഇന്ത്യൻ സൈന്യത്തെ കശ്‌മീരിൽ തളച്ചിട്ട് ചൈനീസ് അതിർത്തിയിലെ സാന്നിധ്യം കുറയ്ക്കുക എന്നതാണ് അവർ നടപ്പാക്കുന്ന തന്ത്രം. പാക്കിസ്ഥാൻ-ചൈന അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഗെയിം പ്ലാനിൻ്റെ ഭാഗമാണിത്.

കശ്‌മീരിലെ തീവ്രവാദത്തിന് പിന്നിൽ ചൈനീസ് ബുദ്ധി

കോടിക്കണക്കിന് ഡോളറിൻ്റെ ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമാകേണ്ട പാക്കിസ്ഥാൻ അധിനിവേശ കശ്‌മീരിലെ (PoJK) പ്രദേശങ്ങൾ കൈവിട്ടുപോകാതിരിക്കുക എന്നതാണ് ചൈനയുടെ പ്രധാന താൽപര്യം.

വടക്കുകിഴക്കിനെ അസ്വസ്ഥമാക്കുന്നതും ചൈന

വടക്കുകിഴക്കൻ മേഖലയിലെ മ്യാൻമർ അതിർത്തിയിൽ ഒരുകാലത്ത് സജീവമായിരുന്ന വിമത ഗ്രൂപ്പുകളെ പുനരുജ്ജീവിപ്പിക്കാൻ ചൈന സഹായം നൽകുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി 2020 ഡിസംബർ 7 ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തിരുന്നു. തന്മൂലം 2020 സെപ്‌തംബർ മുതൽ അവിടെ അക്രമങ്ങൾ വലിയ തോതില്‍ വർദ്ധിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.

സ്വീഡിഷ് പത്രപ്രവർത്തകന്‍ ബെർട്ടിൽ ലിൻ്റ്നർ “The Great Game East: India, China and the Struggle for Asia’s Most Volatile Frontier,” എന്ന തന്‍റെ പുസ്‌തകത്തിൽ ഇതേപ്പറ്റിയെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. 1950 കളിലും 1960 കളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സായുധ വംശീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ പാക്കിസ്ഥാനാണ് സായുധ സംഘങ്ങൾക്ക് ആയുധങ്ങൾ നൽകിയതെന്ന് ബെർട്ടിൽ ലിൻ്റ്നർ പുസ്‌തകത്തില്‍ പറയുന്നു. പിന്നീട് ചൈന ഈ സംഘങ്ങൾക്ക് ചൈനയ്ക്കുള്ളിൽ തന്നെ പരിശീലനം നൽകി അവര്‍ക്ക് ആയുധങ്ങൾ നൽകിത്തുടങ്ങി. ഇന്ന് ചൈനീസ് സർക്കാർ ആ സംഘങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നില്ല. പക്ഷേ അവർക്ക് ചൈനീസ് കരിഞ്ചന്തയിലെ ആയുധ വിപണിയിലേക്ക് പ്രവേശനമുണ്ടെന്നും ലിൻ്റ്നർ ചൂണ്ടിക്കാട്ടുന്നു.

വിമതരെ ചൈന സഹായിച്ചതിൻ്റെ ചരിത്രം

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ വിമത ഗ്രൂപ്പുകളെ ചൈന നേരിട്ടോ അല്ലാതെയോ പിന്തുണച്ചിട്ടുണ്ട്. 1960-കളിലാണ് ഇതിന് തുടക്കമിട്ടത്. 1966-67ൽ തുയിങ്കാലെങ് മുയിവയുടെയും, തിനോസെലി എം കീഹോയുടെയും നേതൃത്വത്തിൽ നാഗാ നാഷണൽ കൗൺസിലിലെ (എൻഎൻസി) ഏതാനും അംഗങ്ങൾ തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാനിൽ എത്തിയതോടെയാണ് ഇന്ത്യയിലെ കലാപത്തെ പിന്തുണയ്ക്കുന്നതിൽ ചൈനയുടെ നേരിട്ടുള്ള ഇടപെടൽ ആരംഭിച്ചത്.

വിമത ഗ്രൂപ്പുകൾക്കുള്ള ആയുധം, പരിശീലനം, സാമ്പത്തിക സഹായം, ലോജിസ്‌റ്റിക് പിന്തുണ എന്നിവ ചൈന നൽകിയിട്ടുണ്ട്. 1970-കളുടെ തുടക്കത്തിൽ മിസോ നാഷണൽ ഫ്രണ്ടിന് ചൈന സൈനിക സഹായം നൽകുകയും, 1980-കളിൽ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയെ പരിശീലിപ്പിക്കാൻ മ്യാൻമറിലെ കാച്ചിൻ ഇൻഡിപെൻഡൻസ് ആർമിയെ ഉപയോഗിക്കുകയും ചെയ്‌തു. അസമിലെ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോമിനെയും (ഉൾഫ) അവര്‍ സഹായിച്ചു.

വിമതർക്കുള്ള ചൈനയുടെ നേരിട്ടുള്ള പിന്തുണ ഡെങ് സിയാവോപിങ്ങ് അധികാരത്തിലെത്തിയതോടെ അവസാനിച്ചു. എന്നാൽ ഇന്ത്യൻ വിമതർക്കുള്ള ആയുധ സപ്ലൈ തുടർന്നു. ഇന്ത്യയിലേക്കുള്ള ചൈനീസ് ആയുധങ്ങളുടെ തുടർച്ചയായ ഒഴുക്കിനെപ്പറ്റി 2010-ൽ അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി.കെ. ഇന്ത്യയിലെ പിള്ള സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യാ വിരുദ്ധർക്ക് സുരക്ഷയൊരുക്കുന്ന ചൈന

ഇന്ത്യ വിടേണ്ടിവന്ന പല കൊടികുത്തി വിഘടനവാദികൾക്കും ചൈന ഒരു സുരക്ഷിത താവളമാണ്. പാർഷ് ബറുവ എന്ന ഉൾഫ നേതാവ് ചൈനയിലിരുന്നാണ് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2020 ഒക്‌ടോബർ 04-ന് ഭാരത സർക്കാർ യുഎപിഎ ട്രൈബ്യൂണലിന് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പാർഷ് ബറുവ നിലവിൽ ചൈനയിലെ യുനാൻ പ്രവിശ്യയിലെ റൂയിലിലാണ് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2009-ൽ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) ആദ്യമായി ചൈനയിൽ ക്യാമ്പുകളുണ്ടെന്ന് സമ്മതിച്ചു. അസം പൊലീസിൻ്റെ കസ്‌റ്റഡിയിലുള്ള രണ്ട് മുതിർന്ന ഉൾഫ നേതാക്കൾ ചൈനയിലെ തങ്ങളുടെ ഒളിത്താവളങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

നാഗ വിമതരും ചൈനയിൽ

2019 ഓഗസ്‌റ്റിൽ ജമ്മു കശ്‌മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നാഷണൽ സോഷ്യലിസ്‌റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിൻ്റെ (ഐ-എം) നിരവധി വിമത കേഡർമാർ നാഗാലാൻഡിൽ നിന്ന് മ്യാൻമറിലെ സാഗിങ് മേഖലയിലേക്കും ചൈനയിലെ യുനാനിലേക്കും ചേക്കേറിയിരുന്നു. ചൈനയുടെ മിലിട്ടറി ഇൻ്റലിജൻസ് വിഭാഗം മ്യാൻമറിലെ വടക്കുകിഴക്കൻ മേഖലയിലെ വിമത സംഘടനകളോട് കൂടുതൽ താൽപര്യം കാണിക്കാൻ തുടങ്ങിയെന്ന് 2015 ല്‍ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നു. വടക്കുകിഴക്കൻ മേഖലകളിൽ ചാരപ്രവർത്തനത്തിനായും ചൈന ഈ സംഘത്തില്‍ പെട്ടവരെ ഉപയോഗിക്കുന്നുണ്ട്.

മണിപ്പൂർ സംഘർഷത്തിന് പിന്നിലും ചൈന?

മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളും ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ചൈനയും പാക്കിസ്ഥാനും പയറ്റുന്ന തന്ത്രത്തിൻ്റെ ഭാഗമാണോ എന്ന് ന്യായമായും സംശയിക്കാം. ജമ്മു കശ്‌മീരിലെ അശാന്തമാക്കി നിലനിർത്തുന്നതിനൊപ്പം മണിപ്പൂർ ഉൾപ്പെടെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല സംഘർഷഭരിതമാക്കി മാറ്റുന്നതും ചൈന-പാക് അജണ്ടയുടെ ഭാഗമാകാനാണ് സാധ്യത. വിമത ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതും, അവർക്ക് ആയുധങ്ങളും പരിശീലനവും ലോജിസ്‌റ്റിക് പിന്തുണയും നൽകുന്നതും ചൈനയുടെ പരമ്പരാഗത അടവുനയമാണ്. അത് കണക്കിലെടുക്കുമ്പോൾ മണിപ്പൂരിൽ തുടരുന്ന അക്രമങ്ങളിലും ചൈനയുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കാം. ഇന്ത്യയുടെ സൈനീക ശ്രദ്ധയും വിഭവശേഷിയും വഴിതിരിച്ചുവിടാനും, അതുവഴി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഭൂപ്രകൃതിയെ സങ്കീർണ്ണമാക്കാനും, പരമാധികാരത്തെ വെല്ലുവിളിക്കാനുമുള്ള ചൈന-പാക്കിസ്ഥാൻ കൂട്ടുകെട്ടിൻ്റെ നിരന്തരമായ ശ്രമങ്ങളെ തന്നെയാകും മണിപ്പൂരിലെ സംഘര്‍ഷങ്ങളും പ്രതിഫലിപ്പിക്കുന്നത്.

Also Read:

  1. ഇന്ത്യ-ചൈന അതിർത്തി തർക്കം എങ്ങനെ ആരംഭിച്ചു? എവിടെ എത്തിനിൽക്കുന്നു? വിശദമായി അറിയാം
  2. കലുഷിതമാകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴി, ആക്രമണങ്ങളും മരണവും തുടര്‍ക്കഥയാകുമ്പോള്‍...
  3. കശ്‌മീര്‍ വിട്ട് ഭീകരര്‍ ജമ്മുവിലേക്ക്; ഭീകരതയുടെ പ്രഭവ കേന്ദ്രം മാറുന്നു
  4. അതിര്‍ത്തി സുരക്ഷയും രാജ്യ വികസനവും പരസ്‌പര പൂരകങ്ങൾ; മേജര്‍ ജനറല്‍ ഹര്‍ഷ കാക്കര്‍ എഴുതുന്നു
  5. സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സ് പുനസംഘടിപ്പിച്ച് ചൈന; ഇന്ത്യക്ക് വെല്ലുവിളിയാകുമോ

ABOUT THE AUTHOR

...view details