ഇന്ത്യയിലെ ആയുധ ഉത്പാദനം വിവിധ കാരണങ്ങളാല്‍ അനുദിനം പുരോഗമിക്കുന്ന ഒന്നാണ്. സുരക്ഷ ആശങ്കകൾ, സാങ്കേതിക മുന്നേറ്റങ്ങൾ, അതിവേഗം മാറുന്ന ഭൗമ രാഷ്‌ട്രീയ സാഹചര്യങ്ങളെല്ലാം ഇന്ത്യയുടെ ആയുധ ഉത്പാദനത്തെ സ്വാധീനിക്കുന്നവയാണ്.
ഇന്ത്യയുടെ ആയുധ നിർമ്മാണത്തിന് സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടം മുതലുള്ള ചരിത്രമുണ്ട്. സ്വാതന്ത്ര്യാനന്തരം, ഇന്ത്യയെ സ്വാശ്രയത്വത്തിലും സ്വദേശിവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതിന് ഫലമായാണ് HAL, BEL, BDL, BEML, കപ്പൽ നിർമ്മാണ വ്യവസായങ്ങൾ, ഓർഡനൻസ് ഫാക്‌ടറി ബോർഡ് (OFB) തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുന്നത്. വിമാനങ്ങൾ, മിസൈലുകൾ, ചെറു ആയുധങ്ങൾ, പീരങ്കികൾ, ഇലക്‌ട്രോണിക് യുദ്ധസംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം ഈ സ്ഥാപനങ്ങളില്‍ നടന്നുപോരുന്നുണ്ട്.
ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറ നവീകരിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ കാലാകാലങ്ങളായി നടക്കുന്നുണ്ട്. ഈ അടിത്തറ ശക്തിപ്പെടുത്തുന്നതിനും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വേണ്ടിയുള്ള പരിഷ്‌കാരങ്ങൾക്ക് കാർഗിൽ യുദ്ധം വലിയൊരളവില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
'മേക്ക് ഇൻ ഇന്ത്യ' പോലെയുള്ള സംരംഭങ്ങളും പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഈ നവീകരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ കാര്യമായ പരിവർത്തനം സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പ്രതിരോധ ഉത്പദനത്തിന് ഊർജം പകരുന്നതും ഇന്ത്യയെ ഒരു ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റുന്നത് എങ്ങനെയെന്നുമുള്ള കാര്യത്തില്‍ വർഷങ്ങളായി ചർച്ച ചര്‍ച്ച നടക്കുന്നുണ്ട്. പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' സംരംഭങ്ങൾക്ക് കീഴിൽ നിരവധി പരിഷ്‌കാരങ്ങൾ ആരംഭിച്ചത് നരേന്ദ്ര മോദി സർക്കാരാണ്.
ഡിഫൻസ് പ്രൊക്യുർമെന്‍റ് പ്രൊസീജ്യർ (ഡിപിപി), സ്ട്രാറ്റജിക് പാർടണർഷിപ്പ് മോഡൽ തുടങ്ങിയ ഇന്ത്യയുടെ പ്രതിരോധ സംഭരണ നയങ്ങളിലെ മാറ്റങ്ങൾ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയമായ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഇത്തരം പദ്ധതികള്‍ സഹായകമാകുന്നു. കാലങ്ങളായി ഡിആർഡിഒയുടെ കീഴിലായിരുന്ന ആർ ആൻഡ് ഡി ഏറ്റെടുക്കാൻ ഡിപിഎസ്‌യുവിനെ പ്രോത്സാഹിപ്പിക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്.
ഡിപിപി/ഡിഎപി എന്നിവയുടെ നിർമ്മാണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലളിതമാക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതിന്, ഇനോവേഷൻ ഫോർ ഡിഫൻസ് എക്‌സലൻസ് (ഐഡെക്‌സ്), ടെക്നോളജി ഡെവലപ്മെന്‍റ് ഫണ്ട് (ടിഡിഎഫ്) എന്നീ രണ്ട് ഇന്നൊവേഷൻ-ഓറിയന്‍റഡ് സ്‌കീമുകൾ ആരംഭിക്കുകയും ചെയ്‌തു.
ഇന്ന് ഇന്ത്യയുടെ ആയുധ ഉൽപ്പാദനം പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ പ്രതിരോധ കമ്പനികൾ, വിദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയുടെ സങ്കരമാണ്. മിസൈൽ സാങ്കേതികവിദ്യ, നാവിക കപ്പൽ നിർമാണം, വിമാന നിർമാണം തുടങ്ങിയ മേഖലകളിലും രാജ്യം ഗണ്യമായ മുന്നേറ്റം നടത്തി.
കൂടാതെ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പോലുള്ള സ്ഥാപനങ്ങൾ നവീകരണത്തിലും തദ്ദേശീയ സാങ്കേതിക വികസനത്തിലും നിർണായക പങ്ക് വഹിക്കുന്നതിനാൽ ഗവേഷണത്തിനും വികസനത്തിനും ഊന്നൽ വർധിച്ചുവരികയാണ്.
ഇന്ന് ഇന്ത്യയുടെ ആയുധ ഉൽപ്പാദനത്തിന്‍റെ വിശാലത വൈവിധ്യമാർന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മേഖലയാണ്. അതേസമയം, ബ്യൂറോക്രാറ്റിക് തടസങ്ങൾ, ഇൻഫ്രാസ്ട്രക്‌ചർ പരിമിതികൾ, സാങ്കേതിക തടസങ്ങള്‍ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട് എന്നതും വസ്‌തുതയാണ്. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധ വ്യവസായം നിലവില്‍ രാജ്യത്തിന്‍റെ സുരക്ഷ ആവശ്യകതകൾ നിറവേറ്റുന്നതിനായി വികസിക്കുന്നുണ്ട് എന്ന കാര്യവും വിസ്‌മരിച്ചുകൂടാ.
പുത്തന്‍ സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ മുൻനിര രാജ്യങ്ങളുമായി തുല്യത കൈവരിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു വെല്ലുവിളി നിറഞ്ഞ ദൗത്യമാണെങ്കിലും കാലക്രമേണ ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ്.
ആഗോള പ്രതിരോധ രംഗത്തെ മുൻനിര രാജ്യമായി ഇന്ത്യ ഉയർന്ന് വരുന്നതിന് തുടർച്ചയായ ജാഗ്രതയും സഹകരണവും സ്ഥിരോത്സാഹവും അത്യന്താപേക്ഷിതമാണ്. ഗവേഷണ-വികസന, ഉത്പാദന ശേഷികൾ വർധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും പ്രതിരോധ മേഖലയും ഒരു ആഗോള ഉത്പാദന കേന്ദ്രമായി ഉയർന്നുവരാൻ ഒരുങ്ങുകയാണ്.
നിലവിൽ, ഇന്ത്യ 75-ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ആഗോള പ്രതിരോധ വിപണിയിൽ ഇന്ത്യയുടെ വളര്‍ച്ച അടിവരയിടുന്നതാണിത്. 2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതിയില്‍ 21,083 കോടി രൂപ(ഏകദേശം 2.63 ബില്യൺ യുഎസ് ഡോളർ)യുടെ റെക്കോർഡില്‍ ഇന്ത്യ എത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 15,920 കോടി രൂപയായിരുന്നു. അതായത് 32.5% വളർച്ച.
2013-14 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്, കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിരോധ കയറ്റുമതി 31 മടങ്ങ് വർധിച്ചതായി സമീപകാല കണക്കുകളും സൂചിപ്പിക്കുന്നു. 2004-05 മുതൽ 2013-14 വരെയും 2014-15 മുതൽ 2023-24 വരെയുമുള്ള രണ്ട് ദശാബ്‌ദങ്ങളിലെ താരതമ്യ കണക്കുകൾ കാണിക്കുന്നത് പ്രതിരോധ കയറ്റുമതിയിൽ 21 മടങ്ങ് വളർച്ചയുണ്ടായതായാണ്. 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ മൊത്തം പ്രതിരോധ കയറ്റുമതി 4,312 കോടി രൂപയായിരുന്നു. ഇത് 2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ 88,319 കോടി രൂപയായി ഉയർന്നു. നയപരിഷ്‌കാരങ്ങളും സുഗമമായി വ്യാപാരം നടത്താനുള്ള സാഹചര്യവും ഒരുങ്ങിയതോടെയാണ് ഈ വളർച്ച കൈവന്നത്.
ആഗോള എയ്‌റോസ്‌പേസ് ഡിഫൻസ് വിപണി മൂല്യം 2022-ൽ ഏകദേശം 750 ബില്യൺ യുഎസ് ഡോളറായിരുന്നു. 2023-നും 2030-നും ഇടയിൽ ഏകദേശം 8.2% വാർഷിക വളർച്ച നിരക്ക് (സിഎജിആർ) കണക്കാക്കുന്നതിനാൽ 2030 ഓടെ ഏകദേശം 1388 ബില്യൺ ഡോളറായി ഇത് വളരുമെന്ന് പ്രവചിക്കപ്പെടുന്നത്.
പ്രതിരോധ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, സേവനങ്ങൾ എന്നിവയുടെ ഡിമാന്‍റ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും പ്രതിരോധ ഉത്പാദനത്തിലും സാങ്കേതിക വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് കാര്യമായ സാധ്യതകൾ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഇന്ത്യയുടെ എയ്റോ ബഹിരാകാശ & പ്രതിരോധ മേഖലയ്ക്ക് 2024-32 സാമ്പത്തിക വര്‍ഷത്തിന്‍റെ കാലയളവിൽ 138 ബില്യൺ യുഎസ് ഡോളറിന്‍റെ ലാഭകരമായ ഓർഡറിങ് അവസരമുണ്ട് എന്ന് ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2025 സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ മൂലധനച്ചെലവില്‍ പ്രതീക്ഷിക്കുന്ന 29 ശതമാനം എന്നതില്‍ നിന്ന് 2030 സാമ്പത്തിക വർഷത്തോടെ മൊത്തം ബജറ്റിന്‍റെ 37 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഇത് 2024-30 സാമ്പത്തിക വർഷത്തിൽ 15.5 ട്രില്യൺ രൂപയുടെ മൂലധന ചെലവിന് തുല്യമാണ്. ഇത് മുൻ കാലങ്ങളിലേക്കാള്‍ ഉയര്‍ന്ന ചെലവാണ് എന്നത് വ്യക്തമാണ്.
ആയുധ ഗവേഷണത്തിലും വികസനത്തിലും പുതിയ സാങ്കേതികവിദ്യകളുമായി മുൻനിര രാജ്യങ്ങളോട് തുല്യത കൈവരിക്കുക എന്നത് സങ്കീർണ്ണവും ബഹുമുഖവുമായ ലക്ഷ്യമാണ്. അതിന് സുസ്ഥിരമായ പരിശ്രമവും നിക്ഷേപവും തന്ത്രപരമായ ആസൂത്രണവും ആവശ്യമാണ്.
സമീപ വർഷങ്ങളിൽ ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ സാങ്കേതികമായി വികസിത രാജ്യങ്ങളുമായി മുന്നേറുന്നതിൽ ഇന്ത്യ ഇപ്പോഴും വെല്ലുവിളികൾ നേരിടുന്നുണ്ട്. എങ്കിലും ഇന്ത്യയ്ക്ക് ഈ വിടവ് നികത്താനും ഭാവിയിൽ മുൻനിര രാജ്യങ്ങളുമായി തുല്യത കൈവരിക്കാനും കഴിയുമെന്ന് നിരവധി ഘടകങ്ങൾ സൂചിപ്പിക്കുന്നു. ആഗോള പ്രതിരോധ രംഗത്തെ മുൻനിര സ്വാധീനമായി ഇന്ത്യ ഉയർന്നുവരുന്നതിന് തുടർച്ചയായ പരിശ്രമം അത്യാവശ്യമാണ്.
(Disclaimer : ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ എഴുത്തുകാരന്‍റേതാണ്. ഇവിടെ പറഞ്ഞിരിക്കുന്ന വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിന്‍റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല.)
Also Read :അതിര്‍ത്തി സുരക്ഷയും രാജ്യ വികസനവും പരസ്‌പര പൂരകങ്ങൾ; മേജര്‍ ജനറല്‍ ഹര്‍ഷ കാക്കര്‍ എഴുതുന്നു - BORDER SECURITY AND DEVELOPMENT