യുകെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. 650 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമൺസില്‍ 412 സീറ്റുകൾ നേടിയാണ് കെയർ സ്റ്റാർമറിന്‍റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിലേറിയത്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നത്. ഈ നേട്ടവും കെയർ സ്റ്റാർമറിന്‍റെ നേതൃത്വമികവിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും.
ലേബർ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് മനുഷ്യാവകാശ അഭിഭാഷകനായും ക്രൗൺ പ്രോസിക്യൂഷൻ സർവീസിൽ ചീഫ് പ്രോസിക്യൂട്ടറായും കെയർ സ്റ്റാർമർ പ്രവർത്തിച്ചിട്ടുണ്ട്. ദേശത്തിന്‍റെ നവീകരണത്തിനും പൊതുസേവനത്തിന്‍റെ രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനും വേണ്ടി പ്രവർത്തിക്കുമെന്നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ കെയർ സ്റ്റാർമർ പറഞ്ഞത്.
പാർട്ടികൾ, വോട്ട് ഷെയർ, സീറ്റ് ഷെയർ :പാർലമെന്‍റില്‍ ലേബർ പാർട്ടിയുടെ അംഗസംഖ്യ മെച്ചപ്പെട്ടെങ്കിലും പല മണ്ഡലങ്ങളിലും വിജയത്തന്‍റെ മാർജിന്‍ കുറവായിരുന്നു. 2019-ല്‍ ലേബർ പാർട്ടിയുടെ വോട്ട് വിഹിതം ഏകദേശം 32 ശതമാനമായിരുന്നു. ഇത്തവണ വോട്ട് വിഹിതം നേരിയ തോതിൽ ഉയര്‍ന്ന് 33.8 ശതമാനമായി. പാർലമെന്‍റിൽ 63 ശതമാനം സീറ്റുകളാണ് പാര്‍ട്ടി നേടിയത്.
മറുവശത്ത്, കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടിങ് ശതമാനം 2019-ലെ 43 ശതമാനത്തിൽ നിന്ന് 23.7 ശതമാനമായി ഇടിഞ്ഞു. കൺസർവേറ്റീവ് പാർട്ടി 121 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ കൈവശം വച്ചിരുന്ന 244 സീറ്റുകൾ നഷ്‌ടമായി. മുൻ കൺസർവേറ്റീവ് പ്രധാനമന്ത്രി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ഗ്രാന്‍റ് ഷാപ്‌സ്, മറ്റ് നിരവധി മന്ത്രിമാരും പരാജയം ഏറ്റുവാങ്ങി.
കഴിഞ്ഞ എട്ട് വര്‍ഷമായി ജനങ്ങള്‍ കാണുന്ന ഉള്‍പാര്‍ട്ടി കലഹവും തത്ഫലമായി അഞ്ച് ടോറി പ്രധാനമന്ത്രിമാര്‍ മാറി മാറി വന്നതുമെല്ലാം തോല്‍വിക്ക് കാരണമായെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ പലരും പറയുന്നു. അനധികൃത കുടിയേറ്റം, പണപ്പെരുപ്പം തുടങ്ങിയ കാതലായ ആശങ്കകളെ ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ കണ്‍സര്‍വേറ്റീവ്‌സിന് കഴിഞ്ഞില്ല എന്നത് പല വോട്ടർമാരെയും പാർട്ടി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു എന്ന അഭിപ്രായവുമുണ്ട്.
അതേസമയം, നികുതികൾ ഗണ്യമായി കുറയ്ക്കുമെന്നും അനധികൃത കുടിയേറ്റം തടയാൻ കർശനമായ അതിർത്തി നിയന്ത്രണം നടപ്പിലാക്കുമെന്നും വാഗ്‌ദാനം ചെയ്‌ത റിഫോം യുകെ പാർട്ടിയിലേക്ക് പല കണ്‍സര്‍വേറ്റീവ് പാർട്ടി വോട്ടർമാരും ആകർഷിക്കപ്പെട്ടു. ബ്രിട്ടീഷ് സംസ്‌കാരത്തിനും സ്വത്വത്തിനും മൂല്യങ്ങൾക്കും വേണ്ടി പാര്‍ട്ടി നിലകൊള്ളുമെന്നും റിഫോം യുകെ വാഗ്‌ദാനം ചെയ്‌തിരുന്നു.
14.3 ശതമാനം വോട്ട് ഷെയറോടെ അഞ്ച് സീറ്റുകൾ നേടിയപ്പോൾ തന്നെ ഏകദേശം 103 മണ്ഡലങ്ങളിൽ റിഫോം യുകെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. റിഫോം യുകെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലായിരുന്നുവെങ്കിൽ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കുമായിരുന്നു എന്ന് നിരവധി വാർത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
71 പാർലമെന്‍റ് അംഗങ്ങളുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമത്തെ വലിയ കക്ഷിയായി ഉയർന്നു. 2019-ൽ ലിബറൽ ഡെമോക്രാറ്റ് പാർട്ടി 11.5 ശതമാനം വോട്ട് വിഹിതത്തോടെ 11 സീറ്റുകൾ നേടി എന്നത് ശ്രദ്ധയേമാണ്. 2024-ൽ ലിബറൽ ഡെമോക്രാറ്റിന്‍റെ വോട്ട് വിഹിതം 12.2 ശതമാനമായി വർധിച്ച്, 71 സീറ്റുകൾ നേടി. കണ്‍സര്‍വേറ്റീവ് വോട്ടുകള്‍ വിഘടിച്ചതും റിഫോം പാർട്ടിക്ക് ലഭിച്ച വോട്ടുകളും ലിബറൽ ഡെമോക്രാറ്റുകളെയും വോട്ട് ഉയര്‍ത്താന്‍ സഹായിച്ചു എന്ന് വേണം കരുതാന്‍.
പ്രാദേശിക തല വിശകലനം രസകരമായ തെരഞ്ഞെടുപ്പ് ഫലമാണ് കാണിക്കുന്നത്. രാജ്യത്തിന്‍റെ വടക്കൻ ഭാഗത്ത്, സ്കോട്ട്ലൻഡിന്‍റെ സ്വാതന്ത്ര്യത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) ഏകദേശം 9 സീറ്റുകൾ നേടി. 2019-നെ അപേക്ഷിച്ച് 39 സീറ്റുകളാണ് എസ്എൻപിക്ക് നഷ്‌ടമായത്. സ്കോട്ട്ലൻഡിന്‍റെ സ്വാതന്ത്ര്യം എന്ന എസ്എൻപിയുടെ അജണ്ട വിലപ്പോവാതെ വന്നതായാണ് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാകുന്നത്. എന്നാല്‍ 2026 സ്കോട്ടിഷ് പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ അജണ്ട വീണ്ടും പരീക്ഷിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്.
മറുവശത്ത്, 2019- ൽ ഒരു സീറ്റ് മാത്രം നേടിയ ലേബർ പാർട്ടി സ്കോട്ട്ലൻഡിൽ ഇത്തവണ 37 സീറ്റുകൾ നേടി. വെയിൽസ് മേഖലയിൽ കണ്‍സര്‍വേറ്റീവ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. വടക്കൻ അയർലണ്ടിൽ സിന്‍ ഫെയിൻ 7 പാർലമെന്‍റ് സീറ്റുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി 5 സീറ്റുകളും നേടി.
ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്? :പുതിയ ഹൗസ് ഓഫ് കോമൺസിൽ, ഏകദേശം 28 പാർലമെന്‍റ് അംഗങ്ങൾ ഇന്ത്യൻ വംശജരാണ്. ഇന്ത്യന്‍ വംശജര്‍ തെരഞ്ഞെടുക്കപ്പെടുന്നത് സ്വാഗതാർഹമായ കാര്യമാണെങ്കിലും യുകെ പാർലമെന്‍റിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യം വർധിക്കുന്നത് ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന് കാരണമാകണമെന്ന് ഉറപ്പിയ്‌ക്കാനാകില്ല. ഇന്ത്യൻ വംശജരായ എംപിമാരും ലോകമെമ്പാടും ബ്രിട്ടീഷ് താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുക. കൂടാതെ, ഇന്ത്യയുമായുള്ള ആശയവിനിമയത്തിൽ അവരുടെ പ്രാദേശിക വോട്ട് ബാങ്കുകളുടെ മുൻഗണനകളും അവർക്ക് പരിഗണിക്കേണ്ടതുണ്ട്.