ഏറെ പേര്‍ ഇഷ്‌ടപ്പെടുന്ന പഴമാണ് സ്‌ട്രോബെറി. ആന്‍റി ഓക്‌സിഡന്‍റുകളാലും ഫൈറ്റോ ന്യൂട്രിയന്‍റുകളാലും സമ്പുഷ്‌ടമായ സ്‌ട്രോബെറി കാഴ്‌ചയ്‌ക്കും സുന്ദരനാണ്. കടകളില്‍ നിന്നും വാങ്ങുമ്പോള്‍ വലിയ വിലയാണ് ഇതിന് നല്‍കേണ്ടി വരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ചൂടും ഈർപ്പവുമുള്ള കേരളത്തിന്‍റെ കാലാവസ്ഥയില്‍ ഒന്ന് മനസുവച്ചാല്‍ ഇവ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താവുന്നതാണ്. വീടിന്‍റെ ടെറസില്‍ ഉള്‍പ്പെടെ കണ്ടെയ്‌നറിലും ഗ്രോ ബാഗുകളിലുമായി ഇവ വളര്‍ത്തിയെടുക്കാം. മികച്ച വിളവ് ലഭിക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്നാണ് ഈ രംഗത്തെ അനുഭവസ്ഥര്‍ പറയുന്നത്.
ശരിയായ വെറൈറ്റി തിരഞ്ഞെടുക്കുക
വീട്ടില്‍ വളര്‍ത്താനായി തിരഞ്ഞെടുക്കുന്ന സ്‌ട്രോബെറിയുടെ ഇനത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളം പോലുള്ള ഒരിടത്ത് ഡേ-ന്യൂട്രൽ അല്ലെങ്കിൽ എവർ-ബെയറിങ് ഇനങ്ങൾ നട്ടുവളര്‍ത്തുന്നതാണ് നല്ലത്. കാരണം ഇവയ്‌ക്ക് ചൂടുള്ളതും തണുത്തതുമായ താപനിലയിൽ കായ്ക്കാൻ കഴിയും. ആൽബിയോൺ, സീസ്‌കേപ്, ചാൻഡലർ, ക്വിനോൾട്ട് എന്നിവ മികച്ചതാണ്. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന പ്രാദേശിക സ്ട്രോബെറി ഇനങ്ങൾ കണ്ടെത്താൻ കഴിയുമെങ്കില്‍ അവയില്‍ നിന്നും മികച്ച വിളവ് ലഭിച്ചേക്കും.
കണ്ടെയ്‌നറുകളുടെ തിരഞ്ഞെടുപ്പ്
സ്ട്രോബെറി ചെടികള്‍ക്ക് നല്ലരീതിയില്‍ വേരോട്ടത്തിന് സാധ്യമായ കണ്ടെയ്‌നുറുകളാണ് നടനായി തിരഞ്ഞെടുക്കേണ്ടത്. ഓരോ ചെടിക്കും കുറഞ്ഞത് 6-8 ഇഞ്ച് (15-20 സെ.മീ) ആഴവും ഏകദേശം 12-18 ഇഞ്ച് (30-45 സെ.മീ) വ്യാസവുമുള്ള കണ്ടെയ്‌നറുകളാണ് അനുയോജ്യം. തൂക്കിയിടുന്ന കുട്ടകൾ, ഗ്രോ ബാഗുകൾ അല്ലെങ്കിൽ വിശാലമായ പാത്രങ്ങൾ എന്നിവയും ഉപയോഗിക്കാം. വെള്ളം കെട്ടിനില്‍ക്കുന്ന തരത്തിലുള്ള കണ്ടെയ്‌നറുകള്‍ ചെടി ചീയുന്നതിലേക്ക് നയിക്കും. അതിനാല്‍ തന്നെ ഡ്രെയിനേജ് ദ്വാരങ്ങള്‍ ഉള്ള കണ്ടെയ്‌നറുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
നടീല്‍ മണ്ണ് തയാറാക്കാം
നല്ല നീർവാർച്ചയും ചെറിയ അസിഡിറ്റിയുമുള്ള മണ്ണിലാണ് സ്ട്രോബെറി നടേണ്ടത്. pH 5.5 മുതൽ 6.5 വരെയാണ് അനുയോജ്യം. മണ്ണും (50%) കമ്പോസ്റ്റും (25%) പെർലൈറ്റ് അല്ലെങ്കിൽ മണൽ (25%) എന്നിവ ചേര്‍ത്ത് നടീല്‍ മിശ്രിതം തയാറാക്കി ചെടി നട്ട് പിടിപ്പിക്കാം.
നല്ല സൂര്യപ്രകാശം പ്രധാനം
സ്ട്രോബെറി മികച്ച ഫലം തരുന്നതിനായി ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. അതിനാല്‍ തന്നെ ചെടി നട്ട കണ്ടെയ്‌നറുകള്‍ സ്ഥാപിക്കുന്ന ഇടത്തിനും വലിയ പ്രാധാന്യമുണ്ട്. ദിവസത്തിൽ 6-8 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ചെടിയടങ്ങിയ കണ്ടെയ്‌നര്‍ വയ്‌ക്കേണ്ടത്. ഉച്ചതിരിഞ്ഞ് ചൂട് കഠിനമാണെങ്കില്‍ ഭാഗിക തണൽ ലഭിക്കുന്ന സ്ഥലങ്ങളിലും കണ്ടെയ്‌നര്‍ സ്ഥാപിക്കാം.
നനയ്‌ക്കുമ്പോള്‍ ഓര്‍ക്കാം
സ്ട്രോബെറിക്ക് സ്ഥിരമായ ഈർപ്പം ആവശ്യമാണ്, പക്ഷേ വെള്ളം കെട്ടി നിന്നാല്‍ ചെടി ചീഞ്ഞുപോകും. മണ്ണ് ഈർപ്പമുള്ളതാക്കാൻ പതിവായി ചെടികൾ നനയ്ക്കുക. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ നനയ്ക്കുന്നതിന് ഇടയിൽ മണ്ണിന്‍റെ മുകളിലെ പാളി ഉണങ്ങാൻ അനുവദിക്കുക.