ഭക്ഷണങ്ങളെ കുറിച്ചും അവ തയ്യാറാക്കുന്നതിനെ കുറിച്ചും ഗൂഗിളിൽ തിരയുന്നവർ നിരവധിയാണ്. ഇത്തവണ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ഗൂഗിൾ പുറത്ത് വിട്ടിരുന്നു. പരമ്പരാഗത വിഭവങ്ങൾ മുതൽ കോക്‌ടെയിലുകൾ വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിൽ ആദ്യ പത്തിൽ മലയാളികളുടെ ഇഷ്‌ട വിഭവവും ഇടം പിടിച്ചിട്ടുണ്ട്. 2024 ൽ ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ തിരഞ്ഞ 10 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
1. പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി
2024 ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ഒരു വിഭവമാണ് പോൺസ്റ്റർ മാർട്ടിനി. 2022 ൽ ലണ്ടനിലെ ഒരു മിക്‌സോളജിസ്റ്റും ബാര്‍ ഉടമയുമായ ഡഗ്ലസ് അങ്ക്രായാണ് പോൺസ്റ്റർ മാർട്ടിനി ആദ്യമായി ഉണ്ടാക്കിയത്. ഇന്ന് ലോകത്തെ ഏറ്റവും ജനപ്രിയമായ കോക്ടെയിലാണ് ഇത്. വാനില വോഡ്‌ക, പാസോ, വാനില ഷുഗര്‍, പാഷന്‍ ഫ്രൂട്ട് ജ്യൂസ്, വാനില പഞ്ചസാര, ഷാംപെയിന്‍ എന്നിവ ചേർത്താണ് പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി തയ്യാറാക്കുന്നത്.
2. മാങ്ങാ അച്ചാർ
ഈ വർഷം ഗൂഗിളിൽ ഏറ്റവും അധികം ഇന്ത്യക്കാർ തിരഞ്ഞ ഭക്ഷണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് മാങ്ങാ അച്ചാറാണ്. ഇന്ത്യൻ ഭക്ഷണങ്ങളിൽ അച്ചാറുകൾക്ക് ഒരു പ്രത്യേകം സ്ഥാനം തന്നെയുണ്ട്. രുചികരമായ മാങ്ങാ അച്ചാർ എങ്ങനെ ഉണ്ടാക്കാം എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ആളുകൾ ഗൂഗിളിൽ തിരഞ്ഞത്.
3. ധനിയ പഞ്ചിരി
ഒരു പരമ്പരാഗത ഇന്ത്യൻ മധുരപലഹാരമാണ് ധനിയ പഞ്ചിരി. കൃഷ്‌ണ ജന്മാഷ്‌ടമിക്ക് പ്രസാദമായാണ് ഇത് സാധാരണ ഉണ്ടാക്കാറുള്ളത്. വറുത്ത മല്ലി, അണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്‌സ്, വിത്തുകൾ, തേങ്ങാ, നെയ്യ് തുടങ്ങിയ പോഷക സമൃദ്ധമായ ചേരുവകൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
4. ഉഗാദി പച്ചടി
ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് ദക്ഷണേന്ത്യൻ വിഭവമായ ഉഗാദി പച്ചടിയാണ്. തെലുങ്ക് പുതുവർഷ ദിനത്തിൽ തയ്യാറാക്കുന്ന ഒരു പരമ്പരാഗത വിഭവമാണ് ഉഗാദി പച്ചടി. പച്ച മാങ്ങ, പുളി, ശർക്കര, ഉപ്പ്, പച്ചമുളക്, വേപ്പില, വെള്ളം എന്നിവയാണ് ഇതുണ്ടാക്കാനായി ആവശ്യമായ ചേരുവകൾ. വ്യത്യസ്‌ത രുചികളുടെ മിശ്രതമായ ഉഗാദി പച്ചടി ആന്ധ്രാ പ്രാദേശിലെയും തെലങ്കാനയിലെയും ജനപ്രിയ പാനീയമാണ്.
5. ചർണമൃത്
ചർണമൃതാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തിരഞ്ഞ മറ്റൊരു ഭക്ഷണം. പാൽ, തൈര്, തേൻ, പഞ്ചസാര, നെയ്യ് എന്നിവയാണ് ഇതുണ്ടാക്കാൻ പ്രധാനമായും വേണ്ട ചേരുവകൾ. പഞ്ചാമൃതം എന്നും ഇതിനെ വിളിക്കാറുണ്ട്. തുളസി, കുങ്കുമം, ഡ്രൈ ഫ്രൂട്‌സ് എന്നിവയും ഇതിൽ ചേർക്കാറുണ്ട്. ഹിന്ദു ആചാരങ്ങളിൽ പ്രസാദമായും ചർണമൃത് നൽകാറുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കാനും മനസിനെ ശാന്തമാക്കാനും നല്ല വികാരങ്ങൾ ഉണർത്താനും ചർണമൃത് കഴിക്കുന്നത് നല്ലതാണെന്നാണ് ചിലരുടെ വിശ്വാസം.
6. എമ ദത്ഷി
ഏറ്റവും അധികം ആളുകൾ തിരഞ്ഞ റെസിപ്പികളിലൊന്നാണ് എമ ദത്ഷി. ചീസ് പ്രധാന ചേരുവയായ എമ ദത്ഷി ഒരു ഭൂട്ടാനീസ് വിഭവമാണ്. ചോറിനൊപ്പമാണ് ഇത് വിളമ്പുന്നത്. ചീസ്, പച്ചമുളക്, സവാള, ഓയില്‍, വെളുത്തുള്ളി എന്നിവയാണ് ഈ വിഭവം തയ്യാറാക്കാൻ ആവശ്യമായ ചേരുവകള്‍. ഭൂട്ടാനീസ് ഭക്ഷണങ്ങളിൽ ഏറ്റവും പ്രശസ്‌തമായ ഒരു വിഭവമാണ് എമ ദത്ഷി.
7. ഫ്ലാറ്റ് വൈറ്റ്
ഫ്ലാറ്റ് വൈറ്റാണ് ഈ ലിസ്റ്റിൽ അടുത്തതായുള്ളത്. ലോകത്തുടനീളം ഏറെ ആരാധകരുള്ള എസ്‌പ്രസോ കോഫിയാണ് ഫ്ലാറ്റ് വൈറ്റ്. എസ്‌പ്രസ്‌സോയും ആവിയിൽ തിളപ്പിച്ച പാലും ചേർത്താണ് ഈ കോഫീ ഉണ്ടാക്കുന്നത്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമാണ് ഇത് ഉത്ഭവിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
8. കഞ്ചി
ഉത്തരേന്ത്യൻ പ്രോബയോട്ടിക് പാനീയമാണ് കഞ്ചി. ഹോളി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പാനീയമാണിത്. വെള്ളം, കാരറ്റ്, ബീറ്റ്റൂട്ട്, കടുക്, ഹീങ്ങ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ആൻ്റി ഓക്‌സിഡൻ്റുകൾ, പ്രോബയോട്ടിക്‌സുകൾ എന്നിവയാൽ സമ്പുഷ്‌ടമായ കഞ്ചി ദഹനത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പോഷക ഗുണങ്ങളും ഏറെയുള്ള ഈ പാനീയം രുചിയുടെ കാര്യത്തിലും വളരെ മുന്നിലാണ്.
9. ശങ്കർപാലി
ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന ഒരു ക്രിസ്‌പി ലഘുഭക്ഷണമാണ് ശങ്കർപാലി. മധുരം, എരിവ്, പുളി എന്നിവയുടെ ഒരു സമ്മിശ്ര രുചിയുള്ള ഒരു പലഹാരമാണിത്. ലക്‌തോ എന്നും ഇത് അറിയപ്പെടുന്നു.
10. ചമ്മന്തി പൊടി
ദക്ഷിണേന്ത്യാക്കാരുടെ ഇഷ്‌ട വിഭവമാണ് ചമ്മന്തി പൊടി. പ്രത്യേകിച്ച് മലയാളികളുടെ. സാധാരണ ചമ്മന്തികളിൽ നിന്ന് വ്യത്യസ്‌തമായി ഏറെ നാൾ കേടാകാതെ ഉപയോഗിക്കാനാകും എന്നതാണ് ഇതിന്‍റെ പ്രത്യേകത. തേങ്ങയാണ് ഇതിലെ പ്രധാന ചേരുവ.