കേരളം

kerala

ETV Bharat / lifestyle

അരിപ്പൊടി ഇരിപ്പുണ്ടോ ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം മലബാർ സ്പെഷ്യൽ കലത്തപ്പം - KALATHAPPAM RECIPE

മലബാർ സ്പെഷ്യൽ കലത്തപ്പം തയ്യാറാക്കിയാലോ ? റെസിപ്പി ഇതാ...

SOFT KALATHAPPAM WITH RICE FLOUR  EASY COOKER APPAM RECIPE  HOW TO MAKE KALATHAPPAM  MALABAR SPECIAL KALATHAPPAM RECIPE
Kalathappam (Shaan Geo)

By ETV Bharat Lifestyle Team

Published : Feb 12, 2025, 7:39 PM IST

ലബാർ സ്പെഷ്യൽ കലത്തപ്പം തയ്യാറാക്കിയാലോ ? കേക്കിന്‍റെ ആകൃതിയിലുള്ള ഒരു നടൻ പലഹാരമാണ് കലത്തപ്പം. കേരളത്തിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ ഉണ്ടാക്കുന്ന ഒരു ലഘുഭക്ഷണമാണിത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ കലത്തപ്പം തയ്യാറാക്കിയെടുക്കാം. ശർക്കരയും അരിയും തേങ്ങയുമാണ് ഇതിലെ പ്രധാന ചേരുവകൾ. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • തേങ്ങ ചിരണ്ടിയത് - ½ കപ്പ്
  • ചെറിയ ജീരകം - ½ ടീസ്‌പൂൺ
  • ഏലക്ക - 6 എണ്ണം
  • അരിപ്പൊടി- 2 കപ്പ്
  • വെള്ളം - 685 ml
  • ശർക്കര പൊടിച്ചത് - 1½ കപ്പ്
  • വെളിച്ചെണ്ണ - 1 ടേബിൾ സ്‌പൂൺ
  • നെയ്യ് - 1 ടേബിൾ സ്‌പൂൺ
  • തേങ്ങാക്കൊത്ത് - ¼ കപ്പ്
  • ചെറിയ ഉള്ളി - ½ കപ്പ്
  • ഉപ്പ് - ¼ ടീസ്‌പൂൺ
  • ബേക്കിംഗ് സോഡാ - ½ ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം
ആദ്യം കലത്തപ്പം ഉണ്ടാക്കാനുള്ള മാവ് തയ്യാറാക്കണം. അതിനായി ഒരു മിക്‌സി ജാറിലേക്ക് ചിരകിയ തേങ്ങയും ചെറിയ ജീരകവും ഏലക്കയും അരകപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അരിപൊടിയും ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് ഒരു സ്‌പൂൺ ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ശേഷം 30 സെക്കൻഡ് നേരം വീണ്ടും അരച്ചെടുക്കുക. ഈ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മധുരത്തിനായി ശർക്കരപാനി തയ്യാറാക്കാം. അതിനായി ശർക്കര പൊടിച്ച് ഒരു പത്രത്തിലേക്കിട്ട് മുക്കാൽ കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ച് വരുമ്പോൾ സ്‌റ്റൗ ഓഫ് ചെയ്യുക. ഇത് ചൂടോടെ തന്നെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് അരിച്ചൊഴിക്കുക. ഉടൻ തന്നെ ഒരു വിസ്‌ക് ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പ്രഷർ കുക്കർ ചൂടാക്കി വെളിച്ചെണ്ണയും നെയ്യും ചേർക്കുക. ഇത് ചൂടായി വരുമ്പോൾ തേങ്ങാ കൊത്ത്, ചെറുതായി അരിഞ്ഞ ചെറിയുള്ളി എന്നിവ ചേർത്ത് ഗോൾഡൻ കളറാകുന്നത് വരെ വഴറ്റുക. തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ഉപ്പും ബേക്കിങ് സോഡയും ചേർത്ത് ഇളക്കി യോജിപ്പിപ്പിച്ച് കുക്കറിലേക്ക് ഒഴിക്കുക. ഒരു മിനിറ്റ് നേരം തീ കൂട്ടിവയ്ക്കുക. ശേഷം വിസിൽ ഇല്ലാതെ കുക്കർ അടച്ച് വച്ച് വേവിക്കുക. തീ മീഡിയം ഫ്ലേമിൽ വയ്ക്കാൻ ശ്രദ്ധിക്കണം. കുക്കറിൽ നിന്ന് നന്നായി ആവി വരാൻ തുടങ്ങുമ്പോൾ സ്‌റ്റൗ ഓഫ് ചെയ്യുക. ഏകദേശം ഒരു 7 മിനിറ്റ് കഴിയുമ്പോൾ കുക്കർ തുറക്കുക. ചൂടറിക്കഴിഞ്ഞതിന് ശേഷം കലത്തപ്പം പുറത്തെടുക്കാം.

Also Read :
1.ചായയോടൊപ്പം കഴിക്കാൻ ഇതാ ഒരു അടിപൊളി നാടൻ പലഹാരം; റെസിപ്പി
2.ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ നേരമില്ലേ ? എങ്കിൽ ഇതാ ഒരു കിടിലൻ ഹെൽത്തി & സിംപിൾ റെസിപ്പി

ABOUT THE AUTHOR

...view details