ലോകത്ത് ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും പുകവലി കാരണം മരിക്കുന്നത്. ശ്വാസകോശ ക്യാൻസർ, ഹാർട്ട് അറ്റാക്ക് ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കാണ് പുകവലി കാരണമാകുന്നത്. ലോകത്തിലെ പുകവലിക്കാരിൽ 12 ശതമാനം പേരും ഇന്ത്യയ്ക്കാരാണെന്ന് ലോകാരോഗ്യ സംഘടനാ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. ചായകുടിക്കാൻ പോലും സിഗരറ്റ് നിർബന്ധമായ ഒരു കൂട്ടം ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ ഈ ശീലം എത്രത്തോളം അപകടമാണ് ഉണ്ടാക്കുന്നതെന്ന് പലർക്കും അറിയില്ല. ചായ കുടിക്കുന്നതോടൊപ്പം സിഗരറ്റ് വലിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് സമീപകാലത്ത് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.
ചൂടുള്ള ചായകുടിക്കുന്നത് ദഹനവ്യവസ്ഥയുടെ കോശങ്ങളെ നശിപ്പിക്കുന്നു. ചൂട് ചായയോടൊപ്പം സിഗരറ്റ് കൂടി വലിക്കുമ്പോൾ കോശങ്ങൾക്ക് കേടുപാട് സംഭവിക്കാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്ന് അന്നൽസ് ഓഫ് ഇൻ്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മാത്രമല്ല അന്നനാളത്തിലെ ക്യാൻസർ സാധ്യത 30 ശതമാനം വർധിക്കാനും ഇത് കാരണമാകുന്നു.
ചായയിൽ കാഫീൻ അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുന്ന ചില പ്രത്യേക തരം ആസിഡ് ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കും. എന്നാൽ അമിത അളവിൽ കഫീൻ ഉള്ളിലെത്തിയാൽ അത് ശരീരത്തിന് ദോഷം ചെയ്യും. സിഗരറ്റ്, ബീഡി എന്നിവയിൽ ഉയർന്ന അളവിൽ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ചായയോടൊപ്പം സിഗരറ്റ് കൂടി ചേരുമ്പോൾ തലകറക്കവും തലവേദനയും അനുഭവപ്പെട്ടേക്കാം.
പുകവലിക്കുന്ന ആളുകൾക്ക് ബ്രെയിൻ സ്ട്രോക്ക്, ഹാർട്ട് സ്ട്രോക്ക് തുടങ്ങിയ ജീവൻ വരെ നഷ്‌ടമായേക്കാവുന്ന അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാധാരണക്കാരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ ഹൃദയാഘാത സാധ്യത 7 ശതമാനം കൂടുതലാണെന്ന് നേരത്തെ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ചുണ്ടിൽ നിന്ന് സിഗരറ്റ് (ചെയിൻസ്മോക്കർ) എടുക്കാത്ത ഒരാളാണ് നിങ്ങളെങ്കിൽ ആയുസ് 17 വർഷം കുറയുമെന്നും പഠനം പറയുന്നു.
ചായയോടൊപ്പം സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ
- ഹൃദയാഘാത സാധ്യത
- അലിമെൻ്ററി കനാൽ കാൻസർ
- തൊണ്ടയിലെ കാൻസർ
- ബലഹീനതയും വന്ധ്യതയും
- മെമ്മറി നഷ്‌ടപ്പെടാനുള്ള സാധ്യത
- മസ്‌തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത
- ആയുഷ് ദൈർഘ്യം കുറയും
- ശ്വാസകോശ അർബുദം