കേരളം

kerala

ETV Bharat / lifestyle

ക്രിസ്‌തുമസ് സ്‌പെഷ്യൽ പ്ലം കേക്ക്; ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ... - PLUM CAKE RECIPE

ഈ ക്രിസ്‌തുമസിന് രുചിയൂറും സ്‌പെഷ്യൽ പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ... റെസിപ്പി ഇതാ

PLUM CAKE RECIPE STEP BY STEP  HOW TO MAKE CHRISTMAS PLUM CAKE  EASY AND DELICIOUS PLUM CAKE RECIPE  ക്രിസ്‌തുമസ് സ്‌പെഷ്യൽ പ്ലം കേക്ക്
Plum cake (ETV Bharat)

By ETV Bharat Lifestyle Team

Published : Dec 10, 2024, 5:41 PM IST

ക്രിസ്‌തുമസ് അടുത്തെത്തി കഴിഞ്ഞു. ക്രിസ്‌തുമസ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒന്നാണ് പ്ലം കേക്ക്. ഇത്തവണ പുറത്തു നിന്ന് വാങ്ങുന്നതിന് പകരം അതേ രുചിയിൽ നല്ല ഒന്നാന്തരം പ്ലം കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.

ആവശ്യമായ ചേരുവകൾ

ഡ്രൈ ഫ്രൂട്ട്സ്

  • അത്തിപ്പഴം
  • സ്ട്രോബെറി
  • ഉണക്കമുന്തിരി
  • റെഡ് ഉണക്കമുന്തിരി
  • ചെറി
  • കിവി
  • ഈന്തപ്പഴ
  • ക്രാൻബെറി
  • റ്റ്യൂട്ടി ഫ്രൂട്ടി
  • ഡ്രൈഡ് സ്വീറ്റ് ജിഞ്ചർ
  • റം - ആവശ്യത്തിന് (കുതിർക്കാൻ)

(ഒരു കിലോ കേക്ക് തയ്യാറാക്കാൻ 200 ഗ്രാം മിക്‌സഡ് ഡ്രൈ ഫ്രൂട്ട്സ് ആവശ്യമാണ്)

കാരമൽ സിറപ്പിന്

  • പഞ്ചസാര - 1/2 കപ്പ്
  • വെള്ളം - 1 ടേബിൾ സ്‌പൂൺ
  • ചൂടുവെള്ളം - 1/2 കപ്പ്

ഡ്രൈ ഇൻഗ്രേഡിയൻസ്

  • മൈദാ - 200 ഗ്രാം
  • ബേക്കിങ് പൗഡർ - 1 1/2 ടീസ്‌പൂൺ
  • ഉപ്പ് - 1/4 ടീസ്‌പൂൺ

മറ്റ് ചേരുവകൾ

  • ജാതിപത്രി - 3
  • കറുവപ്പട്ട - 3 ഇഞ്ച് നീളം
  • ചുക്ക് - 3 ഇഞ്ച് നീളം
  • മൈദാ - 200 ഗ്രാം
  • ബേക്കിങ് പൗഡർ - 1 1/2 ടീസ്‌പൂൺ
  • ബ്രൗൺ ഷുഗർ - 125 ഗ്രാം (നന്നായി പൊടിച്ചത്)
  • ബട്ടർ - 200 ഗ്രാം (ഉപ്പില്ലാത്തത്)
  • മുട്ട - 4 എണ്ണം
  • നാരങ്ങാ നീര് - 1 ടീസ്‌പൂൺ
  • വാനില എസൻസ് - 1/2 ടീസ്‌പൂൺ

ഡ്രൈ ഫ്രൂട്ട്സ് തയ്യാറാക്കുന്ന വിധം

ഡ്രൈ ഫ്രൂട്ട്സ് എല്ലാം ചെറുതായി കട്ട് ചെയ്‌ത് ഒരു ചില്ലു ഭരണിയിൽ ഇടുക. ഇതിലേക്ക് റം ഒഴിച്ച് അടച്ചതിന് ശേഷം നന്നായി കുലുക്കി യോജിപ്പിക്കുക. കുറഞ്ഞത് ഒരാഴ്‌ചയെങ്കിലും ഇത് കുതിർക്കാനായി വയ്ക്കുക. രണ്ട് ദിവസം കൂടുമ്പോൾ ഇടയ്ക്കിടയ്ക്ക് ഭരണി കുലുക്കി കൊടുക്കുക. എല്ലാ ഫ്രൂട്ട്സിലും റം നല്ലപോലെ യോജിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

കേക്ക് തയ്യാറാക്കുന്ന വിധം

കേക്ക് തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അരകപ്പ് പഞ്ചസാരയും ഒരു ടേബിൾ സ്‌പൂൺ വെള്ളവും ചേർത്ത് കാരമലൈസ് ചെയ്തെടുക്കുക. ഇതിലേക്ക് ഒരു പത്ത് സെക്കന്‍റ് ഇടവിട്ട് ചൂടുവെള്ളം രണ്ടു തവണയായി ഒഴിക്കുക. ഒരു മിനിറ്റ് നേരം കൂടി തിളപ്പിച്ചതിന് ശേഷം അടുപ്പിൽ നിന്ന് മാറ്റി തണുക്കാനായി വയ്ക്കാം. ജാതിപത്രി, കറുവപ്പട്ട, ചുക്ക് എന്നിവ ഒരു മിക്‌സി ജാറിലേക്കിട്ട് നന്നായി പൊടിച്ചെടുക്കുക. നേരത്തെ റമ്മിൽ ഇട്ടുവച്ച ഡ്രൈ ഫ്രൂട്ട്സ് ഒരു ബൗളിലേക്കിടുക. ഇതിലേക്ക് രണ്ടായി കട്ട് ചെയ്‌ത അണ്ടിപരിപ്പും രണ്ട് ടേബിൾ സ്‌പൂൺ മൈദയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ഒരു പാത്രത്തിൽ ഒന്നര കപ്പ് മൈദയും ബേക്കിങ് പൗഡറും ചേർത്ത് വിസ്‌ക് ഉപയോഗിച്ച് മിക്‌സ് ചെയ്‌ത് മാറ്റിവെയ്ക്കുക. ശേഷം മറ്റൊരു ബൗളിൽ 200 ഗ്രാം ഉപ്പില്ലാത്ത ബട്ടർ ഇട്ട് ബീറ്റർ ഉപയോഗിച്ച് ലോ സ്‌പീഡിൽ ഒരു മിനുട്ട് നേരം ബീറ്റ് ചെയ്യുക. ഇതിലേക്ക് ബ്രൗൺ ഷുഗർ ചേർത്ത് രണ്ട് മിനുട്ട് നേരം വീണ്ടും ബീറ്റ് ചെയ്യുക. 4 മുട്ട ഒരു മിനിറ്റ് ഇടവിട്ട് ഓരോന്നായി ബീറ്റ് ചെയ്തെടുക്കുക. ശേഷം നാരങ്ങാ നീര്, വാനില എസൻസ്, ഉപ്പ്, രണ്ട് ടീസ്‌പൂൺ ചുക്ക്, ജാതിപത്രി, കറുപ്പട്ട എന്നിവയുടെ മിക്‌സ്, പഞ്ചസാര ലായനി എന്നിവ ചേർത്ത് രണ്ട് മിനുട്ട് ബീറ്റ് ചെയ്യുക. ഇതിലേക്ക് നേരത്തെ മാറ്റി വച്ചിരിക്കുന്ന മൈദാ കൂടി ചേർത്ത് വിസ്‌ക് ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് പതിയെ മിക്‌സ് ചെയ്യുക.

ബേക്കിങ് പാനിൽ ബട്ടർ പുരട്ടി ബട്ടർ പേർ വച്ച ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിക്‌സ് ഒഴിക്കുക. ഇത് ലെവൽ ചെയ്‌ത് കൊടുക്കാം. ആവശ്യമെങ്കിൽ മുകളിൽ അൽപ്പം ഡ്രൈ ഫ്രൂട്ട്സ് വിതറാം. എയർ കുടുങ്ങാതിരിക്കാൻ രണ്ടുമൂന്ന് തവണ ടാപ്പ് ചെയ്യുക. ശേഷം ഓവനിലോ അല്ലാതായോ ബേക്ക് ചെയ്തെടുക്കാം. 45 മിനിറ്റ് നേരം കുറഞ്ഞ ചൂടിൽ ബേക്ക് ചെയ്‌തതിന് ശേഷം ഒരു ടൂത്ത്പിക് ഉപയോഗിച്ച് വേവ് നോക്കുക. ടൂത്ത്പിക്കിൽ മാവ് ഒട്ടിപിടിക്കുന്നുണ്ടെങ്കിൽ കുറഞ്ഞ ചൂടിൽ വീണ്ടും ഒരു 10 മിനുട്ട് ബേക്ക് ചെയ്തെടുക്കുക. ബേക്കായ കേക്ക് രണ്ടര മണിക്കൂറിൽ കൂടുതൽ തണുക്കാനായി വയ്ക്കുക. ശേഷം ഇതിന്‍റെ മുകളിൽ അൽപം റം തടവി വായു കടക്കാത്ത രീതിയിൽ പൊതിഞ്ഞു വയ്ക്കുക. രണ്ട് ദിവസത്തിന് ശേഷം മുറിച്ചെടുത്ത് കഴിക്കാം.

Also Read : ക്രിസ്‌തുമസിന് പൊട്ടിക്കാം അസ്സൽ മുന്തിരി വൈൻ; റെസിപ്പി

ABOUT THE AUTHOR

...view details