കേരളം

kerala

ETV Bharat / lifestyle

മുടി കട്ടിയുള്ളതായും ആരോഗ്യത്തോടെയും നിലനിർത്താം; കറിവേപ്പില ഈ രീതിയിൽ ഉപയോഗിക്കൂ - BENEFITS OF CURRY LEAVES FOR HAIR

പോഷക ഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് കറിവേപ്പില. മുടിയുടെ ആരോഗ്യം നിലനിർത്താൻ കറിവേപ്പില ഉപയോഗിക്കേണ്ട 6 വഴികൾ ഇതാ...

HOW TO USE CURRY LEAVES FOR HAIR  CURRY LEAVES FOR HAIR GROWTH  CURRY LEAVES FOR SHINY HAIR RECIPE  CURRY LEAF REMEDIES FOR HAIR LOSS
Representative Image (Freepik)

By ETV Bharat Lifestyle Team

Published : Feb 12, 2025, 3:51 PM IST

നൂറ്റാണ്ടുകളായി ഇന്ത്യൻ പാചകരീതിയുടെ ഭാഗമാണ് കറിവേപ്പില. ഭക്ഷണങ്ങളുടെ രുചി വർധിപ്പിക്കാൻ സഹായിക്കുമെന്നതിന് പുറമെ നിരവധി പോഷക ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുമെന്ന് മാത്രമല്ല കരുത്തുറ്റ മുടി നിലനിർത്താനും കറിവേപ്പില ഗുണം ചെയ്യും. വിറ്റാമിൻ എ, ബി, സി, ഇ, ഇരുമ്പ്, കാത്സ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് കറിവേപ്പില. അതുകൊണ്ട് തന്നെ കേശ സംബന്ധമായ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും. മുടിയ്ക്ക് കറിവേപ്പില നൽകുന്ന ഗുണങ്ങളും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം.
കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിന് ശേഷം വെളിഎണ്ണയോ എള്ളെണ്ണയോ ഒഴിക്കുക. ഇത് ചൂടായി വരുമ്പോൾ ഫ്രഷ് കറിവേപ്പില ഇതിലേക്ക് ചേർത്ത് ഇരുണ്ട നിറമാകുന്നതു വരെ വേവിക്കുക. ശേഷം തണുപ്പിക്കാനായി മാറ്റി വയ്ക്കുക. നന്നായി തണുത്ത് കഴിഞ്ഞാൽ ഒരു ചില്ലു കുപ്പിയിൽ സൂക്ഷിക്കുക. ഓരോ തവണ കുളിയ്ക്കാൻ പോകുന്നതിന് മുമ്പ് ഈ എണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. 30 മുതൽ 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കും. രോമകൂപങ്ങൾ പുനരുജ്ജീവിപ്പിക്കാനും മുടിയുടെ കനം, സാന്ദ്രത എന്നിവ വർധിപ്പിക്കാനും കറിവേപ്പില ഈ രീതിയിൽ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
കറിവേപ്പിലയും തൈരും
ഒരു പിടി ഫ്രഷ് കറിവേപ്പിലയും അര കപ്പ് തൈരും ചേർത്ത് നന്നായി മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 30 മുതൽ 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടിയിൽ ഈർപ്പം നിലനിർത്താനും മുടിയെ ശക്തിപ്പെടുത്താനും തിളക്കം നൽകാനും ഈ മാസ്‌ക് ഗുണം ചെയ്യും.
കറിവേപ്പിലയും ഉലുവയും
ഒരു രാത്രി മുഴുവൻ കുതിർത്ത് വച്ച ഉലുവയും ഫ്രഷ് കറിവേപ്പിലയും (തുല്യ അളവിൽ) ഒരു മിക്‌സി ജാറിലേക്കിട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയുക. മുടികൊഴിച്ചിൽ, തലയോട്ടിയിലെ അണുബാധ എന്നിവ തടയാൻ ഇത് സഹായിക്കും. കൂടാതെ മുടി പൊട്ടിപോകുന്നത് ഇല്ലാതാക്കാനും മുടിയെ ശക്തിപ്പെടുത്താനും ഈ മിശ്രിതം ഉപകരിക്കും.
കറിവേപ്പിലയും നാരങ്ങാനീരും
കറിവേപ്പില നന്നായി പൊടിച്ചതിന് ശേഷം നാരങ്ങാ നീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. 20 മുതൽ 30 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. മുടിയെ പോഷിപ്പിക്കാനും അധികം എണ്ണ നീക്കം ചെയ്യാനും ഇത് സഹായിക്കും.
കറിവേപ്പിലയും തേങ്ങാപ്പാലും
ഒരു കപ്പ് തേങ്ങാ പാലിൽ ഒരു പിടി കറിവേപ്പിലയിട്ട് തിളപ്പിക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റിവയ്ക്കാം. തലമുടി ഷാംപൂ വാഷ് ചെയ്‌തതിന് ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. കറിവേപ്പിലയിലെ ആന്‍റി ഫംഗൽ ഗുണങ്ങളും തേങ്ങാപാലിലെ മോയ്‌സ്‌ചറൈസിംഗ് ഗുണങ്ങളും തലയോട്ടിയിലെ തരാൻ അകറ്റാൻ സഹായിക്കും.
കറിവേപ്പിലയും കറ്റാർവാഴയും
കറിവേപ്പിലയും കറ്റാർവാഴ ജെല്ലും പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ പുരട്ടുക. 30 മിനിട്ടിന് ശേഷം കഴുകി കളയുക. മുടിയുടെ ഘടന മെച്ചപ്പെടുത്താനും മുടി മൃദുവും തിളക്കമുള്ളതുമാക്കാനും ഇത് സഹായിക്കും.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :നരച്ച മുടി കറുപ്പിക്കാൻ ഇനി എന്തെളുപ്പം; പ്രകൃതിദത്ത മാർഗങ്ങൾ ഇതാ

ABOUT THE AUTHOR

...view details