കേരളം

kerala

ETV Bharat / lifestyle

ഈ ശീലം നിങ്ങളെ കൊല്ലും; പുകവലി ഉപേക്ഷിക്കാൻ ഇതാ ചില വഴികൾ - HOW TO QUIT SMOKING

പുകവലി ക്യാൻസർ മുതൽ ഹൃദ്രോഗം വരെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകും. ചെറിയ അളവിലുള്ള പുകവലി പോലും ശരീരത്തിന്‍റെ ആരോഗ്യം നശിപ്പിക്കും.

HOW TO QUIT SMOKING  TOBACCO CAUSES MANY DISEASES  BAD EFFECTS OF SMOKING  EFFECTS OF SMOKING ON THE BODY
Representative Image (ETV Bharat)

By ETV Bharat Lifestyle Team

Published : Oct 21, 2024, 1:25 PM IST

പുകയിലയുടെ ഉപയോഗം സമൂഹത്തിൽ സൃഷ്‌ടിക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. ലോകത്തുടനീളം പ്രതിവർഷം 80 ലക്ഷം പേരാണ് പുകയിലയുടെ ഉപയോഗം കാരണം മരിക്കുന്നത്. ഇന്ത്യയിൽ 13 ലക്ഷം പേരും. ഒരാളെ ശാരീരികമായും സാമ്പത്തികമായും സാമൂഹികമായും തളർത്താൻ പുകയിലയ്ക്ക് സാധിയ്ക്കും. കുറഞ്ഞ അളവിൽ പോലും പുകവലിയ്ക്കുന്നത് ശരീരത്തിന് ദോഷകരണമാണ്. പുകവലിക്കുന്നതിന് പുറമെ മറ്റ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകും. എന്നാൽ പുകവലി ആരോഗ്യത്തിന് ഹാനീകരമെന്ന് അറിഞ്ഞിട്ടും പുകവലിക്കുന്നവരുടെ എണ്ണം അനുദിനം ഗണ്യമായി വർധിച്ചു വരുന്നത് ആശങ്ക ഉളവാക്കുന്നു.

ആരോഗ്യ പ്രശ്‌നങ്ങൾ

പുകവലിയ്ക്കുന്ന ആളുകളിൽ ഏറ്റവും പൊതുവായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ചുമ. ക്യാൻസർ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ പല അസുഖങ്ങളും ഹൃദ്രോഗത്തിനും പുകവലി കാരണമാകും. ചർമ്മത്തിലെ ചുളിവ്, പല്ലിലെ നിറവ്യത്യാസം, വായിലെ ക്യാൻസർ തുടങ്ങിയവയും ഇതുമൂലം ഉണ്ടാക്കുന്നു. ശ്വാസകോശ അണുബാധ, ആസ്‌തമ, ചെവിയിൽ പഴുപ്പ്, ക്ഷയരോഗം, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക് തുടങ്ങിയ അസുഖങ്ങൾക്കും പുകവലി ഇടയാക്കും. ചില സന്ദർഭങ്ങളിൽ ടൈപ്പ് 2 പ്രമേഹത്തിനും (T2D) പുകവലി കാരണമാകും.

പുകവലി എങ്ങനെ ഉപേക്ഷിക്കാം

പുകവലി എപ്പോ വേണമെങ്കിലും നിർത്താം എന്ന ആത്മവിശ്വാസത്തോടെ ആയിരിക്കും ഏതൊരാളും പുകയില ഉപയോഗിക്കാൻ ആരംഭിക്കുന്നത്. എന്നാൽ ഈ ശീലം നിർത്താൻ ശ്രമിക്കുമ്പോഴായിരിക്കും പുകവലിയ്ക്ക് അടിമയായ കാര്യം പലരും തിരിച്ചറിയുന്നത്. പതിവായി പുകവലിക്കുന്ന ഒരാളെ സംബന്ധിച്ച് അത്ര എളുപ്പം നിർത്താൻ പറ്റുന്ന ഒന്നല്ല പുകവലി. അതിന് സഹായിക്കുന്ന എളുപ്പവഴികളും ഇല്ല. എന്നാൽ പുകവലി നിർത്താൻ ആഗ്രഹിക്കുന്ന ഒരാൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ദുസ്സീലം ഉപേക്ഷിക്കാൻ സാധിക്കും. അവ എന്തൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

  • പുകവലിയ്ക്ക് പ്രചോദനം നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. പുകവലിക്കാൻ പ്രേരിപ്പിക്കുന്ന സൗഹൃദങ്ങൾ, പതിവായി പുകവലിക്കുന്ന ഇടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
  • പുകവലിയ്ക്കാൻ തോന്നുമ്പോൾ പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വായിലിട്ട് ചവയ്ക്കുക. ഇത് പുകയില നിയന്ത്രിക്കാൻ സഹായിക്കും.
  • നിക്കോട്ടിൻ റീപ്ലേസ്‌മെന്‍റ് തെറാപ്പികൾ പുകവലി നിർത്താൻ സഹായിക്കും.
  • പുകവലിക്കണമെന്ന് തോന്നൽ വരുമ്പോൾ ബോധപൂർവ്വം കാലതാമസം വരുത്തുക. അതായത് പുകവലിയ്ക്കണമെന്ന തോന്നൽ ഉണ്ടാകുമ്പോൾ ഒരു 15 മിനുട്ട് കഴിഞ്ഞാകാം എന്ന് തീരുമാനിയ്ക്കുക.
  • നിർത്തണം, എന്നാൽ തൽക്കാലം ഒരു തവണ കൂടി വലിയ്ക്കാമെന്ന് ചിന്ത ഒഴിവാക്കുക.
  • മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിയ്ക്കുക. ഇതിനായി യോഗ, ധ്യാനം എന്നിവ പിന്തുടരുക.
  • വ്യായാമം പതിവാക്കുക. ഇത് പുകവലി ഉപേക്ഷിക്കാനും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും സഹായിക്കും.
  • ആവശ്യമെങ്കിൽ ആരോഗ്യ വിദഗ്‌ധന്‍റെ സഹായം തേടുക.

ശ്രദ്ധിക്കുക:പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ ശരീരത്തില്‍ നിന്നും നിക്കോട്ടിന്‍ പിന്‍വാങ്ങുന്നതു മൂലം ദേഷ്യം, ഉത്കണ്‌ഠ, തലവേദന, ഉറക്കമില്ലായ്‌മ, ചുമ, ക്ഷീണം, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടേക്കാം. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ താല്‍ക്കാലികം മാത്രമാണ്.

Also Read: ചായ കുടിയോടൊപ്പം പുകവലിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

ABOUT THE AUTHOR

...view details