ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ പണ്ട് കാലം മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് നെയ്യ്. വിറ്റാമിൻ എ, ഇ, കെ എന്നിവയാൽ സമ്പുഷ്‌ടമായ നെയ്യിൽ ചർമ്മത്തിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. ചർമ്മം വരണ്ടു പോകുന്നത് തടയാൻ ഒരു പ്രകൃതിദത്ത മോയ്‌സ്‌ചറൈസറായി നെയ്യ് പ്രവർത്തിക്കും. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും മൃദുവാക്കുകയും വരണ്ട പാടുകൾ ഇല്ലാതാക്കുകയും ചെയ്യും.
നെയ്യിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ചർമ്മത്തിന്‍റെ ഇലാസ്‌തികത മെച്ചപ്പെടുത്താനും പാരിസ്ഥിതിക നാശത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഇത് ചർമ്മത്തെ യുവത്വമുള്ളതായി നിലനിർത്താനും ഗുണം ചെയ്യും. കൂടാതെ ഇവയിലെ വിറ്റാമിനുകളും പോഷകങ്ങളും ചർമ്മത്തിന് തിളക്കം നൽകുകയും ചർമ്മത്തിലെ നേർത്ത വരകൾ, വീക്കം, കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ എന്നിവ കുറയ്ക്കാനും സഹായിക്കും. ഒരു പ്രകൃതിദത്ത ലിപ് ബാമായും നെയ്യ് ഉപയോഗിക്കാം വരണ്ടതോ തണുത്തതോ ആയ കാലാവസ്ഥയിൽ ചുണ്ടുകൾ വിണ്ടു കീറുന്നത് തടഞ്ഞ് മൃദുലമായി നിലനിർത്താനും ഇത് ബെസ്‌റ്റാണ്.
സൂര്യതാപം മൂലമുണ്ടാകുന്ന പൊള്ളൽ സുഖപ്പെടുത്താനും ചുവപ്പ് നിറം, മറ്റ് അസ്വസ്ത്ഥതകൾ എന്നിവ കുറയ്ക്കാനും നെയ്യ് ഉപകരിക്കും. ചർമ്മത്തിന്‍റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മത്തിലെ സ്വാഭാവിക എണ്ണ നിലനിർത്താനും നെയ്യ് ഫലപ്രദമാണ്. കൂടുതൽ ഫലം ലഭിക്കാൻ കറ്റാർവാഴ ജെല്ലിനോടൊപ്പം നെയ്യ് ഉപയോഗിക്കുക. കൈകാലുകളുടെ പരിചരണത്തിനും നെയ്യ്ത മികച്ചതാണ്. പരുക്കനും വരണ്ടതുമായ കൈകാലുകൾ മൃദുവാക്കാൻ നെയ്യിന്‍റെ ഉപയോഗം ഗുണം ചെയ്യും. രാത്രി കിടക്കുന്നതിനു മുമ്പ് നെയ്യ് കാലിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് കാലിലെ വിണ്ടുകീറൽ സുഖപ്പെടുത്താൻ സഹായിക്കും.