ലണ്ടൺ:ലിവർപൂളിന് സമീപമുള്ള തുറമുഖ പട്ടണമായ സൗത്ത് പോർട്ടിൽ യുവാവായ അക്രമിയുടെ കുത്തേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ കുട്ടികൾക്കായി നടത്തുന്ന ഡാൻസ് - യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി 11 കുട്ടികളെയാണ് കുത്തിവീഴ്ത്തിയത്. സംഭവത്തിൽ കൊലപാതകവും കൊലപാതകശ്രമവും ആരോപിച്ച് 17 വയസുള്ള യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പ്രതിയുടെ കൈയിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. പ്രാദേശിക സമയം ജൂലൈ 29 രാവിലെ 11:47 നാണ് സംഭവം നടന്നത്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ ആറ് കുട്ടികളുടെ നില ഗുരുതരമാണെന്നും, രണ്ട് മുതിർന്നവർക്കും സംഭവത്തിൽ പരുക്കുണ്ടെന്നും മേർസിസൈഡ് പൊലീസ് ചീഫ് കോൺസ്‌റ്റബിൾ സെറീന കെന്നഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാകാം മുതിർന്നവർക്കും പരിക്കേറ്റതെന്നാണ് നിഗമനം. ആറുവയസ് മുതൽ പത്തുവയസുവരെ പ്രായമുള്ള കുട്ടികൾക്കായുള്ള ഡാൻസ് - യോഗാ ക്ലാസാണ് ഇവിടെ നടന്നിരുന്നത്.
സംഭവത്തിൽ ചാൾസ് മൂന്നാമൻ രാജാവും വില്യം രാജകുമാരനും പ്രധാനമന്ത്രി സർ കെയ്ർ സ്‌റ്റാമർ ഉൾപ്പെടെയുള്ള നേതാക്കളും നടുക്കവും ദുഃഖവും രേഖപ്പെടുത്തി. പരിക്കേറ്റ കുട്ടികൾ ലിവർപൂളിലെ അൾഡർ ഹെ ചിൽഡ്രൻസ് ഹോസ്‌പിറ്റൽ, എയ്ൻട്രീ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ, സൗത്ത്പോർട്ട് ആൻഡ് ഫോംബൈ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയിലാണ്. അക്രമിയെ തിരിച്ചറിഞ്ഞതായും ആക്രമണത്തിന് ഉപയോഗിച്ച ആയുധമുൾപ്പെടെ കസ്‌റ്റഡിയിൽ എടുത്തതായും സെറീന കെന്നഡി സൂചിപ്പിച്ചു.