കേരളം

kerala

ETV Bharat / international

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കാനൊരുങ്ങി ലോകം; പള്ളികളില്‍ പാതിരാകുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും - WORLD IS GEARING UP FOR CHRISTMAS

തിരുപ്പിറവിക്കായി കാത്ത് ലോകം. എങ്ങും ആഘോഷനിറവ്.

BIRTH OF THE JESUS  MIDNIGHT MASSES IN CHURCHES  Christmas Celebration  പാതിരാകുര്‍ബാന
Graphics Thumbnail (ETV Bharat)

By ETV Bharat Kerala Team

Published : 24 hours ago

ലോകം തിരുപ്പിറവി ഓര്‍മ്മകളില്‍. വിണ്ണില്‍ നിന്ന് മണ്ണിലിറങ്ങിയ ദൈവപുത്രനെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു. പള്ളികള്‍ പാതിരാകുര്‍ബാനയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. മണിക്കൂറുകള്‍ മാത്രമാണ് ഇനി തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് അവശേഷിക്കുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ കാല്‍ നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന കവാടം പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് തുറക്കും.

പുല്‍ക്കൂടുകളും ക്രിസ്‌മസ് ട്രീകളും ഒരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും വീടുകള്‍ അലങ്കരിച്ച് കഴിഞ്ഞു. സമ്മാനങ്ങള്‍ കൈമാറിയും കുടുംബങ്ങളില്‍ ഒത്തുകൂടിയും ആഘോഷങ്ങള്‍ കൊഴുപ്പിക്കുകയാണ് വിശ്വാസികള്‍. ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ കരോള്‍ സംഘങ്ങളും രംഗത്തുണ്ട്. രുചിയൂറും കേക്കുകളും മറ്റ് വിഭവങ്ങളുമൊരുക്കിയാണ് ആഘോഷങ്ങള്‍ക്ക് വിശ്വാസികള്‍ മാറ്റു കൂട്ടുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മഞ്ഞുപെയ്യുന്ന ഡിസംബർ ആരംഭിക്കുമ്പോൾ തന്നെ ആളുകൾ പുൽക്കൂടൊരുക്കും. നക്ഷത്രങ്ങൾ തെളിയിക്കും. ക്രിസ്‌മസ് ഗീതങ്ങൾ ആലപിച്ച് ഉണ്ണീശോയുടെ രൂപവുമായി വീടുകൾ കയറിയിറങ്ങും. ദീപാലംകൃതമായ പള്ളികളിലെ ക്രിസ്‌മസ് പാതിരാക്കുർബാന വിശ്വാസികൾക്ക് ഒത്തുചേരലിന്‍റെ കൂടെ ആഘോഷമാണ്.

കാലങ്ങളായി റോമൻ കത്തോലിക്കാ വിശ്വാസികൾ പിന്തുടരുന്നതാണ് ക്രിസ്‌മസ് പാതിരാക്കുർബാന. എന്നാൽ അർധരാത്രിക്ക് പകരം കുർബാന രാത്രി പത്ത് മണിക്ക് ആരംഭിക്കാൻ മാർപ്പാപ്പ അനുവാദം നൽകിയിട്ടുണ്ട്. എന്നിരുന്നാലും പലയിടത്തും ആഘോഷങ്ങൾ നേരം പുലരുവോളം നീണ്ടുനിൽക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ളവർ ഭാഷയുടെയോ മതത്തിന്‍റെയോ വേർതിരിവില്ലാതെ ക്രിസ്‌മസ് ആഘോഷങ്ങളിൽ പങ്കുചേരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന് ക്രിസ്‌മസ് ആകുന്നതും അതുകൊണ്ടുതന്നെയാണ്.

കാലിത്തൊഴുത്തിൽ പിറന്ന യേശുദേവന്‍റെ ജനനത്തെ അനുസ്‌മരിപ്പിക്കുന്ന പുനരാവിഷ്‌കരണമാണ് ഓരോ പുൽക്കൂടും. വൈക്കോൽ കൊണ്ടാണ് പുൽക്കൂട് തയ്യാറാക്കുക. കാലികൾക്കിടയിൽ ഒരു തൊഴുത്തിൽ പിറന്ന ഉണ്ണീശോയും മറിയത്തിന്‍റെയും ജോസഫിന്‍റെയും ഒപ്പം ആട്ടിടയന്മാരും മൂന്ന് രാജാക്കന്മാരും എല്ലാം കൃത്യമായി പുൽക്കൂടിൽ ഉണ്ടാകും. ഇന്ന് റെഡിമെയ്‌ഡ് പുൽക്കൂടൊക്കെ വാങ്ങാൻ കിട്ടുമെങ്കിലും വൈക്കോൽ മെനഞ്ഞ് തയ്യാറാക്കുന്ന പുൽക്കൂടുകളുടെ ഭംഗി എല്ലാക്കാലവും ഒന്ന് വേറെ തന്നെയാണ്.

നക്ഷത്രം ഇല്ലെങ്കിൽ ക്രിസ്‌മസ് ആഘോഷങ്ങൾ ഒരിക്കലും പൂർണ്ണമാകില്ല. മൂന്ന് രാജാക്കന്മാർക്ക് ഉണ്ണിയേശുവിലേക്കുള്ള വഴികാട്ടിയായാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. അന്ന് ബദ്‌ലഹേമിൽ തെളിഞ്ഞ നക്ഷത്രത്തിന്‍റെ പ്രതീകമായായാണ് ക്രിസ്‌മസ് കാലത്ത് നാം ഈ ഓർമ്മപുതുക്കി നാം നക്ഷത്രം തെളിയിക്കുന്നത്.

നക്ഷത്രങ്ങൾക്ക് പുറമെ, ക്രിസ്‌മസ് ട്രീ, പല നിറങ്ങളിലുള്ള ലൈറ്റുകൾ, തുടങ്ങിയവയെല്ലാം ക്രിസ്‌മസിനോടനുബന്ധിച്ച് തയ്യാറാക്കുന്നതിൽ ആരും മുടക്കം വരുത്താറില്ല. ചുവന്ന കുപ്പായവും നീണ്ട തൂങ്ങി കിടക്കുന്ന ചുവന്ന തൊപ്പിയും ധരിച്ച് നരച്ച താടിയും കുടവയറുമായി എത്തുന്ന ക്രിസ്‌മസ് ഫാദർ അഥവാ സാന്താക്ളോസ്, ബൈബിളിലെങ്ങും പരാമർശിച്ചിട്ടില്ലെങ്കിൽ പോലും കുട്ടികളടക്കം ഏവർക്കും എല്ലാ ക്രിസ്‌മസ് കാലത്തും പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ടവർക്ക്ക്രിസ്‌മസ് ആശംസകൾ അറിയിക്കാനായി പലതരം കാർഡുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ക്രിസ്‌മസ് ആഘോഷങ്ങൾ ഗംഭീരമാക്കാൻ ഭക്ഷണങ്ങൾക്കുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. ക്രിസ്‌മസ് രുചിക്കൂട്ടുകൾ പലതുണ്ട്. ക്രിസ്‌മസിന് കേക്കും വൈനും നിർബന്ധം. പ്ലം കേക്ക് മുതൽ പലതരം കേക്കുകൾ ക്രിസ്‌മസിന് തയ്യാറാക്കാറുണ്ട്. ക്രിസ്‌മസ് കാലമായാൽ വിപണി പല രുചികളിലുള്ള കേക്കുകൾ കൊണ്ട് സമൃദ്ധമാണ്. കേക്ക് കഴിഞ്ഞാൽ, നോൺ വെജ് വിഭവങ്ങളോടാണ് കൂടുകാലാളുകൾക്കും പ്രിയം. കേരളത്തിലാണെങ്കിൽ ബ്രേക്ക്ഫാസ്‌റ്റിന് നല്ല ചൂടൻ വെള്ളയപ്പവും ചിക്കൻ അല്ലെങ്കിൽ മട്ടൺ സ്‌റ്റൂ ആണ് പല കുടുംബങ്ങളിലെയും പ്രത്യേക വിഭവം. കപ്പയും മീൻകറിയും, ബീഫ് കറിയും പന്നിയിറച്ചിയുമെല്ലാം ഒഴിവാക്കാനാകാത്ത വിഭവങ്ങളാണ്.

എങ്ങും ആഘോഷങ്ങൾ നിറയുമ്പോൾ നമ്മിൽ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയുമൊക്കെ നക്ഷത്ര വെളിച്ചം നിറച്ചാണ് ഓരോ ക്രിസ്‌മസും കടന്നുപോകുന്നത്. ഏവർക്കും ക്രിസ്‌മസ് ആശംസകൾ!

Also Read:ക്രിസ്‌മസിന് 'ഇടിത്തീ'യായി ഇറച്ചി വില; കേട്ടാൽ കണ്ണ് തള്ളും, വിപണിയിലെ നിരക്കുകളറിയാം

ABOUT THE AUTHOR

...view details